Advertisement
Kottayam Honour Killing
നീനുവിന്റെ പരാതിയെ അവഗണിച്ച പൊലീസുദ്യോഗസ്ഥരുടെ മനസിലും ജാതിയായിരിക്കാം; തോമസ് ഐസക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 May 28, 06:40 pm
Tuesday, 29th May 2018, 12:10 am

കോട്ടയം: നീനുവിന്റെ പരാതിയെ നിസാരമായി അവഗണിച്ച പൊലീസുദ്യോഗസ്ഥരുടെ മനസിനെയും ഭരിച്ചത് ജാതിവിവേചനമായിരിക്കാം എന്ന് മന്ത്രി തോമസ് ഐസക്.  കെവിന്‍ പി ജോസഫ് എന്ന ചെറുപ്പക്കാരന്റെ ക്രൂരമായ കൊലപാതകം കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിനേറ്റ തീരാക്കളങ്കമാണെന്നും ഐസക് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“ജാതിക്കോയ്മയുടെ മിഥ്യാഭിമാനബോധം വിചിത്രവും അപകടകരവുമായ വഴികളിലൂടെ വീണ്ടും തലപൊക്കുകയാണ്. നീനുവിന്റെ മാതാപിതാക്കള്‍ മിശ്രവിവാഹിതരാണ്. പക്ഷേ, അവര്‍ക്ക് സ്വന്തം മകളുടെ ജാതിയ്ക്കതീതമായ പ്രണയം അംഗീകരിക്കാന്‍ കഴിഞ്ഞില്ല. അതിനു കാരണം സവര്‍ണതയുടെ പിശാചുബാധയാണെന്ന് കാണാന്‍ വിഷമമില്ല”. തോമസ് ഐസക് പറഞ്ഞു.


Read Also : ‘കൊന്നിട്ടും തീരാതെ…’; കെവിന്റെ ഭാര്യയ്ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ തെറിവിളിയും അശ്ലീല കമന്റുകളും


കുഴിച്ചു മൂടിയെന്ന് നാം അഹങ്കരിച്ച പലതും മുളച്ചു വരികയാണെന്ന യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടച്ചു കൂടായെന്നും താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനും തെരഞ്ഞെടുപ്പു നേട്ടത്തിനും വേണ്ടി മുതലെടുപ്പു നടത്തുന്നവരെയും ഇക്കാര്യങ്ങള്‍ അലോസരപ്പെടുത്തേണ്ടതു തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കെവിന്‍ പി ജോസഫ് എന്ന ചെറുപ്പക്കാരന്റെ ക്രൂരമായ കൊലപാതകം കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിനേറ്റ തീരാക്കളങ്കമാണ്. ജാതിക്കോയ്മയുടെ മിഥ്യാഭിമാനബോധം വിചിത്രവും അപകടകരവുമായ വഴികളിലൂടെ വീണ്ടും തലപൊക്കുകയാണ്. നീനുവിന്റെ മാതാപിതാക്കള്‍ മിശ്രവിവാഹിതരാണ്. പക്ഷേ, അവര്‍ക്ക് സ്വന്തം മകളുടെ ജാതിയ്ക്കതീതമായ പ്രണയം അംഗീകരിക്കാന്‍ കഴിഞ്ഞില്ല. അതിനു കാരണം സവര്‍ണതയുടെ പിശാചുബാധയാണെന്ന് കാണാന്‍ വിഷമമില്ല. ഒരുവേള, നീനുവിന്റെ പരാതിയെ നിസാരമായി അവഗണിച്ച പൊലീസുദ്യോഗസ്ഥരുടെ മനസിനെയും ഭരിച്ചത് ജാതിവിവേചനമായിരിക്കാം.

നവോത്ഥാനം അടിമുടി ഉഴുതുമറിച്ച മണ്ണില്‍ നിന്നാണ് നമ്മുടെ രാഷ്ട്രീയവും സംസ്‌ക്കാരവും ഉയര്‍ന്നു വന്നത്. എന്നാല്‍ കുഴിച്ചു മൂടിയെന്ന് നാം അഹങ്കരിച്ച പലതും മുളച്ചു വരികയാണെന്ന യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടച്ചു കൂടാ. താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനും തെരഞ്ഞെടുപ്പു നേട്ടത്തിനും വേണ്ടി മുതലെടുപ്പു നടത്തുന്നവരെയും ഇക്കാര്യങ്ങള്‍ അലോസരപ്പെടുത്തേണ്ടതു തന്നെയാണ്.