സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരെ ദേശസുരക്ഷയുടെ പേരുപറഞ്ഞ് ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണം: എഡിറ്റേഴ്‌സ് ഗില്‍ഡ്
national news
സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരെ ദേശസുരക്ഷയുടെ പേരുപറഞ്ഞ് ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണം: എഡിറ്റേഴ്‌സ് ഗില്‍ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd March 2023, 4:00 pm

ന്യൂദല്‍ഹി: ദേശസുരക്ഷയുടെ പേരുപറഞ്ഞ് മാധ്യമപ്രവര്‍ത്തകരെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ പോലുള്ള നിയമങ്ങള്‍ ഉപയോഗിക്കുന്നതില്‍ ആശങ്കയുണ്ടെന്നും എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.

കശ്മീരി മാധ്യമപ്രവര്‍ത്തകനായ ഇര്‍ഫാന്‍ മെഹ്‌രാജിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്ത സംഭവത്തിലാണ് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ പ്രതികരണം.

‘എന്‍.ജി.ഒ തീവ്രവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട കേസില്‍ ഇര്‍ഫാനെ നേരത്തെ ദല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. അദ്ദേഹം കേസുമായി സഹകരിച്ചിരുന്നുവെന്നും എന്‍.ഐ.എ തന്നെ പറയുന്നു. എന്നാലിപ്പോള്‍ യു.എ.പി.എ പ്രകാരമാണ് ഒരു മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തിരിക്കുന്നത്. ജനാധിപത്യ മൂല്യങ്ങളെ മാനിക്കണമെന്ന് ഭരണകൂടങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു,’ എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.

കശ്മീരില്‍ മാധ്യമസ്വാതന്ത്ര്യത്തിന് മേല്‍ നിരന്തരം ഭരണകൂടത്തിന്റെ സെന്‍സെറിങ് ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.

‘ഇര്‍ഫാന്‍ മെഹ്‌രാജിന്റെ അറസ്റ്റ് പോലുള്ള കാര്യങ്ങള്‍ കശ്മീരിലെ ഒരു സ്ഥിരം സംഭവമായി തുടരുകയാണ്. സര്‍ക്കാരിനെതിരായ വിമര്‍ശനാത്മക റിപ്പോര്‍ട്ടിങ് കാരണം മാധ്യമപ്രവര്‍ത്തകരെ അന്വേഷണ ഏജന്‍സികള്‍ അറസ്റ്റ് ചെയ്ത് വേട്ടയാടുകയാണ്. ആസിഫ് സുല്‍ത്താന്‍, സജാദ് ഗുല്‍, ഫഹദ് ഷാ എന്നീ പേരുകള്‍ ഇതിന്റെ ചില ഉദാഹരണങ്ങള്‍ മാത്രമാണ്. കശ്മീരില്‍ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് ഒരുപാട് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്,’ എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസമാണ് ഭീകരബന്ധം ആരോപിച്ച് കശ്മീരി മാധ്യമപ്രവര്‍ത്തകന്‍ ഇര്‍ഫാന്‍ മെഹ്റാജിനെ എന്‍.ഐ.എ ശ്രീനഗറില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

2020 ഒക്ടോബറില്‍ രജിസ്റ്റര്‍ ചെയ്ത എന്‍.ജി.ഒകളുടെ മറവിലുള്ള ഭീകരവാദ ഫണ്ടിങ് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

തടവില്‍ കഴിയുന്ന ജമ്മു കശ്മീര്‍ കൊയിലേഷന്‍ ഓഫ് സിവില്‍ സൊസൈറ്റീസ് (JKCCS) നേതാവ് ഖുറാം പര്‍വേസുമായി അടുത്ത ബന്ധമുള്ള ആളാണ് ഇര്‍ഫാനെന്നും സംഘടനക്ക് വേണ്ടി ഇയാള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് എന്‍.ഐ.എയുടെ വാദം.