തിരുവനന്തപുരം: ഡി.വൈ.എഫ്.ഐയെപ്പോലെ യുവമോര്‍ച്ചയുടെ പ്രവര്‍ത്തന മേഖലയില്‍ മാറ്റം വേണമെന്ന് ജേക്കബ് തോമസ്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഡി.വൈ.എഫ്.ഐ ജനങ്ങള്‍ക്ക് ഏറ്റവും സ്വീകാര്യമായി തോന്നുന്ന സേവനമേഖലയിലേക്ക് മാറി. അതുപോലെ യുവമോര്‍ച്ചയും മാറണം,’ ജേക്കബ് തോമസ് പറഞ്ഞു.
യുവമോര്‍ച്ച പ്രതിഷേധവുമായല്ല നടക്കേണ്ടതെന്നും കൂടുതല്‍ സേവനത്തിലേക്ക് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ പരാജയത്തിന് ശേഷം കേന്ദ്രനേതൃത്വം തന്നോട് റിപ്പോര്‍ട്ട് തേടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് നിലവില്‍ നേതൃമാറ്റം ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുറത്തുനിന്ന് കണ്ട ബി.ജെ.പിയും അകത്തുചെന്നപ്പോഴുള്ള ബി.ജെ.പിയും ഒന്നല്ല. കേരളത്തിലെ ബി.ജെ.പിയില്‍ മൂന്നു വര്‍ഷത്തെ കാലാവധിക്കുള്ളില്‍ ചില മാറ്റങ്ങള്‍ വേണം,’ അദ്ദേഹം പറഞ്ഞു.
കൂടിയാലോചനകള്‍ക്ക് ശേഷമാണ് കെ. സുരേന്ദ്രനെ പ്രസിഡന്റാക്കിയതെന്നും തോല്‍വിയുടെ പേരില്‍ നേതാവിനെ പെട്ടെന്ന് മാറ്റേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ബി.ജെ.പി. സംസ്ഥാന നേതൃയോഗത്തില്‍ കെ.സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പക്ഷത്തെ നേതാക്കളാണ് സുരേന്ദ്രന്റെ രാജിയാവശ്യപ്പെട്ട് രംഗത്തെത്തിയതെന്നാണ് റിപ്പോര്‍ട്ട്.
പ്രവര്‍ത്തകര്‍ക്ക് നിലവിലുള്ള നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ പരാജയത്തിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് കെ. സുരേന്ദ്രന്‍ രാജിവെക്കണമെന്നാണ് ഈ വിഭാഗം ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം സംബന്ധിച്ച് ഓഡിറ്റിങ് വേണമെന്നും സംസ്ഥാന നേതൃയോഗത്തില്‍ ആവശ്യമുയര്‍ന്നു.
ഫണ്ട് വിനിയോഗം സംബന്ധിച്ച് കൃത്യമായ കണക്ക് അവതരിപ്പിക്കണമെന്നും ഇരുട്ടുകൊണ്ട് ഓട്ടയടക്കാനുള്ള ശ്രമമാണ് നേതാക്കള്‍ നടത്തുന്നതെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
അതേസമയം, പാര്‍ട്ടിയില്‍ അച്ചടക്കം പരമപ്രധാനമാണെന്ന് കെ. സുരേന്ദ്രന്‍ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. അച്ചടക്കം ലംഘിക്കുന്നവരെ തിരുത്താനുള്ള നടപടിയുണ്ടാകും. കോണ്‍ഗ്രസ് അല്ല ബി.ജെ.പിയെന്നും കെ. സുരേന്ദ്രന്‍ നേതാക്കളെ ഓര്‍മ്മിപ്പിച്ചു.
ഇന്ന് രാവിലെയാണ് കാസര്‍ഗോഡ് ബി.ജെ.പി. സംസ്ഥാന നേതൃയോഗം ആരംഭിച്ചത്. ഉച്ചക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം സംബന്ധിച്ച് ചര്‍ച്ച നടന്നത്.