covid 19 Kerala
എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ഇതര വിഭാഗങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 30, 02:57 pm
Friday, 30th April 2021, 8:27 pm

എറണാകുളം: എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി പൂര്‍ണ്ണമായും കൊവിഡ് ആശുപത്രി ആക്കിയതിനാല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കൊവിഡ് ഇതര വിഭാഗങ്ങളുടെയും ഒ.പിയുടെയും പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വി. സതീഷ് അറിയിച്ചു. മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗികള്‍ക്കുള്ള അത്യാഹിത സൗകര്യങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കൂ.

കൊവിഡ് ഇതര അത്യാഹിത വിഭാഗം, ഒ.പി എന്നിവക്കായി എറണാകുളം ജനറല്‍ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി എന്നിവടങ്ങളിലെ സേവനം ഇതിനായി ഉപയോഗപ്പെടുത്തണം എന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.

എറണാകുളം ജില്ലയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഗോബ്രഗഡെ എന്നിവരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് പൂര്‍ണമായും കൊവിഡ് ചികിത്സാ കേന്ദ്രമായി ഉയര്‍ത്തിയത്.