കൊച്ചി: താരസംഘടനയായ ‘അമ്മ’ യ്ക്ക് സ്ഥിരമായി ഒരു ആസ്ഥാനമന്ദിരമെന്നത് സംഘടന പ്രസിഡന്റ് കൂടിയായ മോഹന്‍ലാലിന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നുവെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു.
സ്വന്തം വീട് പണിത് താമസം തുടങ്ങാന്‍ ഒരുങ്ങുന്നതിന്റെ ഫീലാണ് ഇപ്പോള്‍ താന്‍ അനുഭവിക്കുന്നതെന്നും ബാബു പറഞ്ഞു.
‘ഒരു സാംസ്‌കാരിക കേന്ദ്രം എന്ന രീതിയില്‍ പ്രവര്‍ത്തിക്കാനാവശ്യമായ സൗകര്യങ്ങളുള്ള കെട്ടിടത്തിലായിരുക്കും ഇനി മുതല്‍ സംഘടനയുടെ മീറ്റിംഗുകള്‍ നടക്കുക. നാടക ശില്‍പ്പശാലകളും, ആര്‍ട്ട് എക്സിബിഷന്‍സും ഒക്കെ സംഘടിപ്പിക്കാം. അഭിനേതാക്കള്‍ക്ക് തിരക്കഥ കേള്‍ക്കാനുള്ള പ്രത്യേക സംവിധാനവും ഇവിടെയുണ്ട്. താരങ്ങള്‍ക്ക് വന്ന് തിരക്കഥ കേള്‍ക്കാനും, എഴുത്തുകാര്‍ക്കും സംവിധായകര്‍ക്കുമൊക്കെ വന്ന് കഥ പറയാനും വേണ്ടി അഞ്ച് ഗ്ലാസ് ചേംബറുകളാണ് മന്ദിരത്തില്‍ ഉള്ളത്’, ബാബു പറഞ്ഞു.
സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ കെട്ടിടത്തില്‍ ഒരു ഓഡിറ്റോറിയവും ഉണ്ടാകുമെന്നും ഭാരവാഹികള്‍ക്ക് പ്രത്യേക ഓഫീസ് മുറികളും ഓഫീസ് സ്റ്റാഫുകളുമുണ്ടാകുമെന്നും ബാബു പറഞ്ഞു.
എറണാകുളം കലൂരിലാണ് താരസംഘടനയ്ക്ക് പുതിയ മന്ദിരം ഒരുങ്ങിയിരിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് ഫെബ്രുവരി 6ന് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുക.
കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാകും ഉദ്ഘാടനം നടക്കുക. നൂറ് പേര്‍ക്ക് മാത്രമായിരിക്കും ഉദ്ഘാടന ചടങ്ങില്‍ പ്രവേശനം.
2019 നവംബറിലായിരുന്നു കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പണി പൂര്‍ത്തിയാക്കാനായി ആറു മാസത്തെ സമയ പരിധിയാണ് അന്ന് നിശ്ചയിച്ചിരുന്നത്. കൊവിഡ് പ്രതിസന്ധികള്‍ രൂക്ഷമായതോടെ പണി നീണ്ടുപോകുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക