ദ്വീപ് നിവാസികള്‍ക്കിടയിലെ ഐക്യം തകര്‍ക്കാനാണ് പ്രഫുല്‍ പട്ടേലിന്റെ ശ്രമം; അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് രാഷ്ട്രപതിയ്ക്ക് കത്തയച്ച് എളമരം കരീം
national news
ദ്വീപ് നിവാസികള്‍ക്കിടയിലെ ഐക്യം തകര്‍ക്കാനാണ് പ്രഫുല്‍ പട്ടേലിന്റെ ശ്രമം; അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് രാഷ്ട്രപതിയ്ക്ക് കത്തയച്ച് എളമരം കരീം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd May 2021, 8:03 pm

ന്യൂദല്‍ഹി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ആയി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പ്രഫുല്‍ പട്ടേല്‍ ദ്വീപ് നിവാസികളുടെ സംസ്‌കാരത്തിനും വിശ്വാസങ്ങള്‍ക്കുമെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രാഷ്ട്രപതി അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എളമരം കരീം എം.പി. ഇതുസംബന്ധിച്ച് അദ്ദേഹം രാഷ്ട്രപതിയ്ക്ക് കത്തയയ്ക്കുകയും ചെയ്തു.

മതപരമായ കാരണങ്ങളാല്‍ ദ്വീപില്‍ ഏര്‍പ്പെടുത്തിയ മദ്യനിരോധനം അഡ്മിനിസ്‌ട്രേറ്റര്‍ പിന്‍വലിച്ചെന്നും ദ്വീപുനിവാസികള്‍ ഈ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടും ഉത്തരവ് പിന്‍ലിക്കാന്‍ തയ്യാറായില്ലെന്നും കത്തില്‍ പറയുന്നു.

ദ്വീപ് നിവാസികള്‍ക്കിടയിലെ സാമുദായിക ഐക്യം തകര്‍ക്കാനാണ് പ്രഫുല്‍ പട്ടേലിന്റെ പരിഷ്‌കരണങ്ങള്‍ വഴിവെയ്ക്കുകയെന്നും കത്തില്‍ എളമരം കരീം ചൂണ്ടിക്കാട്ടി.

നേരത്തെ, പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന് മുസ്‌ലിം ലീഗ് നേതാവും എം.പിയുമായ ഇ.ടി മുഹമ്മദ് ബഷീറും രംഗത്തെത്തിയിരുന്നു. ലക്ഷദ്വീപില്‍ വര്‍ഗീയത വളര്‍ത്താനാണ് പ്രഫുല്‍ പട്ടേലിനെ നിയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

99 ശതമാനം മുസ്‌ലിം മതവിശ്വാസികള്‍ പാര്‍ക്കുന്ന ദ്വീപില്‍ മാംസാഹാരം വിലക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്.

ചുമതലയേറ്റത് മുതല്‍ പ്രഫുല്‍ പട്ടേല്‍ ഏകാധിപത്യഭരണം നടത്താനാണ് ശ്രമിച്ചിരുന്നത്. പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്ട്രേറ്ററുടെ ആദ്യ നിയമപരിഷ്‌കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു.

കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാറില്ലാത്ത ദ്വീപില്‍ ഗുണ്ടാ ആക്ട് പാസാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നാണ് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നത്.

മാത്രമല്ല കൊവിഡ് പ്രോട്ടോകോളില്‍ ഇളവ് നല്‍കിയതോടെ ദ്വീപില്‍ കൊവിഡ് വ്യാപിക്കുകയാണ്. രാജ്യം മുഴുവന്‍ കൊവിഡില്‍ മുങ്ങിയപ്പോഴും ഒരു വര്‍ഷത്തോളം രോഗത്തെ കടലിനപ്പുറം നിര്‍ത്തിയ ലക്ഷദ്വീപിലെ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 68 ശതമാനമാണ്.

കൊച്ചിയില്‍ ക്വാറന്റീനില്‍ ഇരുന്നവര്‍ക്ക് മാത്രം ദ്വീപിലേക്ക് പ്രവേശനം നല്‍കി പാലിച്ച് പോന്ന നിയന്ത്രണങ്ങള്‍ക്കാണ് ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇളവുകളനുവദിച്ചത്.

ലക്ഷദ്വീപിലെ ജനാധിപത്യ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കുകയെന്ന ആവശ്യമുന്നയിച്ച് ലക്ഷദ്വീപ് സ്റ്റുഡന്‍സ് അസോസിയേഷന്റെ ഓണ്‍ലൈന്‍ പ്രതിഷേധ ക്യാംപയിന്‍ തുടരുകയാണ്.


Content Highlights: Elamaram Kareem Writes To President To Intervene In Lakshadweep Crisis