ദൃശ്യത്തിലെ റോഡ് നന്നാക്കിയത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നേട്ടമെന്ന് എം.എല്‍.എ; ജോര്‍ജുകുട്ടിയെ പിടിക്കാന്‍ കഴിയാത്ത ആഭ്യന്തര വകുപ്പോയെന്ന് മറുചോദ്യം
Entertainment
ദൃശ്യത്തിലെ റോഡ് നന്നാക്കിയത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നേട്ടമെന്ന് എം.എല്‍.എ; ജോര്‍ജുകുട്ടിയെ പിടിക്കാന്‍ കഴിയാത്ത ആഭ്യന്തര വകുപ്പോയെന്ന് മറുചോദ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th February 2021, 2:38 pm

ഒറ്റപ്പാലം: ദൃശ്യം 2വിലെ ഒരു റോഡ് ടാറിട്ടതുമായി ബന്ധപ്പെട്ട ഡയലോഗിന് പിന്നാലെ ടാറിട്ട വര്‍ഷം വെച്ചു നോക്കുമ്പോള്‍ അത് ഇടതു സര്‍ക്കാരിന്റെ ഭരണനേട്ടമാണെന്നുള്ള വാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം എം.എല്‍.എ പി. ഉണ്ണിയിട്ട ഒരു പോസ്റ്റും അതിന് വന്ന മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

‘മോഹന്‍ ലാലിന്റെ പുതിയ സിനിമയായ ദൃശ്യം2വിലെ ഒരു രംഗം. ആ റോഡ് എങ്ങോട്ട് പോവുന്നതാ ? അത് ജോര്‍ജൂട്ടിയുടെ കേബിള്‍ ടിവി ഓഫീസിരിക്കുന്ന ജംഗ്ഷനിലേക്കുള്ള ഷോര്‍ട്കട്ടാ സര്‍, ആ റോഡ് താര്‍ ചെയ്യ്തിട്ട് മൂന്ന് വര്‍ഷമേ ആയിട്ടുള്ളൂ. പണ്ട് ആ സമയത്ത് ( 6 വര്‍ഷം മുന്നേ ദൃശ്യം 1ല്‍ ) ആ റോഡ് വളരെ മോശമായിരുന്നു,’ ഇതായിരുന്നു സിനിമയുടെ ഡയലോഗ് ഉള്‍പ്പെടുത്തിയ എം.എല്‍.എയുടെ പോസ്റ്റ്. ഈ പോസ്റ്റിലെ വാചകങ്ങള്‍ പോസ്റ്റര്‍ രൂപത്തിലാക്കി അതിനൊപ്പം ‘നവകേരളം’ എന്ന് കൂടി ചേര്‍ത്ത പോസ്റ്ററും ഇതിനൊപ്പം ചേര്‍ത്തിരുന്നു.

ഈ പോസ്റ്റിനെ താഴെയാണ് പിണറായി വിജയന്റെ കീഴിലുള്ള ആഭ്യന്തര വകുപ്പിനെതിരെ സിനിമയിലെ കഥയുമായി ബന്ധപ്പെടുത്തി ചിലര്‍ വിമര്‍ശനം ഉന്നയിച്ചത്. ഐ.പി.എസ് ഉദ്യോഗസ്ഥയുടെ മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലവും പിടികൂടാനാവാത്ത, കുറ്റം തെളിയിക്കാനാവാത്ത ആഭ്യന്തര വകുപ്പ് വന്‍ പരാജയമാണെന്നാണ് ഒരു കമന്റ്.

കൊലക്കേസ് പ്രതിയെ പിടിക്കാന്‍ പോലുമാകാത്ത ആഭ്യന്തര വകുപ്പിനെ ഭരിക്കുന്ന മുഖ്യമന്ത്രിയെ എന്തിന് കൊള്ളാമെന്നും ചിലര്‍ ചോദിക്കുന്നു. ചിത്രത്തില്‍ മുരളി ഗോപിയുടെ പൊലീസ് കഥാപാത്രം അവസാന ഭാഗത്ത് അന്വേഷണത്തെ ആരും പിന്തുണച്ചില്ലെന്ന പറയുന്നത് ഇതേ സര്‍ക്കാരിനെ തന്നെയല്ലേ എന്നും കമന്റുകള്‍ വരുന്നുണ്ട്.

സിനിമ ഡയലോഗൊക്കെ എടുത്ത് വൈറല്‍ ആകാന്‍ വഴി കണ്ടുപിടിച്ച എം.എല്‍.എയുടെ ബുദ്ധിയെ സമ്മതിക്കണമെന്നും ചിലര്‍ പറയുന്നു.