തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള രണ്ട് പേരടക്കം സംസ്ഥാനത്തെ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് ഇ.ഡി. നടപടി ആരംഭിക്കുന്നത്.
എറണാകുളം തടിയിട്ടപറമ്പ് സ്റ്റേഷനിലെ എസ്.എച്ച്.ഒ സുരേഷ്‌കുമാര്‍, എ.എസ്.ഐ ജേക്കബ്, സി.പി.ഒ ജ്യോതി ജോര്‍ജ്ജ്, കൊടകര എസ്.എച്ച്.ഒ അരുണ്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ ഇടപാടുകളുകളാണ് സംശയകരമായി ഇ.ഡി കണ്ടെത്തിയത്. ഇവരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് പൊലീസ് മേധാവിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും ഇ.ഡിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് കുമാര്‍ കത്ത് നല്‍കിയിട്ടുണ്ട്.
നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കള്ളപ്പണവുമായി ബന്ധപ്പെട്ട ഇടപാടുകളോ, ഇവര്‍ക്കെതിരെ നിലവില്‍ എന്തെങ്കിലും കേസുകളോ ഉണ്ടെങ്കില്‍ ഉടന്‍ അറിയിക്കണമെന്നാണ് കത്തില്‍ ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്. ഇ.ഡിയുടെ കത്ത് ലഭിച്ചതിന് പിന്നാലെ വിജിലന്‍സ് വിഭാഗവും പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വരും ദിവസങ്ങളില്‍ കൂടുതല്‍ പൊലീസുകാരിലേക്ക് അന്വേഷണം നീളാന്‍ സാധ്യതയുണ്ട്. സംസ്ഥാന പോലീസിലെ പല ഉദ്യോഗസ്ഥരും അനധികൃത സ്വത്ത് സമ്പാദനം നടത്തുന്നതായി നേരത്തേയും പരാതികള്‍ ഉയര്‍ന്നിരുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥരില്‍ തുടങ്ങി താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ വരെ ഇ.ഡിക്ക് പരാതികള്‍ ലഭിച്ചിരുന്നു.