സുജാതയെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഇടവേള ബാബു. സുജാതയെപോലെ ഒരു മടിച്ചി ലോകത്തില്ലെന്നും പ്രോഗ്രാമിന് വിളിച്ചാൽ നോ പറയാൻ വേണ്ടി പല കാരണങ്ങളും പറയുമെന്നും ബാബു പറയുന്നുണ്ട്. സുജാതയെ പ്രോഗ്രാമിന് വേണ്ടി സമ്മതിപ്പിക്കാൻ പ്രയാസമാണെന്നും ബാബു കൂട്ടിച്ചേർത്തു. സുജാത വീട്ടിൽ ഇരിക്കുന്നത് നന്നായി ആസ്വദിക്കുന്ന ഒരാളെന്ന് കാൻചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ഇടവേള ബാബു പറഞ്ഞു.
‘സുജാത ചേച്ചിയുടെ കാര്യം പറയാനാണെങ്കിൽ ഇങ്ങനെ ഒരു മടിച്ചി ലോകത്തില്ല. ചേച്ചി ഒരു പ്രോഗ്രാമിന് വിളിച്ചാൽ എന്തൊക്കെ കാരണങ്ങളാണ് പറയുക എന്നറിയോ. ‘ആ മോനെ ഞാൻ ആ ഡേറ്റിന് ഫ്രീ അല്ല’ എന്ന് പറയാൻ വേണ്ടിട്ട്, പട്ടിക്ക് സുഖമില്ല പൂച്ചയെ നോക്കാൻ ആളില്ല എന്നൊക്കെ പറഞ്ഞിട്ട് സുഖമായിട്ട് എസ്കേപ്പ് ചെയ്തു കളയും. ചേച്ചി നോ പറയാനാണെന്ന് നമ്മൾക്കറിയാം. അതിന് വേണ്ടിയിട്ടുള്ള വട്ടചുറ്റലുകളൊക്കെ നടത്തും. പ്രോഗ്രാമിന് വേണ്ടി ചേച്ചിയെ സമ്മതിച്ചെടുക്കുക എന്നത് ചില്ലറ പണിയല്ല. ചേച്ചി വീട്ടിൽ ഭയങ്കരമായിട്ട് എൻജോയ് ചെയ്യുന്ന ഒരാളാണ്,’ഇടവേള ബാബു പറഞ്ഞു.
അഭിമുഖത്തിൽ കെ.എസ് ചിത്രയെക്കുറിച്ചും ഇടവേള ബാബു പറയുന്നുണ്ട്. ‘ചിത്ര ആദ്യം പാടുന്നതിന് ദൃക്സാക്ഷിയാണ് ഞാൻ. ഇടവേള സിനിമയുടെ ഡബ്ബിങ്ങിന് പാരലലായിട്ടാണ് ഞാൻ ഏകനാണ് എന്ന സിനിമയുടെ മ്യൂസിക് നടക്കുന്നത്. ദാസേട്ടൻ പാടാൻ വരുന്നത് ഞങ്ങൾ കാത്തിരുന്നു. അന്ന് ചിത്രാഞ്ജലിയിൽ തന്നെയാണ് താമസം. അന്ന് സ്റ്റുഡിയോ പുതുക്കി പണിത് പുതിയതായിട്ടുള്ള സമയമാണ്.
നമ്മൾ അവിടുത്തെ അന്തേവാസിയായി. ദാസേട്ടൻ പാടാൻ വരികയാണ്. ചേട്ടൻ പാടാൻ വന്നപ്പോൾ ചെരുപ്പിലൊക്കെ തൊട്ട് നമസ്കരിച്ചു. അന്ന് ദാസേട്ടന്റെ കൂടെ ഒരു പുതിയ പെൺകുട്ടിയാണ് പാടിയത്. ആ കുട്ടി അസ്സലായിട്ട് പാടിയിരുന്നു. ദാസേട്ടന് വന്നതോടുകൂടി ആ കുട്ടിയുടെ ശബ്ദമൊക്കെ പോയി, ആകെ എന്തോ ആയി.
ആദ്യമായി ദാസേട്ടന്റെ കൂടെ പാടാൻ വരുന്നവരുടെ മുട്ടുകൂട്ടി അടിക്കും, അത് വേറൊരു കാര്യം. ഇത് കഴിഞ്ഞു ദാസേട്ടൻ പോകുമ്പോൾ എം.ജിയോട് പറയുന്നത് കേട്ടു ‘ഞാൻ പോയി കഴിഞ്ഞിട്ട് ഒരു ടേക്ക് എടുത്തോളൂ’ എന്ന്. ദാസേട്ടൻ പോയി കഴിഞ്ഞിട്ട് സുന്ദരമായിട്ട് പാടി. അന്ന് ഞാൻ നോട്ട് ചെയ്തതാണ് കെ.എസ്. ചിത്രയെ,’ ഇടവേള ബാബു പറയുന്നു.