Entertainment news
കാന്താ വരുന്നു; പുതിയ പാന്‍ ഇന്ത്യന്‍ ചിത്രവുമായി ദുല്‍ഖര്‍ സല്‍മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 28, 03:09 pm
Friday, 28th July 2023, 8:39 pm

 

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. കാന്താ എന്ന് പേരിട്ടിരിക്കുന്ന ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് സെല്‍വമണി സെല്‍വരാജാണ്.

സ്പിരിറ്റ് മീഡിയയും ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയായ വേഫോറെര്‍ ഫിലിംസും ചേര്‍ന്നാണ് കാന്താ നിര്‍മിക്കുന്നത്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുക.

റാണ ദെഗുബാട്ടിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കാന്തയുടെ ഒരു പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

ലൈഫ് ഓഫ് പൈ ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് സെല്‍വമണി സെല്‍വരാജ്.

അതേസമയം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന കിംഗ് ഓഫ് കൊത്തയിലെ ആദ്യ ഗാനം റിലീസ് ചെയ്തു ‘കലാപകാര’ എന്ന ഗാനമാണ് സോണി മ്യൂസിക്കിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ വഴി പുറതത്തുവിട്ടത്.

ഗാനം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഗാനത്തില്‍ ദുല്‍ഖര്‍ സല്‍മാനും റിതികാ സിങ്ങിനുമൊപ്പം ആയിരത്തില്‍പരം നര്‍ത്തകരും അണിചേരുന്നുണ്ട്

ജേക്സ് ബിജോയ് അണിയിച്ചൊരുക്കിയ ഗാനത്തിന്റെ രചന ജോ പോള്‍ ആണ് നിര്‍വഹിച്ചിരിക്കുന്നത്. ബെന്നി ദയാലും ശ്രേയാ ഘോഷാലുമാണ് ഈ ഐറ്റം നമ്പര്‍ ആലപിച്ചിരിക്കുന്നത്. ഷെരിഫ് മാസ്റ്ററാണ് നൃത്തസംവിധാനം.

അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം: രാജശേഖര്‍, സ്‌ക്രിപ്റ്റ്: അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ്, മേക്കപ്പ് :റോണെക്സ് സേവിയര്‍, വസ്ത്രാലങ്കാരം :പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍ :ഷുഹൈബ് എസ്.ബി.കെ, പ്രൊഡക്ഷന്‍കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, മ്യൂസിക് : സോണി മ്യൂസിക്, പി.ആര്‍.ഒ.: പ്രതീഷ് ശേഖര്‍.

Content Highlight: Dulquer Salman’s new movie announced titled as kaantha