മറ്റൊരാള്‍ ചിന്തിക്കുന്ന കാര്യം എഴുതാന്‍ ഒരു വ്യക്തിക്കും ആവില്ല: ടെലിപ്പതി അഭിമുഖം നടത്തിയതിന്റെ അനുഭവം പങ്കുവെച്ച് ഡോക്ടര്‍
Kerala
മറ്റൊരാള്‍ ചിന്തിക്കുന്ന കാര്യം എഴുതാന്‍ ഒരു വ്യക്തിക്കും ആവില്ല: ടെലിപ്പതി അഭിമുഖം നടത്തിയതിന്റെ അനുഭവം പങ്കുവെച്ച് ഡോക്ടര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th May 2019, 4:05 pm

കോഴിക്കോട്: ടെലിപ്പതിയെന്നത് നടക്കാത്ത കാര്യമാണെന്ന് ഡോക്ടര്‍ ജിനേഷ് പി.എസ്. ടെലിപ്പതിയുണ്ടെന്ന് അവകാശപ്പെട്ട കുട്ടിയുമായി അഭിമുഖം നടത്തിയതിന്റെ അനുഭവം പങ്കുവെച്ചാണ് ഡോക്ടര്‍ ഇക്കാര്യം വിശദീകരിക്കുന്നത്.

ഡോ. ജിനേഷ് പി.എസിന്റെ കുറിപ്പ്:

ടെലിപ്പതി

നാല് ടെസ്റ്റുകളാണ് നടത്തിയത്.

മറ്റൊരാള്‍ ആലോചിക്കുന്നത് വായിക്കാന്‍ സാധിക്കും, മറ്റൊരാള്‍ എഴുതുന്നത് കാണാതെ തന്നെ എന്തെന്ന് പറയാനാന്‍ സാധിക്കും, ഇതുവരെ കേള്‍ക്കാത്ത ഭാഷയില്‍ മറുപടി പറയാന്‍ സാധിക്കും ഇതൊക്കെയായിരുന്നു അവകാശവാദങ്ങള്‍. പറയില്ല, കുട്ടിക്ക് പറയാന്‍ സാധിക്കില്ല, പക്ഷേ ലാപ്‌ടോപ്പില്‍ ടൈപ്പ് ചെയ്ത് മറുപടി നല്‍കും.

അഭിമുഖം നടത്തുന്ന ബോര്‍ഡില്‍ ഞാനുമുണ്ട്.

രാവിലെ 10 മണിയോടുകൂടി അഭിമുഖം ആരംഭിച്ചു. ഒരു മേശയുടെ ഒരു വശത്ത് കമ്മിറ്റി അംഗങ്ങള്‍. മറുവശത്ത് ഒരു കസേരയില്‍ കുട്ടി, കുട്ടിയുടെ മുന്‍പില്‍ മേശപ്പുറത്ത് ലാപ്‌ടോപ്പ്, അരികിലുള്ള കസേരയില്‍ രക്ഷകര്‍ത്താക്കള്‍.

1. ഒരു പേപ്പറില്‍ 9 അക്കമുള്ള നമ്പര്‍ എഴുതി. എഴുതിയത് രക്ഷകര്‍ത്താവോ കുട്ടിയോ കണ്ടിട്ടില്ല. കുട്ടിക്ക് നമ്പര്‍ ടൈപ്പ് ചെയ്യാന്‍ സാധിച്ചില്ല. രക്ഷകര്‍ത്താവ് കുട്ടിയെ സ്പര്‍ശിക്കുന്നുണ്ടായിരുന്നു.

2. ‘Vacuum’ എന്ന വാക്ക് എഴുതി രക്ഷകര്‍ത്താവിനെ കാണിച്ചു.

ഏകദേശം അര മണിക്കൂര്‍ കൊണ്ട് കുട്ടി ‘Vaccum’ എന്ന് ടൈപ്പ് ചെയ്തു. രക്ഷകര്‍ത്താവ് കുട്ടിയെ നിരന്തരം സ്പര്‍ശിക്കുന്നുണ്ടായിരുന്നു.

3. ‘Crazy dog jumped over’ എന്ന് എഴുതി ഒരു രക്ഷകര്‍ത്താവിനെ കാണിച്ചു.

കുട്ടിയും ഈ രക്ഷകര്‍ത്താവും തമ്മില്‍ പത്ത് സെന്റീമീറ്റര്‍ അകലം ഇട്ടു, തമ്മില്‍ സ്പര്‍ശിക്കാന്‍ സാധിക്കാത്ത രീതിയില്‍.

കുട്ടി ഒന്നും ടൈപ്പ് ചെയ്തില്ല.

അതുകൊണ്ട് കുട്ടിയുടെയും ഈ രക്ഷകര്‍ത്താവിന്റെയും ഇടയില്‍ കുട്ടിയുടെ രണ്ടാമത്തെ രക്ഷകര്‍ത്താവിനെ നിര്‍ത്തി.

അപ്പോഴും കുട്ടിക്ക് ടൈപ്പ് ചെയ്യാന്‍ സാധിച്ചില്ല.

ശേഷം ആദ്യ രക്ഷകര്‍ത്താവിന്റെ മടിയില്‍ കുട്ടിയെ ഇരുത്തി. ഏതാണ്ട് മുക്കാല്‍ മണിക്കൂര്‍ സമയം കൊണ്ട് കുട്ടി ടൈപ്പ് ചെയ്തു. പലപ്പോഴും കൈകൊണ്ടും കാലുകൊണ്ടും അമര്‍ത്തി തിരുമ്മുന്നത് കാണാന്‍ സാധിച്ചു. അക്ഷരങ്ങള്‍ തെറ്റി പോകുമ്പോള്‍ കുട്ടി കരയുന്നുണ്ട്. അതിനുശേഷമാണ് ലാപ്‌ടോപ്പില്‍ ബാക്ക് അമര്‍ത്തുന്നത്.

4. ഓഗസ്റ്റ് 15 എന്തുകൊണ്ടാണ് സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നത് എന്ന് ചോദ്യം ആസാമീസ് ഭാഷയില്‍ ചോദിച്ചു.

‘Yearn 15’ എന്നു മാത്രം ടൈപ്പ് ചെയ്തു.

സാമൂഹ്യസുരക്ഷാ വകുപ്പാണ് പ്രസ്തുത കമ്മിറ്റി രൂപീകരിച്ച് ടെസ്റ്റുകള്‍ നടത്തിയത്. സാമൂഹ്യ സുരക്ഷാ വിഭാഗം ഡയറക്ടര്‍ മുഹമ്മദ് അഷീല്‍ ആണ് ആണ് കമ്മിറ്റിയില്‍ പങ്കെടുക്കണം എന്ന് അറിയിച്ചത്. അക്കാദമി ഓഫ് മാജിക്കല്‍ സയന്‍സസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഡയറക്ടര്‍ ചന്ദ്രസേനന്‍, മാനസിക ആരോഗ്യ വിഭാഗം വിദഗ്ധരായ ഡോക്ടര്‍ ജയപ്രകാശ്, ഡോക്ടര്‍ ജയ പ്രകാശന്‍, ഡോക്ടര്‍ റാണി എന്നിവരോടൊപ്പം ഞാനും. അഭിമുഖം പൂര്‍ണ്ണമായും വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.

ഒരു വിദേശ യാത്രയിലായിരുന്നതിനാല്‍ ഡോക്ടര്‍ കെ പി അരവിന്ദന് പങ്കെടുക്കാന്‍ സാധിച്ചില്ല. അതു പോലെ ഒരു ദീര്‍ഘദൂര യാത്രയിലായിരുന്നതിനാല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് മാനസികാരോഗ്യ വിഭാഗം മേധാവി ഡോക്ടര്‍ വര്‍ഗീസ് പുന്നൂസിനും പങ്കെടുക്കാന്‍ സാധിച്ചില്ല.

കുട്ടിയുടെയോ രക്ഷകര്‍ത്താവിന്റെയോ പേരോ വിവരങ്ങളോ ഒന്നും ഇവിടെ എഴുതുന്നില്ല. പറയണം എന്ന് ആഗ്രഹിക്കുന്ന കാര്യം ടെലിപ്പതി എന്ന ഒന്ന് പ്രായോഗികമല്ല എന്നാണ്. മറ്റൊരാള്‍ ചിന്തിക്കുന്ന കാര്യം എഴുതാന്‍ ഒരു വ്യക്തിക്കും ആവില്ല എന്നതാണ് പറയാന്‍ ഉദ്ദേശിക്കുന്നത്. ലോകത്തിന്റെ പല ഭാഗത്തും ടെലിപ്പതി അവകാശവാദമുന്നയിച്ചവരുണ്ടായിരുന്നു. ആര്‍ക്കും ഇന്നേവരെ തെളിയിക്കാന്‍ സാധിച്ചിട്ടില്ല എന്നുള്ളതാണ് വാസ്തവം. കാരണം, അത് സംഭവ്യമല്ല എന്ന് തന്നെ. ഇതൊക്കെ വിശ്വസിച്ച പലരും പല കാലത്തും ഉണ്ടായിരുന്നു. സയന്‍സ് വളര്‍ച്ച പ്രാപിക്കുന്നതോടെ അതൊക്കെ ഇല്ലാതായതായി വരുന്നു എന്ന് കാണാം. ഒരു കാലത്ത് പ്രേതങ്ങളെ/പിശാചിനെ കണ്ടു എന്ന് പറയുന്നവര്‍ എത്രയോ ഉണ്ടായിരുന്നു. വൈദ്യുതിയുടെ കണ്ടുപിടിത്തത്തോടെ, നാട്ടിലൊക്കെ വഴിവിളക്കുകള്‍ സ്ഥാപിച്ചതോടെ അതില്ലാതായി. അതുപോലെ സയന്‍സ് കൂടുതല്‍ കൂടുതല്‍ വളര്‍ച്ച പ്രാപിക്കുന്നതോടെ തെറ്റിദ്ധാരണകള്‍ മാറിക്കൊണ്ടേയിരിക്കും.

തിരുവനന്തപുരത്ത് മാജിക്ക് പ്ലാനറ്റില്‍ പോയവരില്ലേ ? അവിടെ അലി അവതരിപ്പിക്കുന്ന ഒരു പ്രോഗ്രാം ഉണ്ട്. ഗ്രേറ്റ് ഇന്ത്യന്‍ മാംഗോ ട്രീ അവതരിപ്പിക്കുന്ന അതേ അലി. മാജിക് കണ്ടുകൊണ്ടിരിക്കുന്നവരുടെ കയ്യില്‍നിന്നും അലി നോട്ട് വാങ്ങി നോക്കും. അദ്ദേഹത്തിന് മുഖംതിരിഞ്ഞിക്കുന്ന ഒരാള്‍ ആ നോട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന നമ്പര്‍ ഉറക്കെ പറയും. നോട്ട് ആ വ്യക്തി കാണുന്നില്ല എന്ന് നിശ്ചയം. ടെലിപ്പതി ഒന്നുമല്ല. മാജിക് മാത്രമാണിത്. കാണാത്തവര്‍ ഇനി പോകുമ്പോള്‍ ഒന്ന് ശ്രദ്ധിക്കൂ.

ആദ്യം നടത്തിയ ടെസ്റ്റുകളില്‍ നിന്നും നമുക്ക് മനസ്സിലാവുന്നത് രക്ഷകര്‍ത്താവ് സ്പര്‍ശിക്കുമ്പോള്‍ മാത്രമാണ് കുട്ടിക്ക് കൃത്യമായി ടൈപ്പ് ചെയ്യാന്‍ സാധിക്കുന്നത് എന്നാണ്. അതായത് രക്ഷകര്‍ത്താവ് പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ കുട്ടി ടൈപ്പ് ചെയ്യുന്നു. അതും സ്പര്‍ശനത്തിലൂടെ സംവദിച്ചുകൊണ്ട്. എന്താണ് ടൈപ്പ് ചെയ്യുന്നത് എന്ന് കുട്ടി മനസ്സിലാക്കണമെന്നില്ല. അതിനപ്പുറം ഒന്നുമില്ല.

ഈ പോസ്റ്റില്‍ ആരുടെയെങ്കിലും പേരെടുത്ത് പറയാനോ, കുറ്റപ്പെടുത്താനോ ആഗ്രഹിക്കുന്നില്ല. ആരെയും വേദനിപ്പിക്കാനല്ല എഴുതിയത്. സമൂഹം തെറ്റിദ്ധരിപ്പിക്കപ്പെടരുത് എന്ന് മാത്രമേ ആഗ്രഹമുള്ളൂ. അതിനുവേണ്ടി മാത്രമാണ് എഴുതിയത്. അന്ധവിശ്വാസങ്ങളും അബദ്ധധാരണകളും പ്രോത്സാഹിപ്പിക്കപ്പെടരുത് എന്ന് മാത്രമേ ആഗ്രഹമുള്ളൂ. ഒരു ശാസ്ത്രീയതയും ഇല്ലാതെ അബദ്ധ ധാരണകള്‍ പ്രചരിപ്പിക്കാന്‍ ഒരു ചാനല്‍ തുനിഞ്ഞിറങ്ങുന്ന സാഹചര്യത്തില്‍ ഇത്രയെങ്കിലും എഴുതിയില്ലെങ്കില്‍ ശരിയാവില്ല.