കൊച്ചി: ഗുരുതര രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന 100 കുട്ടികള്‍ക്കായി സൗജന്യ ജീവന്‍ രക്ഷാ ശസ്ത്രക്രിയകളുമായി ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള, കൈറ്റ്‌സ് ഇന്ത്യ എന്നിവയുമായി സഹകരിച്ചാണ് ദുല്‍ഖര്‍ സല്‍മാന്റെ ‘വേഫെറര്‍ – ട്രീ ഓഫ് ലൈഫ്’ എന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം കുട്ടികള്‍ക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ, കേരളത്തിലെ ആസ്റ്റര്‍ മെഡ്‌സിറ്റി – കൊച്ചി, ആസ്റ്റര്‍ മിംസ് – കാലിക്കറ്റ്, ആസ്റ്റര്‍ മിംസ് – കോട്ടക്കല്‍, ആസ്റ്റര്‍ മിംസ് – കണ്ണൂര്‍, ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റല്‍ അരീക്കോട് എന്നിവിടങ്ങളിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളിലെ പരിചയസമ്പന്നരായ ക്ലിനിക്കല്‍ ലീഡുകളുടെ മേല്‍നോട്ടത്തില്‍ ചികിത്സ ലഭ്യമാകും. ലിവര്‍ ആന്‍ഡ് കിഡ്‌നി ട്രാന്‍സ്പ്ലാന്റ്, ബോണ്‍ മാരോ ആന്‍ഡ് സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയ, ഓര്‍ത്തോപീഡിക്‌സ്, ന്യൂറോ സര്‍ജറി, യൂറോളജി എന്നിങ്ങനെ ചികിത്സാച്ചെലവേറിയ രോഗങ്ങള്‍ ബാധിച്ച കുട്ടികള്‍ക്കും ഈ പദ്ധതിയിലൂടെ സൗജന്യ സര്‍ജറി ലഭ്യമാകും. ചികിത്സയുടെ ഭാഗമായി നിര്‍ധനരായ കുട്ടികളുടെ അധികച്ചിലവും ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ വഹിക്കുന്നതാണ്.
‘നാളെയുടെ വാഗ്ദാനങ്ങളായ എല്ലാ കുട്ടികള്‍ക്കും മികച്ച ഒരു ഭാവിയുടെ പ്രതീക്ഷയാണ് ട്രീ ഓഫ് ലൈഫ്. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്ന അനേകര്‍ക്ക് കാരുണ്യവും സമാനതകളില്ലാത്തതുമായ ഈ സംരംഭം ജീവന്‍ നല്‍കുന്ന പ്രവര്‍ത്തിയാണ്.’ ശിശുദിനമായ നവംബര്‍ 14ന് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.
”സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നു എന്ന കാരണം കൊണ്ട് നിരവധി കുട്ടികള്‍ക്ക് ആവശ്യമായ വൈദ്യസഹായം ലഭിക്കാതെ പോവുന്നുണ്ട്. ഈ പദ്ധതിയിലൂടെ, അവരില്‍ ചിലര്‍ക്കെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരാനാകും, ”ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്-കേരള ആന്‍ഡ് ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.
കേരളത്തിലുടനീളമുള്ള കലാകാരന്മാര്‍ക്ക് അവരുടെ സര്‍ഗാത്മക കഴിവുകളെ പ്രദര്‍ശിപ്പിക്കാനും പരിപോഷിപ്പിക്കാനുമുള്ള അവസരങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട ഡി.ക്യു.എഫ് കേരളത്തിലെ 200 കോളേജുകളില്‍ ആര്‍ട്ടിസ്റ്റ് കമ്മ്യൂണിറ്റി രൂപീകരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
കേരളത്തില്‍ നിന്ന് പ്രവര്‍ത്തനങ്ങളാരംഭിച്ച് ഇന്ന് ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന യുവജന സന്നദ്ധ കൂട്ടായ്മയായ കൈറ്റ്‌സ് ഇന്ത്യയിലെ പിന്നോക്ക മേഖലകളില്‍ കമ്മ്യൂണിറ്റി ലൈബ്രറികളും മൈക്രോ ലേണിങ് ഹബുകളും നിര്‍മിച്ചു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത് .
വേഫെറര്‍ ഫിലിംസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോം വര്‍ഗീസ്, വേഫെറര്‍ ഫിലിംസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസറും ഡി.ക്യു.എഫ് സി.ഇ.ഒയുമായ ബിബിന്‍ പെരുമ്പിള്ളി, ആസ്റ്റര്‍ മെഡ്‌സിറ്റി-കൊച്ചി ഡെപ്യൂട്ടി ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. രോഹിത് പി.വി. നായര്‍, കൈറ്റ്‌സ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ഡി.ക്യു.എഫ് പ്രോജക്ട് ഡയറക്ടറുമായ അജ്മല്‍ ചക്കരപ്പാടം, ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി മീഡിയ റിലേഷന്‍സ് ഡെപ്യൂട്ടി മാനേജര്‍ ശരത് കുമാര്‍ ടി.എസ്, കൈറ്റ്‌സ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ക്ലെയര്‍ സി. ജോണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Content Highlight: Dulquer Salmaan with free life saving surgeries for 100 children suffering from critical diseases