national news
ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കെതിരായ പരാമര്‍ശം;കുനാല്‍ കമ്രയ്ക്ക് വീണ്ടും സമന്‍സ് അയച്ച് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 02, 03:39 am
Wednesday, 2nd April 2025, 9:09 am

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ പരിഹസിച്ചതുമായി ബന്ധപ്പെട്ട് മൂന്നാം തവണയും കുനാല്‍ കമ്രയ്ക്ക് സമന്‍സ് അയച്ച് മുംബൈ പൊലീസ്. ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ടാണ് സമന്‍സ് അയച്ചത്.

ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കെതിരായ പരാമര്‍ശത്തെ തുടര്‍ന്ന് മൂന്നിലധികം കേസുകളാണ് കുനാല്‍ കമ്രയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകളില്‍ ചോദ്യം ചെയ്യാനാണ് സമന്‍സ് അയച്ചിരിക്കുന്നത്.

അതേസമയം മദ്രാസ് ഹൈക്കോടതി കുനാല്‍ കമ്രയ്ക്ക് ഏപ്രില്‍ ഏഴ് വരെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. നിലവില്‍ കമ്ര തമിഴ്‌നാട്ടിലെ തന്റെ സ്ഥിരവസതിയിലാണ്. മാര്‍ച്ച് 31ന് കേസില്‍ ചോദ്യം ചെയ്യലിനായി ഖാര്‍ പൊലീസ് അദ്ദേഹത്തെ വിളിച്ചുവരുത്തിയെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. പിന്നാലെയാണ് സമന്‍സ്.

ശിവസേന എം.എല്‍.എ മുര്‍ജി പട്ടേലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 24ന് കമ്രയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് രണ്ട് തവണ സമന്‍സ് അയച്ചിരുന്നു.

കുനാല്‍ കമ്ര ചോദ്യം ചെയ്യലിനെത്താത്തതിനെ തുടര്‍ന്ന് അദ്ദേഹം പത്ത് വര്‍ഷമായി താമസിക്കാത്ത വീട്ടില്‍ നേരത്തെ പൊലീസ് പരിശോധന നടത്തിയിരുന്നു. അതേസമയം താന്‍ വര്‍ഷങ്ങളായി താമസിക്കാത്ത വീട്ടിലാണ് പൊലീസ് പരിശോധനയ്ക്കെത്തിയതെന്നും സമയവും പൊതുവിഭവങ്ങളും പാഴാക്കലാണിതെന്നും അദ്ദേഹം പ്രതികരിക്കുകയും ചെയ്തിരുന്നു.

മുംബൈയിലെ ഖറിലെ ഹാബിറ്റാറ്റ് സ്റ്റുഡിയോയില്‍ അദ്ദേഹം നടത്തിയ പരാമര്‍ശത്തിലൂടെ വലിയ വിവാദമുണ്ടായിരുന്നു. ഏക്‌നാഥ് ഷിന്‍ഡെയ്ക്കെതിരായ പരാമര്‍ശത്തില്‍ കുനാല്‍ കമ്രയ്ക്കെതിരെ വധഭീഷണിയടക്കം ഉയര്‍ന്നിരുന്നു. മാര്‍ച്ച് 23ന് പരിപാടിക്കിടെ ‘ദില്‍ തോ പാഗല്‍ ഹെ’ എന്ന ഗാനത്തിന്റെ പാരഡി പാടി ഷിന്‍ഡെ രാജ്യദ്രോഹിയാണെന്ന് കമ്ര വിശേഷിപ്പിച്ചതാണ് വിവാദത്തിലേക്ക് നയിച്ചത്.

പിന്നാലെ കുനാല്‍ കമ്രയുടെ പരാമര്‍ശത്തില്‍ പൊലീസ് കേസെടുത്തു. കമ്രയുടെ പരാമര്‍ശം വലിയ വിവാദമാണ് മഹാരാഷ്ട്രയില്‍ ഉണ്ടാക്കിയത്. രണ്ട് ദിവസത്തിനുള്ളില്‍ കമ്ര മാപ്പ് പറയണമെന്നും കമ്രക്കെതിരെ നടപടി എടുക്കണമെന്നും ശിവസേന നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ മാപ്പ് പറയണമെന്ന ശിവസേന നേതാക്കളുടെ ആവശ്യത്തെ കുനാല്‍ അംഗീകരിച്ചില്ല. താന്‍ ജനക്കൂട്ടത്തെ ഭയപ്പെടുന്നില്ലെന്ന് പറഞ്ഞ കമ്ര അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ മാപ്പ് പറയില്ലെന്നും വ്യക്തമാക്കി.

Content Highlight: Police summons Kuman Kamra again for remarks against Eknath Shinde