ഷെയ്‌നിന്റെ അടി കൊണ്ട് ബോധം പോയി, പെപ്പേയുടെ അടിയിൽ ഒരാളുടെ താടിക്ക് പരിക്കായി: ഹരിശങ്കർ
Film News
ഷെയ്‌നിന്റെ അടി കൊണ്ട് ബോധം പോയി, പെപ്പേയുടെ അടിയിൽ ഒരാളുടെ താടിക്ക് പരിക്കായി: ഹരിശങ്കർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th September 2023, 6:04 pm

ആർ.ഡി.എക്സ് എന്ന സിനിമയിൽ നടന്മാരെ പോലെ സ്ക്രീൻ സ്പേസ് വില്ലന്മാർക്കും ലഭിച്ചിട്ടുണ്ട്. ഒരു സിനിമയിലെ വില്ലന്മാരെ ആഘോഷിച്ച ചിത്രം കൂടിയാണിത്. ചിത്രത്തിലെ ഫൈറ്റ് സീനുകളെപ്പറ്റി പറയുകയാണ് വില്ലൻ കഥാപാത്രം അവതരിപ്പിച്ച ഹരിശങ്കർ.

ഇന്റർവെൽ ഫൈറ്റ് സീനിൽ ഷെയ്‌നിന്റെ ഒരടി മുഖത്തു കിട്ടിയ സമയത്ത് തന്റെ ബോധം പോവുകയും ബോധം വന്നപ്പോൾ ക്ഷമ പറയുകയും ചെയ്‌തെന്ന് ഹരിശങ്കർ. മാതൃഭൂമി.കോമിന് നൽകിയ അഭിമുഖത്തിലാണ് തന്റെ വില്ലൻ കഥാപാത്രത്തിലെ അനുഭവങ്ങൾ ഹരി പങ്കുവെച്ചത്.

‘വില്ലന്മാർക്ക് മാത്രമല്ല, എല്ലാവർക്കും അവിടിവിടെയായി പരിക്കു പറ്റിയിരുന്നു. ഇതേക്കുറിച്ച് പെപ്പെ അങ്ങനെയൊരു പോസ്റ്റിട്ടപ്പോൾ വ്യക്തിപരമായി വളരെ സന്തോഷം തോന്നി. നമ്മളെപ്പോലൊരാളുടെ അധ്വാനത്തേക്കുറിച്ച് അദ്ദേഹത്തേപ്പോലൊരാൾക്ക് തുറന്നെഴുതേണ്ട കാര്യമൊന്നുമില്ല. പക്ഷേ, പെപ്പേ അങ്ങനെ ചെയ്തു, നമ്മളേക്കുറിച്ച് സംസാരിച്ചു എന്നുപറഞ്ഞാൽ അത് അദ്ദേഹത്തിന്റെ ഉള്ളിലെ നന്മയാണ്.

ഇന്റർവെൽ ഫൈറ്റ് സീനിൽ ഷെയ്നിന്റെ ഒരടി എന്റെ മുഖത്ത് കിട്ടുന്നുണ്ട്. അത് സിനിമ കാണുമ്പോൾ മനസിലാവും. അറിയാതെ പറ്റിയതായിരുന്നു. അടികിട്ടി മറിഞ്ഞുവീണ എനിക്ക് അഞ്ച് സെക്കൻഡ് നേരത്തേക്ക് ഒന്നും ഓർമയില്ലാതായിപ്പോയി. ബോധം വന്നപ്പോൾ ഷെയ്ൻ എന്നെ പിടിച്ച് ക്ഷമ പറയുന്നതാണ് കണ്ടത്. എന്റെ കയ്യിൽ ഒരു ചില്ലിൻകഷണം കയറിയിരുന്നു. അതൊളിപ്പിച്ചുവച്ചാണ് പിന്നീടങ്ങോട്ട് അഭിനയിച്ചത്. എല്ലാ ദിവസവും രാത്രി ആശുപത്രിയിൽ പോയി മുറിവുകെട്ടും.

സെക്കൻഡുകളുടെ നേരത്തിൽ ഒന്നുമാറിപ്പോയാൽ എല്ലാം കൈവിട്ടുപോകും. പക്ഷേ, ദൈവം സഹായിച്ച് വലിയ അപകടങ്ങളൊന്നും പറ്റിയില്ല. പിന്നെ ഇടയ്ക്ക് പെപ്പെയുമായുള്ള ഫൈറ്റിൽ വേറൊരാൾക്ക് താടിക്ക് പരിക്ക് പറ്റിയിരുന്നു.പെപ്പെയ്ക്ക് വലിയ കുറ്റബോധം തോന്നിയിരുന്നു. അതു പക്ഷേ, അവർ ഇരുവരുടേയും കുഴപ്പമായിരുന്നില്ല. ഇപ്പോൾ ആലോചിക്കുമ്പോൾ എല്ലാം രസകരമായി തോന്നുന്നു. സുഖമുള്ള വേദന എന്നു പറയില്ലേ? അതായിരുന്നു അത്,’ഹരിശങ്കർ പറഞ്ഞു.

Content Highlight: During the interval fight scene, Harishankar said he lost consciousness when Shane slapped him in the face and apologized when he regained consciousness.