കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്ന ആല്‍ബമാണ് എന്‍ജോയ് എന്‍ജ്ജാമി. റാപ്പ് ഗായകന്‍ തെരുക്കുറല്‍ അറിവിന്റെ വരികള്‍ ഗായിക ദീയും അറിവും ചേര്‍ന്ന് ആലപിച്ച എന്‍ജോയ് എന്‍ജ്ജാമി ഇതിനോടകം യൂട്യൂബില്‍ രണ്ട് കോടിയിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു. സംഗീത സംവിധായകന്‍ സന്തോഷ് നാരായണനാണ് ഗാനം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്.
നാടന്‍പാട്ടിന്റെ സൗന്ദര്യമുള്ള വരികള്‍ റാപ്പ് രൂപത്തില്‍ ആലപിച്ചതിനൊപ്പം കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യാവിഷ്‌ക്കാരവും എന്‍ജോയ് എന്‍ജ്ജാമിയുടെ പ്രത്യേകതയാണ്. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഗാനത്തെക്കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയ വരികളാണ് വീണ്ടും ചര്‍ച്ചയാവുന്നത്.
ഇതിഹാസതുല്യമായ ട്രാക്കും അതിശയിപ്പിക്കുന്ന വീഡിയോയുമാണ് എന്നാണ് ഗാനത്തെക്കുറിച്ച് ദുല്‍ഖര്‍ കുറിച്ചത്. കുറച്ച് ദിവസങ്ങളായി താന്‍ എന്‍ജോയ് എന്‍ജ്ജാമി കണ്ടു കൊണ്ടിരിക്കുകയാണെന്നും ഇപ്പോഴും താന്‍ പുതിയ ശബ്ദങ്ങള്‍ ആ പാട്ടില്‍ നിന്നും തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണെന്നും ദുല്‍ഖര്‍ പറയുന്നു.
ദീയുടെ ശബ്ദത്തെയും സ്റ്റൈലിനെയും ദുല്‍ഖര്‍ പുകഴ്ത്തുന്നുണ്ട് ഒപ്പം അറിവ് ഒരു റോക്ക്സ്റ്റാര്‍ ആണെന്നും അദ്ദേഹം പറയുന്നു. ഗാനത്തിന്റെ പ്രൊഡക്ഷന്‍ നിര്‍വഹിച്ച സന്തോഷ് നാരായണനെയും ദുല്‍ഖര്‍ അഭിനന്ദിച്ചു.
എന്‍ജ്ജാമിയുടെ മ്യൂസിക് ലോഞ്ചിന് ശേഷം അറിവ് നടത്തിയ പ്രസംഗവും വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പാട്ടാണ് എന്‍ജ്ജാമിയെന്നായിരുന്നു അറിവ് പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ വരികള്‍ ആനന്ദ് സുബ്രമണ്യന്‍ എന്നയാള്‍ തര്‍ജ്ജമ ചെയ്തിരുന്നു.
‘200 ആണ്ടുകള്‍ക്ക് മുന്നേ നിലമറ്റ് ഈ മണ്ണില്‍ ജീവിച്ച, മണ്ണില്‍ ഉഴച്ചു കൊണ്ടേയിരുന്ന ഒരു ജനതയെ പട്ടിണി കാലത്ത് ശ്രീലങ്കയിലേക്ക് തേയിലത്തോട്ടത്തില്‍ അടിമയായി ജോലി ചെയ്യാന്‍ കൊണ്ടു പോയിരുന്നു. മനുഷ്യന്റെ കാല്‍പാട് വീഴാത്ത ഘോരവനങ്ങള്‍ വെട്ടി അവര്‍ നഗരങ്ങള്‍ ഉരുവാക്കി, വീടുകള്‍ കെട്ടി, ശ്രീലങ്കന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രധാന കാരണം അവിടെ തേയിലത്തോട്ടത്തില്‍ ഇല പറിക്കുന്ന കൂലി തൊഴിലാളികളായിരുന്നു, തമിഴില്‍ നിന്നും പോയവര്‍…
ശേഷം ഇവിടെ ജനസംഖ്യ അധികം ആണ് നിങ്ങള്‍ ഇവിടുത്തുകാര്‍ അല്ല എന്നൊക്കെ പറഞ്ഞ് അവര്‍ എവിടെ നിന്നു വന്നോ അവിടേക്ക് തന്നെ അവരെ ആട്ടിപ്പായിച്ചു, തിരികെ നാട്ടിലെത്തിയപ്പോള്‍ അവര്‍ക്ക് തേയില നുള്ളുന്നതല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു. അവര്‍ ഇവിടുത്തെ മലയിടുക്കുകളില്‍ അഭയംതേടി, ഊട്ടി, കൊടൈക്കനാല്‍, ഗൂഡല്ലൂര്‍ തുടങ്ങിയിടങ്ങളില്‍ തേയിലത്തോട്ടങ്ങളില്‍ ജോലി ചെയ്തു..
അവിടെയും ജോലി നിഷേധങ്ങള്‍ നേരിട്ട് മറ്റു ജോലികള്‍ ചെയ്തു ഉഴച്ച് ഉഴച്ച് തന്‍ കുടുംബത്തെ രക്ഷിച്ച് മക്കളെ വളര്‍ത്തി ആളാക്കിയവര്‍… അതില്‍ ഒരമ്മ..അവരുടെ പേര് വല്ലിയമ്മാള്‍ അവരാണെന്റെ മുത്തശ്ശി, അവരുടെ പേരക്കുട്ടിയാണ് ഞാന്‍…അവരുടെ പാട്ടാണ് ഇത്, അവരുടെ കഥയാണ് ഇത് അവരുടെ അധ്വാനമാണിത്…’
ഒരേ സമയം രാഷ്ട്രീയം പറഞ്ഞും കാഴ്ചക്കാരെ അതിശയിപ്പിച്ചും എന്‍ജോയ് എന്‍ജ്ജാമി പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക