ജെ.എൻ.യുവിൽ നിന്ന് നജീബിനെ കാണാതായിട്ട് എട്ട് വർഷം; ഉത്തരം പറയേണ്ടത് കേന്ദ്ര സർക്കാർ
Discourse
ജെ.എൻ.യുവിൽ നിന്ന് നജീബിനെ കാണാതായിട്ട് എട്ട് വർഷം; ഉത്തരം പറയേണ്ടത് കേന്ദ്ര സർക്കാർ
ജിൻസി വി ഡേവിഡ്
Saturday, 19th October 2024, 4:23 pm

കഴിഞ്ഞ ഓഗസ്റ്റ് 30ന് ലോകം ഇന്റർനാഷണൽ ഡേ ഓഫ് ദി വിക്‌ടിംസ് ഓഫ് എൻഫോഴ്സ്ഡ് ഡിസപ്പിറൻസസ് ആയി ആചരിച്ചപ്പോൾ, കാണാതായി ഏകദേശം എട്ട് വർഷത്തിന് ശേഷം മകൻ്റെ തിരിച്ചുവരവിനായി ഇന്ത്യയിലെ ഒരു അമ്മ ഇന്നും കാത്തിരിക്കുകയാണ്.

കഴിഞ്ഞ ഒക്ടോബർ 15 ന്, ന്യൂദൽഹിയിലെ പ്രശസ്തമായ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്ന് നജീബ് അഹമ്മദിനെ കാണാതായിട്ട് എട്ട് വർഷം തികയുകയാണ്. തീവ്ര വിദ്യാർത്ഥി സംഘടനയായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എ.ബി.വി.പി) അംഗങ്ങളുമായുള്ള സംഘർഷത്തെ തുടർന്ന് 2016 ഒക്ടോബർ 15 നാണ് നജീബിനെ കാണാതാകുന്നത്.

2024 ഒക്‌ടോബർ 15 ന് നടന്ന പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാൻ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെ.എൻ.യു) സന്ദർശിച്ച ഫാത്തിമ നഫീസ്, തൻ്റെ മകൻ നജീബിന് നീതി തേടി മെഴുകുതിരി കത്തിച്ചു.

നജീബിൻ്റെ കേസ് രാജ്യത്തെ ഉന്നത അന്വേഷണ ഏജൻസികൾ അന്വേഷിച്ചുവെങ്കിലും കാര്യമുണ്ടായില്ല. വിദ്യാർത്ഥിയുടെ തിരോധാനത്തിന് ഉത്തരവാദികളായവരുമായി അധികാരികൾക്ക് പങ്കുണ്ടെന്ന് അദ്ദേഹത്തിൻ്റെ കുടുംബം വിശ്വസിക്കുന്നു.

‘ഞാൻ ജീവിച്ചിരിക്കുന്ന ദിവസം വരെ, ഞാൻ ജെ.എൻ.യുവിൽ വന്ന് എൻ്റെ മകന് സംഭവിച്ചതിനെക്കുറിച്ച് ആളുകളോട് പറയും. മറ്റൊരു നജീബ് ഉണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ‘ അവർ പറഞ്ഞു.

ജെ.എൻ.യുവിൽ ബിരുദാനന്തര ബിരുദം നേടാനെത്തിയ 31 കാരനായ ബയോടെക്‌നോളജി വിദ്യാർത്ഥിയുടെ തിരോധാനത്തെക്കുറിച്ച് ഇന്നും ആർക്കും ഒന്നും അറിയില്ല. എന്നാൽ മകനെ വീണ്ടും കാണുമെന്ന പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് അഹമ്മദിൻ്റെ മാതാവ് ഫാത്തിമ നഫീസ് പറഞ്ഞു.

‘എന്റെ മകൻ ജീവിച്ചിരിപ്പുണ്ടെന്നും ഏതോ ജയിലിൽ അടച്ചിട്ടുണ്ടെന്നും ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. ഒരു ദിവസം അവൻ തീർച്ചയായും മടങ്ങിവരും,’ അഹമ്മദിന്റെ മാതാവ് പറയുന്നു.

ഒന്നാം വർഷ എം.എസ്‌.സി ബയോടെക്‌നോളജി വിദ്യാർത്ഥിയായ അഹമ്മദിനെ 2016 ഒക്‌ടോബർ 15-ന് തൻ്റെ ഹോസ്റ്റൽ മുറിയിൽ നിന്നാണ് കാണാതായത്. ആർ.എസ്.എസിന്റെയും എ.ബി.വി.പി വിദ്യാർത്ഥികളുമായുള്ള വഴക്കിനെ തുടർന്നാണ് നജീബിനെ കാണാതാകുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായെത്തിയ വിക്രാന്ത് കുമാർ, അങ്കിത് കുമാർ, സുനിൽ പ്രതാപ് എന്നീ മൂന്ന് വിദ്യാർത്ഥികളും അഹമ്മദുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു. തർക്കത്തിൻ്റെ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല .

എ.ബി.വി.പി അംഗങ്ങൾ അഹമ്മദിനെ അതിക്രൂരമായി മർദിച്ചു. വാർഡൻ ഉൾപ്പെടെ എല്ലാവരുടെയും മുന്നിൽ വെച്ച് നജീബിനെ മർദിച്ച അക്രമികളിൽ നിന്ന് രേഖാമൂലമുള്ള വിശദീകരണമൊന്നും എടുത്തിട്ടില്ല എന്നതും നജീബിൽ നിന്ന് അത് എഴുതി വാങ്ങി എന്നതും ദുരൂഹത വർധിപ്പിക്കുന്നു.

നജീബിന്റെ കേസിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് 2016 ഒക്‌ടോബർ 15നായിരുന്നു. അദ്ദേഹത്തിൻ്റെ തിരോധാനത്തിന് പിന്നിൽ പൊലീസ് ഒമ്പത് പേരെ പ്രതികളാക്കി. പൊലീസ് അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച നഫീസ് അടുത്ത മാസം ദൽഹി ഹൈക്കോടതിയെ സമീപിച്ചു.

2017 മെയ് മാസത്തിൽ കോടതി കേസ് സി.ബി.ഐക്ക് കൈമാറി. എന്നാൽ സി.ബി.ഐ സംശയിക്കുന്നവരെ ചോദ്യം ചെയ്യേണ്ട രീതിയിലല്ല ചോദ്യം ചെയ്തതെന്നും അന്വേഷണം നടത്തിയതെന്നും അഹമ്മദിൻ്റെ അമ്മ ആരോപിച്ചു.

നജീബിനെതിരെ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് തെളിയിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ലെന്ന് 2018 മെയിൽ സി.ബി.ഐ പറഞ്ഞു. അതേ വർഷം ഒക്ടോബറിൽ, അന്വേഷണ ഏജൻസി ദൽഹി ഹൈക്കോടതിയിൽ ഒരു ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചു, പിന്നാലെ കേസ് അവസാനിപ്പിച്ചു.

പൊലീസ് ജെ.എൻ.യു കാമ്പസിനെ 11 സോണുകളായി തിരിച്ച് 560 ലധികം പൊലീസുകാരെ പല ടീമുകളായി തിരിച്ച് സമഗ്രമായ തിരച്ചിൽ നടത്തി. തുടർന്ന്, മൂന്ന് വ്യത്യസ്ത അന്വേഷണ ഏജൻസികൾ ദൽഹി പൊലീസ്, അതിൻ്റെ ക്രൈം ബ്രാഞ്ച്, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ എന്നിവർ രാജ്യത്തുടനീളം നിരവധി തിരച്ചിൽ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും നാളിതുവരെ അവനെക്കുറിച്ച് ഒരു തുമ്പും ലഭിച്ചിട്ടില്ല.

നജീബ് അഹമ്മദിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് സി.ബി.ഐ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസ് മേധാവികളെ അറിയിക്കുകയും ചെയ്തിരുന്നു.

കേസ് ദുർബലമാക്കാനും പ്രതികളെ രക്ഷിക്കാനുമാണ് ആദ്യം മുതൽ പൊലീസും അന്വേഷണ ഏജൻസികളും ശ്രമിച്ചതെന്ന് നഫീസ് പറയുന്നു. പുതിയ നിയമപോരാട്ടത്തിന് കുടുംബം തയ്യാറാണെന്ന് അഹമ്മദിൻ്റെ ഇളയ സഹോദരൻ ഹസീബ് പറഞ്ഞു. നഫീസിനെ സംബന്ധിച്ചിടത്തോളം, മകൻ തിരികെ വരുന്നത് വരെ പോരാട്ടം തുടരും.

സ്വയം ചൗക്കിദാറെന്ന് വിശേഷിപ്പിച്ച് വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഫാത്തിമ നഫീസിന് ഒന്നേ ചോദിക്കാനുള്ളു. നിങ്ങൾ ചൗക്കിദാർ ആണെങ്കിൽ എന്റെ മകൻ എവിടെ?

എട്ട് വർഷങ്ങൾ കടന്ന് പോകുമ്പോഴും ചില ചോദ്യങ്ങൾ ബാക്കിയാണ്

എന്തുകൊണ്ടാണ് സി.ബി.ഐ കേസ് ഇത്ര പെട്ടെന്ന് അവസാനിപ്പിച്ചത്?

നജീബിന്റെ അമ്മ ആരോപിക്കുന്നത് പോലെ കേസ് അവസാനിപ്പിക്കാൻ എ.ബി.വി.പി രാഷ്ട്രീയ സമ്മർദം ഉണ്ടായിരുന്നോ?

നജീബും എബി.വി.പി വിദ്യാർത്ഥികളും തമ്മിലുള്ള വഴക്കിന് കാരണമായത് എന്താണ്?

നജീബ് അഹമ്മദ് എവിടെ ?

 

 

Content Highlight: Eight years since Najeeb disappeared from JNU; Central government has to answer

 

ജിൻസി വി ഡേവിഡ്
ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം