Entertainment
അന്ന് അജിത്ത് സാര്‍ എന്നോടൊപ്പം വീഡിയോ കോളില്‍ സംസാരിച്ചു; വളരെ സ്‌പെഷ്യലായ മൊമന്റ്: പ്രിയ വാര്യര്‍

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. 2019ല്‍ പുറത്തിറങ്ങിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധനേടിയ നടിയായിരുന്നു പ്രിയ. ചിത്രത്തിലെ കണ്ണിറുക്കുന്ന സീന്‍ വൈറലായതിന് പിന്നാലെ ആ വര്‍ഷം ഇന്ത്യയില്‍ ആളുകള്‍ ഗൂഗിളിലൂടെ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തിത്വമായി പ്രിയ മാറിയിരുന്നു.

പിന്നീട് മലയാളത്തിന് പുറമെ തെലുങ്കിലും ഒരു ഹിന്ദി സിനിമയിലും അഭിനയിക്കാന്‍ നടിക്ക് സാധിച്ചു. ഇപ്പോള്‍ പ്രിയ അഭിനയിച്ച് ഏറ്റവും പുതുതായി തിയേറ്ററില്‍ എത്തിയ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. അജിത്തായിരുന്നു ഈ സിനിമയില്‍ നായകനായി എത്തിയത്.

ഇപ്പോള്‍ അജിത്തിനെ കുറിച്ച് പറയുകയാണ് പ്രിയ വാര്യര്‍. വളരെ ജെന്റിലായ, സ്വീറ്റായി സംസാരിക്കുന്ന ആളാണ് അജിത്ത് എന്നാണ് നടി പറയുന്നത്. ഒപ്പം തനിക്ക് സ്‌പെഷ്യലായ ഒരു അനുഭവവും പ്രിയ പങ്കുവെക്കുന്നു. ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയ വാര്യര്‍.

‘അജിത്ത് സാറിനെ കുറിച്ച് പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. വളരെ ജെന്റിലായ ഒരാളാണ് അദ്ദേഹം. സെറ്റിലുള്ള എല്ലാവരെയും ഒരുപോലെ ട്രീറ്റ് ചെയ്യുന്ന ആളാണ് അജിത്ത് സാര്‍. വളരെ സ്വീറ്റായി സംസാരിക്കുന്ന ആളാണ് അദ്ദേഹം. എല്ലാം ചോദിച്ച് മനസിലാക്കി വെക്കുന്ന ആള്‍ കൂടിയാണ് സാര്‍. എല്ലാ കാര്യങ്ങളോടും എല്ലാവരുടെ കാര്യങ്ങളെ കുറിച്ചും ക്യൂരിയസായ ആളാണ്.

അദ്ദേഹത്തെ കുറിച്ച് പറയുമ്പോള്‍ എനിക്ക് വളരെ സ്‌പെഷ്യലായ ഒരു കാര്യമുണ്ട്. എന്റെ അമ്മയുടെ മൂത്ത സഹോദരന്‍ ഒരു ഹാര്‍ഡ്‌കോര്‍ അജിത്ത് ഫാനാണ്. അദ്ദേഹം വാട്‌സ്ആപ്പ് തുടങ്ങിയ സമയം മുതല്‍ അദ്ദേഹത്തിന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് സാറിനെ കുറിച്ചുള്ളതാണ്.

ഒന്നര വര്‍ഷം മുമ്പ് അദ്ദേഹത്തിന് ഒരു ആക്‌സിഡന്റ് സംഭവിച്ചു. കുറച്ച് സീരിയസായിരുന്നു. എനിക്ക് അജിത്ത് സാറിന്റെ കൂടെ ഇങ്ങനെയൊരു സിനിമ വന്നപ്പോഴും ഞാന്‍ എക്‌സൈറ്റഡായത് അമ്മയുടെ സഹോദരനെ ഓര്‍ത്തായിരുന്നു.

എനിക്ക് അദ്ദേഹത്തോട് ഞാന്‍ അജിത്ത് സാറിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പോകുകയാണെന്ന് പറയാന്‍ സാധിച്ചു. അദ്ദേഹവും അതില്‍ ഒരുപാട് എക്‌സൈറ്റഡായിരുന്നു. ഞാന്‍ അജിത്ത് സാറിനോട് സംസാരിക്കുന്നതിന്റെ ഇടയില്‍ ഈ കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. അദ്ദേഹം ഇപ്പോള്‍ വീല്‍ചെയറിലാണെന്നൊക്കെ ഞാന്‍ പറഞ്ഞു.

അജിത്ത് സാര്‍ വീഡിയോ കോളില്‍ എന്റെ അങ്കിളിനോട് സംസാരിച്ചു. കുറേനേരം വളരെ സ്വീറ്റായി തന്നെയാണ് അദ്ദേഹത്തോട് സാര്‍ സംസാരിച്ചത്. അത് എനിക്ക് വളരെ സ്‌പെഷ്യലായിരുന്നു. അതാണ് അജിത്ത് സാര്‍,’ പ്രിയ വാര്യര്‍ പറയുന്നു.


Content Highlight: Priya Varrier Talks About Ajith And Good Bad Ugly Movie