'ചെത്തുകാരന്റെ മകനെന്നത് മുഖ്യമന്ത്രിയാകാനുള്ള അയോഗ്യതയായി കാണുന്നുണ്ടോ?'; കെ. സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്റെ പരാമര്‍ശത്തിനെതിരെ ഡി.വൈ.എഫ്.ഐ. ചെത്തുകാരന്റെ മകന്‍’ പരാമര്‍ശം:കോണ്‍ഗ്രസിന്റെ സംഘപരിവാര്‍ മനസിന്റെ തെളിവാണെന്ന് ഡി.വൈ.എഫ്.ഐ പറഞ്ഞു.
ചെത്തുകാരന്റെ മകനെന്നത് മുഖ്യമന്ത്രിയാകാനുള്ള അയോഗ്യതയായി കോണ്‍ഗ്രസ് കാണുന്നുണ്ടോ? എന്നും ഡി.വൈ.എഫ്.ഐ ചോദിച്ചു. ആധുനിക സമൂഹത്തില്‍ ആരും പറയാത്ത ആക്ഷേപമാണ് മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് നടത്തിയത്. ഏതെങ്കിലും തൊഴിലെടുക്കുന്നത് അപമാനമല്ല, അഭിമാനമാണ്. എല്ലാതൊഴിലിനും മാന്യതയുണ്ട്. അതുമനസിലാക്കാന്‍ മനുസ്മൃതി പഠിച്ചാല്‍പോരാ. മാനവിക മൂല്യങ്ങള്‍ പഠിക്കണം എന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു.
കോണ്‍ഗ്രസിനെ ഇന്നു നയിക്കുന്നത് മനുസ്മൃതിയെ ആരാധിക്കുന്ന സംഘപരിവാറിന്റെ ആശയങ്ങളാണ്. വിഷം വമിക്കുന്ന ജാതിബോധമാണ് കോണ്‍ഗ്രസിന് എന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു.
തുടര്‍ച്ചയായി മുഖ്യമന്ത്രിയെ ‘ചെത്തുകാരന്റെ മകന്‍’ എന്നുപറഞ്ഞ് കോണ്‍ഗ്രസും ബി.ജെ.പിയും ഒരുപോലെ ആക്ഷേപിക്കാന്‍ ശ്രമിക്കുകയാണ്. ചെത്തുതൊഴില്‍ ചെയ്ത് ജീവിക്കുന്ന അനേകം മനുഷ്യരെക്കൂടിയാണ് കോണ്‍ഗ്രസ് അധിക്ഷേപിക്കുന്നത്.
മുഖ്യമന്ത്രിക്കെതിരെ ഇതാണ് സമീപനമെങ്കില്‍ സാധാരണക്കാരായ അധസ്ഥിതവിഭാഗത്തില്‍പ്പെടുന്നവരോട് കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും നിലപാട് എത്രമാത്രം വിവേചനപരമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ എന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.