Advertisement
Football
15 വർഷത്തിന് ശേഷം ഇതാദ്യം; ആഫ്രിക്കൻ കപ്പിൽ ചരിത്രനേട്ടവുമായി 34കാരൻ
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jan 19, 09:46 am
Friday, 19th January 2024, 3:16 pm

ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ ഇക്വാറ്റോറിയല്‍ ഗിനിയക്ക് തകര്‍പ്പന്‍ ജയം. ഗ്രൂപ്പ് ഡി യില്‍ നടന്ന മത്സരത്തില്‍ ഗിനിയ ബിസാവുവിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ഇക്വാറ്റോറിയല്‍ പരാജയപ്പെടുത്തിയത്.

ഇക്വാറ്റോറിയലിനായി എമിലിയാനോ എന്‍സു ഹാട്രിക് നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരുപിടി ചരിത്രനേട്ടങ്ങളാണ് എമിലിയാനോ എന്‍സു സ്വന്തമാക്കിയത്.

ആഫ്രിക്കന്‍ നേഷന്‍ കപ്പില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന ചരിത്ര നേട്ടമാണ് എമിലിയാനോ എന്‍സു സ്വന്തം പേരിലാക്കി മാറ്റിയത്. തന്റെ 34ാം വയസിലാണ് എമിലിയാനോ ഹാട്രിക് നേടി ചരിത്രത്തിന്റെ ഭാഗമായി മാറിയത്.

ആഫ്രിക്കന്‍ കപ്പില്‍ നീണ്ട 15 വര്‍ഷത്തിനുശേഷമാണ് ഒരു ഹാട്രിക് പിറക്കുന്നത്. അവസാനമായി ആഫ്രിക്കന്‍ കപ്പില്‍ ഹാട്രിക് നേടിയത് 2008ല്‍ സൗഫിയാന്‍ അലോഡിയായിരുന്നു. നമീബയ്‌ക്കെതിരെയായിരുന്നു ഈ മൊറോക്കന്‍ താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. ഈ 15 വര്‍ഷത്തെ നേട്ടമാണ് എമിലിയാനോ തിരുത്തി കുറിച്ചത്.

എബിപേ ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-1-4-1 എന്ന ഫോര്‍മേഷനിലായിരുന്നു ഇക്വാറ്റോറിയല്‍ കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-3-3 എന്ന ശൈലിയുമായിരുന്നു ഗിനിയ പിന്തുടര്‍ന്നത്.

മത്സരത്തില്‍ 21, 51, 61 മിനിറ്റുകളിലായിരുന്നു എമിയുടെ മൂന്നു ഗോളുകളും പിറന്നത്. 46 മിനിട്ടിൽ ജോസേറ്റാ മിറാര്‍വയായിരുന്നു ബാക്കി ഒരു ഗോള്‍ നേടിയത്. മറുഭാഗത്ത് 37 മിനിട്ടിൽ എസ്റ്റേബാന്‍ ഒറോസ്‌കോ ഫെര്‍ണാണ്ടസ് നേടിയ ഓണ്‍ ഗോളും ഇഞ്ചുറി ടൈമില്‍ സെ ടര്‍ബോ നേടിയ ഗോളും ആയിരുന്നു ഗിനിയയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്.

ജയത്തോടെ ഗ്രൂപ്പ് എ യില്‍ നാല് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഇക്വാറ്റോറിയല്‍. അതേസമയം തോല്‍വിയോടെ പോയിന്റ് ഒന്നുമില്ലാതെ അവസാന സ്ഥാനത്തുമാണ് ഗിനിയ.

ജനുവരി 22ന് ഐവറി കോസ്റ്റിനെതിരെയാണ് ഇക്വാറ്റോറിയലിന്റെ അടുത്ത മത്സരം. അന്നേദിവസം തന്നെ നടക്കുന്ന മത്സരത്തില്‍ നൈജീരിയയാണ് ഗിനിയ ബിസാവുവിന്റെ എതിരാളികള്‍.

Content Highlight: Emilio Nsue create a new history in AFCON.