Advertisement
Entertainment
ഏറെ നാളുകൾക്ക് ശേഷം വന്ന് ഒരു റിഹേഴ്സലുമില്ലാതെ പ്രണവ് അഭിനയിച്ചപ്പോൾ ഞാൻ അത്ഭുതപ്പെട്ടു: ധ്യാൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 13, 06:27 am
Saturday, 13th July 2024, 11:57 am

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഈ വര്‍ഷം തിയേറ്ററിലെത്തിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ധ്യാന്‍ ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, അജു വര്‍ഗീസ്, നിവിന്‍ പോളി, നീരജ് മാധവ് തുടങ്ങി വന്‍ താരനിര ഒന്നിച്ച ചിത്രമായിരുന്നു ഇത്.

സിനിമ ബോക്സ് ഓഫീസില്‍ നിന്ന് 80 കോടിയിലധികം കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒ.ടി.ടിയില്‍ എത്തിയതോടെ നിരവധി ട്രോളുകളെയും വിമര്‍ശനങ്ങളെയും നേരിട്ടിരുന്നു. സോണി ലിവിലൂടെയായിരുന്നു ചിത്രം ഇറങ്ങിയത്.

ചിത്രത്തിലെ സെക്കന്റ്‌ ഹാഫിലെ തങ്ങളുടെ റോളുകൾ മോഹൻലാലും ശ്രീനിവാസനുമായിരുന്നു ശരിക്കും ചെയ്യേണ്ടതെന്ന് ധ്യാൻ മുമ്പ് പറഞ്ഞിരുന്നു. പെട്ടെന്നാണ് തങ്ങൾ തന്നെയാണ് ആ വേഷം ചെയ്യേണ്ടതെന്ന് അറിയുന്നതെന്നും ധ്യാൻ പറഞ്ഞു. രണ്ട് വർഷത്തിന് ശേഷം അഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ പ്രണവിന്റെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തിയെന്നും താരം പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോട് സംസാരിക്കുകയായിരുന്നു താരം.

‘ലാൽ സാറും അച്ഛനും ചെയ്യാനിരുന്ന ഒരു വേഷമാണ് സെക്കന്റ്‌ ഹാഫിൽ ഞങ്ങൾ ചെയ്യുന്നത്. അച്ഛന് വയ്യാത്തത് കൊണ്ട് മാത്രമാണ് അത് മാറിപ്പോയത്. സിനിമ തുടങ്ങുന്നതിന് കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഞങ്ങൾ അതറിയുന്നത്.

പ്രണവ് രണ്ട് വർഷത്തിന് ശേഷമാണ് അഭിനയിക്കാൻ വരുന്നത്. രണ്ട് വർഷത്തിന് ശേഷം ക്യാമറയുടെ മുന്നിലേക്ക് വരുകയാണ്. ഹൃദയത്തിന് ശേഷം ചെയ്യുന്ന സിനിമയാണ്. സത്യത്തിൽ ഒരു അഭിനേതാവ് എന്ന നിലയിൽ പ്രണവ് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

കാരണം നമ്മൾ എല്ലാ ദിവസവും ക്യാമറ കാണുന്നുണ്ട്. എല്ലാ ദിവസവും ക്യാമറയുടെ മുന്നിൽ അഭിനയിക്കുന്നുമുണ്ട്. നമുക്ക് അങ്ങനെയുള്ള പ്രശ്നങ്ങൾ ഒന്നുമില്ല. പക്ഷെ രണ്ട് വർഷം ക്യാമറായോ സിനിമയോ ഒന്നുമില്ലാതെ വന്നിട്ട് നേരെ അഭിനയിക്കുക എന്ന് പറയുന്നത് വലിയ കാര്യമാണ്.

‘ഒരു റിഹേഴ്സൽ പോലുമില്ലാതെയാണ് ഫസ്റ്റ് ഷോട്ട് എടുത്തത്. ഞാനും അവനും സിഗരറ്റ് വലിക്കുന്നൊരു ഷോട്ട് ആണ്. എനിക്ക് വലിയ കൺവിൻസിങായി തോന്നിയ ഭാഗമായിരുന്നു അത്. ഒരു ബോൺ സാധനം അവന്റെ ഉള്ളിൽ എവിടെയൊക്കെയോ ഉണ്ട്,’ ധ്യാൻ ശ്രീനിവാസൻ പറയുന്നു.

 

Content Highlight: Dyan Sreenivasan Talk About Pranav Mohanlal’s Performance In Varshanagalk Sesham