സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്ത് ഇ.ഡി; നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
national news
സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്ത് ഇ.ഡി; നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th June 2023, 8:56 am

ചെന്നൈ: റെയ്ഡിന് പിന്നാലെ തമിഴ്‌നാട് വൈദ്യുതി-എക്‌സൈസ് മന്ത്രി സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 2011-15 കാലയളവില്‍ ഗതാഗത മന്ത്രിയായിരുന്നപ്പോള്‍ മെട്രോ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ നിയമനങ്ങള്‍ക്ക് കോഴ വാങ്ങിയെന്നാരോപിച്ച് ആരോപിച്ചുള്ള കേസിലാണ് അറസ്റ്റ്.

അതേസമയം അറസ്റ്റിന് പിന്നാലെ നെഞ്ചുവേദനയെ തുടര്‍ന്ന് ബാലാജിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തളര്‍ന്നുവീഴുകയായിരുന്നു അദ്ദേഹം. എന്നാല്‍ ആശുപത്രിയിലെത്തിയ ഡി.എം.കെ നേതാക്കളെയും പ്രവര്‍ത്തകരെയും ബാലാജിയെ കാണാന്‍ അനുവദിച്ചില്ല.

ബാലാജിയുടെ അറസ്റ്റില്‍ ഡി.എം.കെ പ്രതിഷേധവുമായി രംഗത്തെത്തി. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി രാഷ്ട്രീയ എതിരാളികളെ പിന്‍വാതിലിലൂടെ ഭീഷണിപ്പെടുത്തുകയാണെന്നാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞത്.

‘രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തതിനാല്‍ നടത്തുന്ന പിന്‍വാതില്‍ ഭീഷണി വിജയം കാണില്ല. അത് അവര്‍ തന്നെ തിരിച്ചറിയുന്ന സമയം അടുത്തിരിക്കുന്നു’, സ്റ്റാലിന്‍ പറഞ്ഞു. അമിത് ഷായുടെ തമിഴ്‌നാട് സന്ദര്‍ശനം കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷമാണ് ഇ.ഡി റെയ്‌ഡെന്നും സ്റ്റാലിന്‍ പറഞ്ഞു.

കടുത്ത മനുഷ്യാവകാശലംഘനമാണ് നടക്കുന്നതെന്ന് ഡി.എം.കെ നേതാവ് ഇളങ്കോയും ബി.ജെ.പി വിരട്ടിയാല്‍ തങ്ങള്‍ പേടിക്കില്ലായെന്ന് യുവജനക്ഷേമ- കായികവികസന മന്ത്രി ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. നിലവില്‍ സ്റ്റാലിന്റെ വീട്ടില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കഴിഞ്ഞ ദിവസം ബാലാജിയുടെ സെക്രട്ടേറിയേറ്റിലെ ഓഫീസിലും റെയ്ഡ് നടന്നിരുന്നു. രാവിലെ മന്ത്രിയുടെ വീട്ടിലും ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു.

ഔദ്യോഗിക വസതിയും സഹോദരന്റെ വീടുമടക്കം 12 കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയതിന് പിന്നാലെ സെക്രട്ടറിയേറ്റിലും പരിശോധനക്കെത്തുകയായിരുന്നു. ഇ.ഡി. സംഘം എത്തുന്ന സമയത്ത് അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫിലെ മൂന്ന് പേര്‍ മാത്രമേ ഓഫീസിലുണ്ടായിരുന്നുള്ളൂ.

നേരത്തെ ബാലാജിക്ക് ആദായ നികുതി വകുപ്പിന്റെ പരിശോധനയുമുണ്ടായിരുന്നു. ഐ.ടി. വകുപ്പിന്റെ റെയ്ഡിന്റെ സമയത്ത് തന്നെ രാഷ്ട്രീയ പ്രേരിത നീക്കങ്ങള്‍ നടക്കുന്നുവെന്ന് അന്ന് തന്നെ ഡി.എം.കെ ആരോപിച്ചിരുന്നു.

ജയലളിതയുടെ കീഴില്‍ മന്ത്രിയായിരുന്ന ബാലാജി അഴിമതി കേസില്‍ ആരോപണം നേരിട്ടിരുന്നു. പിന്നീട് ഡി.എം.കെയിലേക്ക് എത്തിയ ഇദ്ദേഹത്തിനെതിരെ പൊലീസ്, ഇ.ഡി അന്വേഷണം നടത്താന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു.

2016ല്‍ അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന രാമ മോഹന്‍ റാവുവിനെതിരെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് കേന്ദ്ര ഏജന്‍സികളുടെ പരിശോധന അവസാനം തമിഴ്നാട് സെക്രട്ടറിയേറ്റില്‍ നടന്നത്.

content highlights: ED arrested Senthil Balaji; He was admitted to the hospital due to chest pain