മോഷണം പോയത് കാലടിയില്‍ നിന്നോ അതോ നാഗപട്ടണത്ത് നിന്നോ?; തഞ്ചാവൂരില്‍ നിന്നും കണ്ടെടുത്ത 500 കോടിയുടെ മരതക ശിവലിംഗത്തിന്മേലുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
തഞ്ചാവൂര്‍: തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ കോടികള്‍ വിലമതിക്കുന്ന മരതകത്തില്‍ തീര്‍ത്ത ശിവലിംഗം കണ്ടെടുത്തു. തഞ്ചാവൂരിലെ ബാങ്ക് ലോക്കറില്‍ നിന്നുമാണ് ശിവലിംഗം കണ്ടെടുത്തത്.
കണ്ടെടുത്ത ശിവലിംഗത്തിന് ഏകദേശം അഞ്ഞൂറ് കോടി രൂപയോളം വിലയുണ്ടായിരിക്കുമെന്നാണ് പൊലീസ് അനുമാനിക്കുന്നത്.
നവരത്‌നങ്ങളില്‍ ഒന്നായ മരതകക്കല്ലിലാണ് ശിവലിംഗം നിര്‍മിച്ചിരിക്കുന്നത്. പുരാവസ്തു എന്നനിലയിലും വിഗ്രഹത്തിന് മൂല്യമുണ്ടാവും എന്നാണ് പൊലീസും ജെമ്മോളജിസ്റ്റും വ്യക്തമാക്കുന്നത്.
530 ഗ്രാം തൂക്കവും 8 സെന്റീമീറ്റര്‍ ഉയരവുമുള്ള ശിവലിംഗമാണ് കണ്ടെടുത്തിരിക്കുന്നത്.
ഇത്രയും വിലപിടിപ്പുള്ള ഒരു പുരാതനമായ ശിവലിംഗം എങ്ങനെയാണ് ഇയാളുടെ പക്കലെത്തിയത്, അഥവാ വിലകൊടുത്തു വാങ്ങിയതാണെങ്കില്‍ എങ്ങനെ ഇത്രയധികം പണം ഇയാളുടെ കയ്യിലെത്തി തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നതെന്ന് എ.ഡി.ജി.പി ജയനാഥ് മുരളി പറഞ്ഞതായി ടൈസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
തഞ്ചാവൂരിലെ ഒരു വീട്ടില്‍ പുരാവസ്തുക്കളുടെ വമ്പന്‍ ശേഖരമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. എന്നാല്‍ തനിക്ക് ശിവലിംഗത്തെ കുറിച്ച് ഒന്നും അറിയില്ല എന്നും, അച്ഛന്‍ സാമിയപ്പനാണ് ശിവലിംഗം കൊണ്ടുവന്ന് ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചത് എന്നുമാണ് വീട്ടുകാരനായ എന്‍.എസ്. അരുണ്‍ പറയുന്നത്.
തുടര്‍ന്ന് നടന്ന പരിശോധനയിലാണ് തഞ്ചാവൂരിലെ ബാങ്ക് ലോക്കറില്‍ നിന്നും ശിവലിംഗം കണ്ടെത്തിയത്. ഇതിന് പിന്നാലെ സാമിയപ്പനേയും മകനേയും പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇരുവരും ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.
കാലടിയലെ ആദിശങ്കര ജന്‍മഭൂമിയില്‍ നിന്നും 2009ല്‍ ഇത്തരത്തിലുള്ള ഒരു ശിവലിംഗം കാണാതായിരുന്നു. കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇപ്പോള്‍ കണ്ടെടുത്ത വിഗ്രഹത്തിന് കാലടിയിലെ ശിവലിംഗം തന്നെയാണോ എന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
2016ല്‍ നാഗപട്ടണത്തിലെ തിരുക്കവലായ് ശിവക്ഷേത്രത്തില്‍ നിന്നും വിലപിടിപ്പുള്ള ശിവലിംഗം മോഷണം പോയിലുന്നു. ഇത് കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നുണ്ട്.