വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന ആവശ്യത്തില്‍ കമ്മീഷനു താത്പര്യമില്ല; ജനവിധി അട്ടിമറിക്കപ്പെടാന്‍ പാടില്ലെന്നും ചന്ദ്രബാബു നായിഡു
ന്യൂദല്‍ഹി: വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന തങ്ങളുടെ ആവശ്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനു താത്പര്യമില്ലെന്ന് ടി.ഡി.പി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡു. സാമ്പിള്‍ വിവിപാറ്റും ഇ.വി.എമ്മില്‍ രേഖപ്പെടുത്തിയ വോട്ടുകളും തമ്മില്‍ പൊരുത്തക്കേടുണ്ടെങ്കില്‍, പ്രസ്തുത മണ്ഡലത്തിലെ മുഴുവന്‍ വിവിപാറ്റ് രസീതുകളും എണ്ണണമെന്ന ആവശ്യവുമായി പ്രതിപക്ഷപാര്‍ട്ടികള്‍ കമ്മീഷനെ കണ്ട് തിരിച്ചിറങ്ങവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഞങ്ങളുടെ ആവശ്യം ന്യായമാണ്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ ഒട്ടേറെത്തവണ അറിയിച്ചതാണ്. കൂടാതെ സുപ്രീംകോടതി വരെ പോയതുമാണ്. ഓരോ മണ്ഡലത്തിലെയും അഞ്ച് വിവിപാറ്റിലെ രസീതുകള്‍ എണ്ണുന്നത് വോട്ടെണ്ണലിന്റെ ആദ്യം തന്നെ ചെയ്യണം. അതില്‍ കമ്മീഷനു താത്പര്യമില്ല. അതിലെന്തെങ്കിലും പിഴവ് കാണുകയാണെങ്കില്‍ മുഴുവന്‍ വിവിപാറ്റുകളും എണ്ണി അതിന്റെ അടിസ്ഥാനത്തിലായിരിക്കണം ഫലം പ്രഖ്യാപിക്കേണ്ടത് എന്നാണു ഞങ്ങളുടെ ആവശ്യം. പക്ഷേ ഇതിലെന്താണ് കമ്മീഷനു പ്രശ്‌നമെന്നു മനസ്സിലാകുന്നില്ല. മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറും ഇതേ ആവശ്യമുന്നയിച്ചതാണ്. വോട്ടര്‍മാര്‍ക്കിടയില്‍ കമ്മീഷന്‍ സുതാര്യതയും ആത്മവിശ്വാസവും ഉണ്ടാക്കണമെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ആവശ്യപ്പെട്ടിരുന്നു.’- അദ്ദേഹം പറഞ്ഞു.
ജനവിധി അട്ടിമറിക്കപ്പെടാന്‍ പാടില്ല. അതിനെ ബഹുമാനിക്കണമെന്നാണു ഞങ്ങള്‍ പറയുന്നത്. കമ്മീഷന്‍ പറയുന്നത് ഒരു രക്തസാമ്പിള്‍ മതിയെന്നാണ്. പക്ഷേ ആ സാമ്പിളില്‍ ശരീരത്തിലെ മുഴുവന്‍ മാലിന്യവും കണ്ടാല്‍ നിങ്ങള്‍ക്ക് ആ ശരീരം മുഴുവന്‍ സ്‌കാന്‍ ചെയ്യേണ്ടിവരില്ലേയെന്നും നായിഡു ചോദിച്ചു.
ഇ.വി.എമ്മുകളുമായി ബന്ധപ്പെട്ട ആശങ്കകള്‍ കഴിഞ്ഞ ഒന്നര മാസമായി തങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണെന്നും, എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് ചെവിക്കൊണ്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് അഭിഷേക്മനു നേരത്തേ സിങ്വി കുറ്റപ്പെടുത്തിയിരുന്നു.
സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, സിങ്‌വി, ബി.എസ്.പിയുടെ സതീഷ് ചന്ദ്ര മിശ്ര, എസ്.പിയുടെ രാംഗോപാല്‍ യാദവ്, ആര്‍.ജെ.ഡിയുടെ മനോജ് ഝാ, ദല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയവരാണു നേരത്തേ കമ്മീഷനെ കണ്ടത്.
വോട്ടിങ് യന്ത്രങ്ങള്‍ സ്വകാര്യ വാഹനങ്ങളില്‍ കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നതും ഇവര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തി. ഒരു മണിക്കൂറോളം ഇവര്‍ കമ്മീഷനുമായി ചര്‍ച്ച നടത്തി.
നേരത്തെ എല്ലാ മണ്ഡലങ്ങളിലേയും മുഴുവന്‍ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി സുപ്രീം കോടതി തള്ളിയിരുന്നു. ഒരു സംഘം സാങ്കേതിക വിദഗ്ധര്‍ സമര്‍പ്പിച്ച ഹര്‍ജിയായിരുന്നു സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് തള്ളിയത്.
‘സുപ്രീം കോടതിയുടെ ബെഞ്ച് നേരത്തെ തന്നെ ഈ വിഷയത്തില്‍ തീരുമാനം എടുത്തതാണെന്നും വീണ്ടും ഇതേ പരാതി പരിഗണിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ഈ ഹര്‍ജി തന്നെ വിഡ്ഡിത്തമാണെന്നും ആയിരുന്നു സുപ്രീം കോടതി ഹര്‍ജി തള്ളിക്കൊണ്ട് പറഞ്ഞത്.