Economic Crisis
പ്രാരാബ്ദക്കാരനായ സര്‍ക്കാരും പൊളിയുന്ന ബാങ്കുകളും
ഫാറൂഖ്
Sunday, 6th October 2019, 12:36 pm
ബാങ്കിംഗ് എന്നത് റോക്കറ്റ് സയന്‍സിനേക്കാളും ഭയങ്കരമാണെന്ന് വിദഗ്ധര്‍ പറയും. എന്നുവെച്ച് നമ്മള്‍ സാധാരണക്കാര്‍ മനസ്സിലാക്കാന്‍ ശ്രമിക്കാന്‍ പാടില്ല എന്നൊന്നുമില്ലല്ലോ. കറുത്ത ബുള്ളറ്റില്‍ വന്നു നാട്ടുകാര്‍ക്ക് പണം പലിശക്ക് കൊടുക്കുന്ന കറുപ്പുസ്വാമിയും ഹോളിമാതാ ഫിന്‍കോര്‍പ് എന്ന പേരില്‍ ബ്ലേഡ് കമ്പനി നടത്തുന്ന ജോസഫ് മുതലാളിയും, സഹകരണ ബാങ്ക് നടത്തുന്ന സഖാക്കളും മുതല്‍ യെസ് ബാങ്കും, ഫെഡറല്‍ ബാങ്കും, എസ്.ബി.ഐയും, എച്ച്.എസ്.ബി.സിയും, ഡ്യൂഷെ ബാങ്കും വരെ നടത്തുന്നത് ഒരേ പരിപാടിയാണ് – പരമാവധി കുറഞ്ഞ പലിശക്ക് നിക്ഷേപകരുടെ കയ്യില്‍ നിന്ന് പണം വാങ്ങി പരമാവധി കൂടിയ പലിശക്ക് ആവശ്യക്കാര്‍ക്ക് വായ്പ കൊടുക്കുക. അതില്‍ വരുന്ന വ്യത്യാസത്തില്‍ ശമ്പളവും മറ്റു ചിലവുകളും കഴിച്ചാല്‍ ബാക്കി ബാങ്കറുടെ ലാഭം.
വാങ്ങിയവര്‍ കടം തിരിച്ചടച്ചില്ലെങ്കില്‍ ബാങ്ക് പൊളിയും. അങ്ങനെ പൊളിയാതിരിക്കാന്‍ ബാങ്കര്‍മാര്‍ പല മാര്‍ഗങ്ങളും സ്വീകരിക്കും. കറുപ്പുസ്വാമിക്ക് ഗുണ്ടകളുണ്ട്, കുറെ ബ്ലാങ്ക് പേപ്പറുകളും ഒപ്പിടീക്കും. ജോസഫ് മുതലാളി അടിയാധാരം വരെ വാങ്ങിവെക്കും, സഹകരണ ബാങ്കുകള്‍ക്ക് സ്വര്‍ണമാണ് പഥ്യം. ഇടത്തരം ബാങ്കുകള്‍ സര്‍ക്കാരുദ്യോഗസ്ഥര്‍ക്കോ മറ്റു സ്ഥിരാവരുമാനക്കാര്‍ക്കോ എംപ്ലോയര്‍ ഗ്വാരന്റിയില്‍ കടം കൊടുക്കും.
വലിയ ബാങ്കുകള്‍ കടം കൊടുക്കുന്നത് പ്രധാനമായും വ്യവസായികള്‍ക്കാണ്, അവിടെയാണ് ട്വിസ്റ്റ് – വ്യവസായികള്‍ പണയവും ഈടും ഒന്നും കൊടുക്കാറില്ല, കിട്ടിയാല്‍ കിട്ടി, അത്രയേ ഉള്ളൂ.
അതെന്താണ് അങ്ങനെ എന്ന് ചോദിച്ചാല്‍, ബാങ്ക് വലുതാവുമ്പോള്‍ നിക്ഷേപകര്‍ കൂടും, നിക്ഷേപവും. അതിനനുസരിച്ചു വായ്പ വാങ്ങുവാന്‍ ചെറുകിടക്കാരെ കിട്ടില്ല. പണം ബാങ്കില്‍ കെട്ടി കിടന്നാല്‍ ബാങ്ക് നഷ്ടത്തിലാവും. വായ്പ കൊടുത്താലും ഇല്ലെങ്കിലും നിക്ഷേപകര്‍ക്ക് സമയാസമയം പലിശ കൊടുക്കണം.
ബാങ്കുകളെ സംബന്ധിച്ചിടത്തോളം നിക്ഷേപകരെ കിട്ടുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് വായ്പയെടുക്കാന്‍ ആളെ കിട്ടുന്നത്. വ്യവസായികളും റിയല്‍ എസ്റ്റേറ്റ് നിര്‍മാതാക്കളുമൊക്കെ ആയിരക്കണക്കിന് കോടി ഒന്നിച്ചു വായ്പയെടുക്കും, ആ പണം കൊണ്ട് ഫാക്ടറികളും ഫ്‌ലാറ്റുകളും ഒക്കെ നിര്‍മിച്ചു ലാഭമുണ്ടാക്കി ബാങ്കിന്റെ പലിശയും മുതലും തിരിച്ചടക്കും. കുറെ തിരിച്ചടവൊക്കെ മുടങ്ങും, ചെറിയ നഷ്ടമൊക്കെ വരും, എന്നാലും മൊത്തത്തില്‍ ലാഭമായിരിക്കും. ഇതൊക്കെ ലോകം മുഴുവന്‍ നടക്കുന്ന കാര്യമാണ്, പുതിയതൊന്നുമല്ല.
ഇതിനിടക്ക് ഒരു കുനുഷ്ടുണ്ട് – NBFC, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നോ മറ്റോ മലയാളത്തില്‍ പറയും. ഇവര്‍ സാധാരണക്കാരില്‍ നിന്ന് നിക്ഷേപം സ്വീകരിക്കില്ല, പക്ഷെ കടം കൊടുക്കും. ബാങ്കുകളാണ് ഇവര്‍ക്ക് കടം കൊടുക്കാനുള്ള കാശ് കടമായി കൊടുക്കുന്നത്. എങ്കില്‍ പിന്നെ ബാങ്കുകാര്‍ക്ക് നേരിട്ട് കൊടുത്താല്‍ പോരെ എന്ന് ചോദിക്കരുത്. ബാങ്കിന് എല്ലാ കാര്യത്തിലും ഇടപെടാനുള്ള സാങ്കേതിക ജ്ഞാനം ഇല്ല എന്നത് കൊണ്ടാണ് ഇങ്ങനത്തെ അറേഞ്ച്‌മെന്റ്.
ഉദാഹരണമായി ഐ.എല്‍.എഫ്.എസ്. അവര്‍ ഹൈവേ നിര്‍മാണം, ടോള്‍ പിരിവ് തുടങ്ങിയ ഏര്‍പ്പാടുകള്‍ക്ക് പണമിറക്കുന്നവരാണ്, ബാങ്കുകള്‍ക്ക് ഈ ബിസിനസ് അറിയില്ല, അതുകൊണ്ട് ബാങ്കുകാര്‍ ഇവര്‍ മുഖേന കടം കൊടുക്കും. ഇങ്ങനെ പലതുണ്ട്- DHLF, ഇന്ത്യ ബുള്‍സ്, ശ്രീറാം ട്രാന്‍സ്പോര്‍ട് എന്നിങ്ങനെ.
അങ്ങനെ വാങ്ങിയും കൊടുത്തും നല്ലോണം നടന്നു പോന്നിരുന്ന സാമാന്യം വലിയ ഒരു ബാങ്കായിരുന്നു പി.എം.സി ബാങ്ക്. 137 ബ്രാഞ്ചുകള്‍. ഏകദേശം 12000 കോടിയുടെ നിക്ഷേപങ്ങള്‍, അഞ്ചു ലക്ഷത്തോളം നിക്ഷേപകര്‍. പ്രധാനമായും കടം കൊടുത്തിരുന്നത് എച്.ഡി.ഐ.എല്‍ എന്ന ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക്. എച്.ഡി.ഐഎല്‍ ചെറിയ കമ്പനിയല്ല, മുംബയിലെ കണ്ണായ സ്ഥലം മുഴുവന്‍ ഫ്‌ളാറ്റുകള്‍ നിര്‍മിക്കുന്ന, പതിനായിരം കോടിക്കടുത്തു വിറ്റു വരവുണ്ടായിരുന്ന കമ്പനി.
എല്ലാ ഫ്‌ളാറ്റ് നിര്‍മാതാക്കളെയും പോലെ അത്യാവശ്യം തട്ടിപ്പും തിരിമറികളും ഒഴിച്ച് നിര്‍ത്തിയാല്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തിന് മുകളിലായി പതിനായിരക്കണക്കിന് ഫ്‌ളാറ്റുകള്‍ നിര്‍മിച്ചു കൊടുത്ത കമ്പനി. ആ കമ്പനിക്ക് മൊത്തം വായ്പയുടെ 70 ശതമാനത്തിനടുത്തു കൊടുത്തതിനാണ് പി.എം.സി ബാങ്ക് മേധാവികളെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ആ വായ്പയില്‍ ഒന്ന് രണ്ടു നിയമ ലംഘനങ്ങളുണ്ട്. ആദ്യത്തേത്, ഒരു കമ്പനിക്ക് മാത്രം മൊത്തം വായ്പയുടെ പതിനാറു ശതമാനത്തിന് മുകളില്‍ കൊടുക്കാന്‍ പാടില്ല എന്നൊരു നിയമമുണ്ട്. ബാങ്കുകാര്‍ പൊതുവെ അത് ലംഘിക്കും, കാരണം കടം വാങ്ങാന്‍ നല്ല ഒരുത്തനെ കിട്ടാനാണ് ബുദ്ധിമുട്ട് എന്ന് ആദ്യമേ പറഞ്ഞായിരുന്നല്ലോ. കൃത്യമായി തിരിച്ചടവ് നടത്തി കൊണ്ടിരിക്കുന്ന കമ്പനിക്ക് ബാങ്കുകാര്‍ പിന്നെയും പിന്നെയും കാശ് കൊടുക്കും.
രണ്ടാമത്തെ നിയമലംഘനം ഫ്‌ളാറ്റ് വാങ്ങുന്ന ആള്‍ക്കല്ലാതെ ബില്‍ഡര്‍ക്ക് ബാങ്കുകാര്‍ നേരിട്ട് പണം കൊടുക്കാന്‍ പാടില്ല എന്ന റൂളിന്റെ ലംഘനമാണ്. ഫ്‌ളാറ്റ് പൊങ്ങിക്കൊണ്ടിരിക്കെ ഘട്ടം ഘട്ടമായി ഫ്‌ളാറ്റ് വാങ്ങുന്നവര്‍ കാശു കൊടുത്തു കൊണ്ടിരിക്കും, അത് വച്ച് ബില്‍ഡര്‍മാര്‍ ഫ്‌ളാറ്റ് പണിയണം എന്നതാണു നിയമം. ഫ്‌ളാറ്റ് വാങ്ങുന്നവര്‍ക്ക് ലോണ്‍ ബാങ്കുകാര്‍ കൊടുക്കും.
ഈ നിയമമാണ് ഏട്ടിലെ മറ്റൊരു പശു. ഫ്‌ളാറ്റ് പൊങ്ങി പത്തും ഇരുപതും നില കഴിയുമ്പോഴേ പലപ്പോഴും വാങ്ങാന്‍ ആളെ കിട്ടി തുടങ്ങൂ. അത് വരെ ബില്‍ഡര്‍ കാശ് മുടക്കി കൊണ്ടിരിക്കണം. ബില്‍ഡര്‍ എന്ന് പറഞ്ഞാല്‍ ബില്‍ഡര്‍ക്ക് കാശ് കൊടുക്കുന്ന ബാങ്ക്. പണി പൂര്‍ത്തിയാവുന്ന മുറക്ക് ഫ്‌ളാറ്റ് വാങ്ങിയവര്‍ പണം ബില്‍ഡര്‍ക്ക് നല്‍കും, അവരത് ബാങ്കില്‍ അടക്കും.
ഫ്‌ളാറ്റ് വാങ്ങുന്നവര്‍ക്കും ലോണ്‍ കൊടുക്കുന്നത് ബാങ്ക് തന്നെയാണ്, മിക്കവാറും ഇതേ ബാങ്ക്. ഫ്‌ളാറ്റ് വാങ്ങിയവര്‍ ഈ ലോണ്‍ അവരുടെ ജീവിതകാലം മുഴുവന്‍ അധ്വാനിച്ചു തിരിച്ചടക്കും, ഇല്ലെങ്കില്‍ ബാങ്കുകാര്‍ ഫ്‌ളാറ്റ് ലേലത്തിന് വെക്കും.
അങ്ങനെയിരിക്കെ ഒരു നവംബര്‍ എട്ടു വന്നു, ഗര്‍മേ ശാദി ഹേ, ലെകിന്‍ പൈസ നഹി. എല്ലാരുടെ പൈസയും പോയി. പിന്നെ ജി.എസ്.ടി വന്നു, RERA ആക്ട് വന്നു. ചെറുകിട കമ്പനികള്‍ കുറെ പൂട്ടി, വലിയ കമ്പനികളൊക്കെ നഷ്ടത്തിലായി. കുറെ പേരുടെ ജോലി പോയി, മറ്റുള്ളവരുടെ ജോലി എപ്പോ വേണമെങ്കിലും പോവാം എന്ന നിലയിലായി.
ജോലിയിലുള്ള അനിശ്ചിതത്വവും വരുമാനത്തിലുള്ള കുറവും മൂലം ആളുകള്‍ ഫ്‌ലാറ്റ് വാങ്ങുന്നത് നിര്‍ത്തി, കുറെ പേര്‍ക്ക് വാങ്ങിയ ഫ്‌ളാറ്റിന്റെ കുടിശിക തിരിച്ചടക്കാന്‍ കഴിയാതെയായി. വരവ് നിന്നതോടെ ബില്‍ഡര്‍മാരുടെ ക്രൈയ്നുകള്‍ ആകാശത്തോട്ടു നോക്കി ഒറ്റ നില്പായി, അനങ്ങില്ല.
രണ്ടര ലക്ഷം ഫ്‌ളാറ്റുകള്‍ അങ്ങനെ പകുതിയും മുക്കാലും പൂര്‍ത്തിയാകാതെ നില്പുണ്ട്, അതില്‍ മുപ്പതിനായിരം എന്നെന്നേക്കുമായി ഉപേക്ഷിച്ചു എന്ന് ഡിക്ലയര്‍ ചെയ്തിട്ടുണ്ട്. ഒട്ടേറെ നിര്‍മാണ കമ്പനികളും ബാങ്കിതര കടംകൊടുപ്പുകാരും പാപ്പരായി, ബാക്കിയുള്ളവര്‍ ഇന്ന് ഞാന്‍ നാളെ നീ എന്നും പറഞ്ഞു കാത്തിരിക്കുന്നു. ഇവര്‍ക്കൊക്കെ പണം കൊടുത്ത ബാങ്കുകാരുടെ കഥ പിന്നെ പറയണ്ടല്ലോ. ഐ.എല്‍.എഫ്.എസ് മാത്രം ഒരു ലക്ഷം കോടി നഷ്ടം വരുത്തി, ഡി.എച്.എല്‍.എഫ് മുപ്പത്തെട്ടായിരം കോടിയും, അതില്‍ താഴെയുള്ള നഷ്ടക്കണക്കൊന്നും ഇപ്പോള്‍ ആരും പറയാറില്ല.
ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ കടക്കണക്ക് പി.എം.സി ബാങ്കും യെസ് ബാങ്കും പൊളിഞ്ഞതിന്റെ സാഹചര്യത്തില്‍ പറഞ്ഞെന്നേയുള്ളൂ, ബാങ്കുകള്‍ക്ക് ഏറ്റവും കൂടുതല്‍ കാശു കൊടുക്കാനുള്ളത് ഫ്‌ളാറ്റ് നിര്‍മാതാക്കളൊന്നുമല്ല. ക്രോണി ക്യാപിറ്റലിസ്റ്റുകള്‍ എന്ന് വിളിക്കപ്പെടുന്ന, സര്‍ക്കാരില്‍ തങ്ങള്‍ക്കുള്ള സ്വാധീനം ഉപയോഗിച്ച് ബാങ്കുകളില്‍ നിന്ന് ലോണ്‍ എടുത്തു മുങ്ങുകയോ പൊളിഞ്ഞു പാളീസാകുകയോ ചെയ്ത വ്യവസായികളാണ്.
അനില്‍ അംബാനി, വിജയ് മല്യ, നീരവ് മോഡി , ചോക്സി തുടങ്ങിയ വേന്ദ്രന്മാര്‍. എല്ലാവരും ചേര്‍ന്ന് ബാങ്കുകള്‍ക്ക് കൊടുക്കാനുള്ളത് പത്തു പതിനഞ് ലക്ഷം കോടി വരും, കൃത്യമായ കണക്കില്ല.
ഇങ്ങനെ കിട്ടാക്കടം കൂടിക്കൂടി ബാങ്കുകള്‍ പൊളിയുമോ- ഇല്ല. അതിനു സര്‍ക്കാര്‍ സമ്മതിക്കില്ല എന്നതാണ് വാസ്തവം. ബാങ്ക് പൊളിഞ്ഞാല്‍ നിക്ഷേപകര്‍ക്ക് പരമാവധി ലഭിക്കുന്നത് ഒരു ലക്ഷം രൂപയാണ്, അത് തന്നെ ഏതെങ്കിലും കാലത്തു കിട്ടിയാല്‍ കിട്ടി. പി.എം.സി പോലുള്ള താരതമ്യേന ചെറിയ ബാങ്കുകള്‍ പൊളിഞ്ഞോട്ടെ വിചാരിക്കുന്നത് പോലെ എസ്.ബീ.ഐ പോലുള്ള വലിയ ബാങ്കുകള്‍ പൊളിഞ്ഞോട്ടെ എന്ന് വക്കാന്‍ സര്‍ക്കാരിന് കഴിയില്ല.
രാജ്യത്ത് കലാപങ്ങളും പട്ടിണി മരണങ്ങളും നടക്കും. അതുകൊണ്ടാണ് കൊല്ലാ കൊല്ലം ബാങ്ക് ഉത്തേജന പാക്കേജുകള്‍ എന്ന പേരില്‍ നാട്ടുകാര്‍ ടാക്‌സ് അടച്ച പണം സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് വെറുതെ കൊടുക്കുന്നത്.
ഗവണ്‍മെന്റ് തന്നെ ഒരു പ്രാരാബ്ധക്കാരനാണ്, കുറച്ചു വരുമാനവും അതിലേറെ ചിലവുമുള്ള പ്രാരാബ്ധക്കാരന്‍. നമ്മള്‍ അടക്കുന്ന ടാക്‌സ്, പ്രകൃതി വിഭവങ്ങള്‍ ലേലം ചെയ്തു കിട്ടുന്ന കാശ്, പൊതുമേഖലാ സ്ഥാപനങ്ങള്‍ വല്ല ലാഭ വിഹിതവും തരുന്നുണ്ടെങ്കില്‍ അത് തുടങ്ങിയവയാണ് സര്‍ക്കാരിന്റെ വരുമാനങ്ങള്‍.
പട്ടാളം, ശമ്പള ചിലവ്, തൊഴിലുറപ്പ്, പല പല യോജനകള്‍, പണ്ട് കടം വാങ്ങിയതിന്റെ പലിശ തുടങ്ങിയവയാണ് ചിലവുകള്‍. വരവില്‍ കൂടുതല്‍ ചിലവുണ്ടെങ്കില്‍ അതിനെ ധനക്കമ്മി എന്ന് പറയും. താരതമ്യേന സ്ഥിരതയുള്ള ഒരു സമ്പദ്‌വ്യവസ്ഥയില്‍ മൂന്നു ശതമാനം വരെ ധനക്കമ്മിയാവാം. ഇന്ത്യയുടെത് ഇപ്പോള്‍ തന്നെ 5.8 ആണെന്നാണ് സി.എ.ജി റിപ്പോര്‍ട്ട്.
വരുമാനത്തേക്കാള്‍ ചിലവ് കൂടുമ്പോള്‍ സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ ഇറക്കും. കടപ്പത്രം എന്നാല്‍ സര്‍ക്കാര്‍ പലിശക്ക് കടം വാങ്ങുന്നു എന്നേയുള്ളൂ. അതും ചിലവിന് തികയുന്നില്ലെങ്കില്‍ ഏതെങ്കിലുമൊക്കെ പൊതുമേഖലാ സ്ഥാപനം വില്‍ക്കും. ഇത് കൊണ്ടൊന്നും തികയുന്നില്ലെങ്കില്‍ റിസര്‍വ് ബാങ്കിനോട് ചോദിക്കും. ഭരണഘടനാപരമായി സര്‍ക്കാരാണ് റിസര്‍വ് ബാങ്കിന്റെ ഉടമസ്ഥന്‍, ചോദിച്ചാല്‍ കൊടുക്കാതിരിക്കാന്‍ പറ്റില്ല.
റിസര്‍വ് ബാങ്കിന് മറ്റുള്ള ബാങ്കുകളെ അപേക്ഷിച്ചു ഒരു പ്രത്യേകതയെ ഉളളൂ, അവര്‍ക്ക് സ്വന്തമായി പ്രിന്റിങ് പ്രസ്സ് ഉണ്ട്. അവിടെ നോട്ടടിക്കാം. എത്ര നോട്ടടിക്കാം എന്നതിന് ചില കണക്കുകളൊക്കെ ഉണ്ട്, അതില്‍ കൂടുതല്‍ അടിച്ചാല്‍ രാജ്യത്ത് പണപ്പെരുപ്പം കൂടും, രൂപയുടെ മൂല്യം കുറയും. രാജ്യം എന്തെങ്കിലും പ്രതിസന്ധിയിലൂടെ പോകുകയാണെങ്കില്‍ ഉപയോഗിക്കാന്‍ കുറച്ചു പണം അവര്‍ കരുതി വക്കും.
ഈ അടുത്തിടെ സര്‍ക്കാര്‍ ആ കാശ് ചോദിച്ചു, കൊടുത്തു. കഴിഞ്ഞ ആഴ്ച മുപ്പതിനായിരം കോടി ചോദിച്ചു, അതും പ്രിന്റ് ചെയ്തു കൊടുത്തു. നികുതി വരുമാനം കുറഞ്ഞു കൊണ്ടിരിക്കുകയും ബാങ്കുകളുടെ കിട്ടാക്കടം കൂടി കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ ബാങ്കുകളെ പൊളിയാതെ നോക്കണമെങ്കില്‍ സര്‍ക്കാര്‍ ഇനിയും കാശ് ചോദിച്ചു കൊണ്ടേ ഇരിക്കും, റിസേര്‍വ് ബാങ്ക് ഇനിയും ഒരു പാട് നോട്ടുകള്‍ പ്രിന്റ് ചെയ്യേണ്ടി വരും.
ഇത്രയും മതി. ഇനി നിങ്ങള്‍ വെനിസ്വല, അര്‍ജന്റീന, ഗ്രീസ് എന്നൊക്കെ ഗൂഗിള്‍ ചെയ്‌തോളൂ.
ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ