Kerala
എമേര്‍ജിങ് കേരളയുടെ ലോഗോ 'അടിച്ചുമാറ്റിയതെന്ന്'
ഡൂള്‍ന്യൂസ് ഡെസ്‌ക്
2012 Sep 13, 04:02 am
Thursday, 13th September 2012, 9:32 am

കോഴിക്കോട്: കേരളത്തെ വികസനത്തിന്റെ ചിറകിലേറ്റാനെന്ന മുഖവുരയോടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന എമേര്‍ജിങ് കേരള പദ്ധതി വിവാദ കൊടുങ്കാറ്റിലാണിപ്പോള്‍. എമേര്‍ജിങ് കേരളയിലുള്‍പ്പെട്ടിട്ടുള്ള പദ്ധതികള്‍ മാത്രമല്ല ഇതിന്റെ ലോഗോ വരെ വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. “നീലനിറത്തിലുള്ള പക്ഷി പറക്കുന്നതാണ്” എമേര്‍ജിങ് കേരളയുടെ ലോഗോ. ഈ ലോഗോ ഒരു വെബ്‌സൈറ്റില്‍ നിന്നും മോഷ്ടിച്ചതാണെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. []

സയന്റിഫിക്ക് ഇല്ലുസ്‌ട്രേറ്റര്‍ ഫോട്ടോഗ്രാഫിയെന്ന വെബ്‌സൈറ്റില്‍ ഗിന മിഖയേല്‍ ഡിസൈന്‍ ചെയ്ത പക്ഷിയെയാണ് എമേര്‍ജിങ് കേരളയുടെ ലോഗോയായി ഉപയോഗിച്ചിരിക്കുന്നത്. ഒരു ചെറിയ വ്യത്യാസം വരുത്തിയിട്ടുണ്ട്. വെബ്‌സൈറ്റില്‍ പച്ചക്കളറുള്ള പക്ഷിയ്ക്ക് നീലനിറം നല്‍കി.

എമേര്‍ജിങ് കേരളയ്ക്കുവേണ്ടി ഉപയോഗിച്ച ലോഗോ തന്റേതാണെന്നറിഞ്ഞ ഗിന എമേര്‍ജിങ് കേരള വെബ്‌സൈറ്റ് വഴി അധികൃതരുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് ലോഗോ ഉപയോഗിച്ചതിന് പണം നല്‍കി അധികൃതര്‍ പ്രശ്‌നം ഒതുക്കിതീര്‍ക്കുകയാണുണ്ടായത്.

ഇത് സംബന്ധിച്ച് ഗിന തന്റെ വെബ്‌സൈറ്റിലിട്ട കുറിപ്പിങ്ങനെ ” ഇതുമായി ബന്ധപ്പെട്ട് എനിക്ക് നിരവധി വിവരങ്ങള്‍ ലഭിച്ചിരുന്നു. 2012 ഏപ്രിലില്‍ എമേര്‍ജിങ് കേരള സംഘാടകര്‍ ഈ ഫോട്ടോ ഉപയോഗിച്ചെന്ന് എന്നെയൊരാള്‍ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് എന്റെ ആശങ്കകള്‍ പ്രകടിപ്പിക്കുന്നതിനായി ഞാന്‍ വെബ്‌സൈറ്റ് വഴി പദ്ധതിയുടെ സംഘാടകരുമായി ബന്ധപ്പെട്ടു. ( എന്റെ ചിത്രം ഉപയോഗിക്കുന്നത് എന്നെ നേരത്തെ അറിയിക്കുകയോ അതിന് പ്രതിഫലം നല്‍കുകയോ ചെയ്തിരുന്നില്ല.) ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ അവര്‍ ലോഗോ ഡിസൈന്‍ ചെയ്ത സ്ഥാപനത്തെ അറിയിച്ചു. ഇവര്‍ പിന്നീട് ലോഗോ ഉപയോഗിച്ചതിന് പണം നല്‍കുകയായിരുന്നു. ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിന് മുമ്പ് അനുമതി ചോദിക്കുന്നതാണ് അതിന്റെ ശരി. എന്തായാലും ഈ പ്രശ്‌നം അവസാനം ഇങ്ങനെ ഒതുക്കിതീര്‍ത്തു. അതിന് ഞാനവരെ അഭിനന്ദിക്കുന്നു.”