national news
യു.പിയില്‍ ആറ് വര്‍ഷത്തിനിടെ പതിനായിരത്തിലധികം പൊലീസ് ഏറ്റുമുട്ടലുകള്‍; കണക്ക് പുറത്തുവിട്ട് യോഗി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Mar 17, 11:49 am
Friday, 17th March 2023, 5:19 pm

ലഖ്‌നൗ: യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയതിന് ശേഷം യു.പിയിലാകമാനം പതിനായിരത്തിലധികം പൊലീസ് ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ആറ് വര്‍ഷത്തിനിടയില്‍ 63 ക്രിമിനലുകളും ഒരു പൊലീസുകാരനും ഇത്തരത്തില്‍ കൊല്ലപ്പെട്ടതായി യോഗി സര്‍ക്കാര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ഏറ്റുമുട്ടലുകള്‍ നടന്ന ജില്ല മീററ്റാണ്. 2017 മുതല്‍ 3152 തവണ പൊലീസും അക്രമികളും തമ്മില്‍ ജില്ലയില്‍ വെച്ച് ഏറ്റുമുട്ടലുണ്ടായിട്ടുണ്ടെന്നും 1708 പേരെ അറസ്റ്റ് ചെയ്‌തെന്നും റിപ്പോര്‍ട്ടിലുണ്ട്.

ലിസ്റ്റില്‍ രണ്ടാമതുള്ള ആഗ്ര മേഖലയില്‍ 1844 തവണ ഏറ്റുമുട്ടലുണ്ടായതില്‍ 14 പേര്‍ കൊല്ലപ്പെട്ടതായും 4654 പേരെ അറസ്റ്റ് ചെയ്തതായും സര്‍ക്കാര്‍ അറിയിച്ചു. റായ്ബറേലി പൊലീസ് ഡിവിഷനില്‍ 1497 ഏറ്റുമുട്ടലുകളും ഏഴ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായും റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ രാജ്യത്താകമാനം പ്രതിഷേധം ഉയരുന്നതിനിടെ യു.പി സര്‍ക്കാര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ പൊലീസ് നടപടി സര്‍ക്കാരിന്റെ നേട്ടമായി കാണിക്കാനാണ് യു.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

യോഗി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം സംസ്ഥാനത്തെ ക്രമസമാധാനം നിലനിര്‍ത്താനായി ശക്തമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും ഇതിന്റെ ഭാഗമായാണ് പൊലീസ് നടപടികള്‍ ആരംഭിച്ചതെന്നും പത്രക്കുറിപ്പില്‍ പ്രതിപാദിക്കുന്നുണ്ട്.

‘യു.പിയിലെ ലോ ആന്‍ഡ് ഓര്‍ഡര്‍ നിലനിര്‍ത്താനായി ശക്തമായ നടപടികളാണ് യോഗി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. സാമൂഹ്യ വിരുദ്ധര്‍ക്കെതിരെയും മാഫിയ സംഘങ്ങള്‍ക്കെതിരെയും കഠിനമായ നിയമങ്ങളുമായി മുന്നോട്ട് പോവാനാണ് സര്‍ക്കാര്‍ തീരുമാനം,’ സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

കൂടാതെ പൊലീസ് നടപടികളിലൂടെ മാത്രമേ സംസ്ഥാനത്തെ ക്രമസമാധാന നില നിലര്‍ത്താന്‍ സാധിക്കൂവെന്നും കുറ്റകൃത്യങ്ങളില്ലാത്ത യു.പിയെ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പത്രക്കുറിപ്പില്‍ പറഞ്ഞതായി എന്‍.ഡി.ടി.വിയും റിപ്പോര്‍ട്ട് ചെയ്തു.

2023ല്‍ യു.പിയില്‍ വെച്ച് നടന്ന ആഗോള നിക്ഷേപക സമ്മിറ്റിനിടെ പ്രധാന മന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേര്‍ന്ന് യു.പിയിലെ ഏറ്റുമുട്ടലുകളെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. യോഗിയുടെ കീഴില്‍ സംസ്ഥാനത്തെ ക്രമസമാധാനം വീണ്ടെടുക്കാന്‍ സാധിച്ചെന്നാണ് മോദി പറഞ്ഞത്.

Content Highlight: During 6 years u.p reports more than 10000 encounters