പിണറായി വിജയനെ ഹെഡ്മാസ്റ്ററെന്ന് വിശേഷിപ്പിച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്; 'ഈ ഹെഡ്മാസ്റ്ററും ടീച്ചറും കേരളത്തിന്റെ പുണ്യം'
കൊവിഡ് 19 വൈറസ് വ്യാപനത്തിനെതിരെ കേരള സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യ മന്ത്രി കെ.കെ ശൈലജയെയും പ്രശംസിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രോപ്പൊലീത്ത. ഈ ഹെഡ്മാസ്റ്ററും ടീച്ചറും കേരളത്തിന്റെ പുണ്യമാണെന്ന് വിശേഷിപ്പിച്ചാണ് പ്രശംസ.
ഡോ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രോപ്പൊലീത്തയുടെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം
ഈ ഹെഡ്മാസ്റ്ററും ടീച്ചറും കേരളത്തിന്റെ പുണ്യം
കേരളത്തിന്റെ ആരോഗ്യ വകുപ്പ് മന്ത്രി ഷൈലജ ടീച്ചറെ ഇന്ന് ലോകം മുഴുവന്‍ അറിയുന്നു. ഇതാദ്യമല്ല, ടീച്ചറിന്റെ കഠിനാധ്വാനവും സാമൂഹിക പ്രതിബദ്ധതയും നമ്മള്‍ തിരിച്ചറിയുന്നത്. നിപ്പ വൈറസ് ഭീഷണി ഉണ്ടായപ്പോഴും നാം അത് കണ്ടറിഞ്ഞതാണ്. ഇപ്പോള്‍ കോവിഡ് ഭീഷണിയുടെ കാലത്തും ആ കര്‍മ്മശേഷിയും നിദാന്ത ജാഗ്രതയും നാം നിത്യേന കാണുന്നു. വികസിത രാജ്യങ്ങള്‍ പോലും അത്യന്തം അപകടകാരിയായ ഈ വൈറസിന്റെ മുന്നില്‍ നിസ്സഹായരായി പകച്ചു നില്‍ക്കുമ്പോഴാണ് നമ്മുടെ കൊച്ചു കേരളം ഫലപ്രദമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഷൈലജ ടീച്ചര്‍ എന്ന മന്ത്രിയുടെ നിസ്വാര്‍ത്ഥമായ അര്‍പ്പണബോധം എടുത്തു പറയേണ്ടതാണ്. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും കോര്‍ത്തിണക്കി ഏകോപനത്തോടെ യുദ്ധകാല അടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുക എന്നത് നിസ്സാര കാര്യമല്ല. വകുപ്പ് മേധാവികള്‍, ഡോക്റ്റര്‍മാര്‍ , നഴ്‌സുമാര്‍ , പാരാമെഡിക്കല്‍ പ്രവര്‍ത്തകര്‍ , വോളണ്ടിയര്‍മാര്‍ ഉള്‍പ്പെടെ ഈ മേഖലയില്‍ സ്വന്തം ആരോഗ്യം പോലും ശ്രദ്ധിക്കാന്‍ കഴിയാതെ എന്റെയും നിങ്ങളുടെയും ആരോഗ്യവും ജീവനും കാക്കുവാന്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നു. ഇവരോടൊപ്പം നിന്ന് ഊണും ഉറക്കവും ബലികഴിച്ച് നേതൃത്വം നല്‍കുന്ന ഷൈലജ ടീച്ചര്‍ ആധുനിക കേരളം കണ്ട ഏറ്റവും മികച്ച ആരോഗ്യ വകുപ്പ് മന്ത്രിയാണ് എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരു ടീച്ചര്‍ക്ക് ഫലപ്രദമായും വിജയകരമാകും പ്രവര്‍ത്തിക്കാന്‍ അതിന് സ്വാതന്ത്രവും സഹകരണവും നല്‍കുന്ന ഒരു പ്രധാന അദ്ധ്യാപകന്‍ ഉണ്ടാവണം. നമ്മുടെ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഈ അത്ഥത്തില്‍ ഒരു മാതൃകാ ഹെഡ്മാസ്റ്ററാണ്. മഹാപ്രളയം എന്ന ഭീകര വൈറസ് രണ്ടു പ്രാവശും നമ്മെ ആക്രമിച്ചപ്പോഴും ഈ ഹെഡ്മാസ്റ്ററുടെ നന്മയും നേതൃശേഷിയും നന്മള്‍ അനുഭവിച്ചറിഞ്ഞതാണ്. ഇത്രയും നിശ്ചയദാര്‍ഢ്യവും കര്‍മ്മശേഷിയുമുള്ള ഒരു ഭരണാധികാരി അടുത്ത കാലത്ത് ഒന്നും നമുക്ക് ലഭിച്ചിട്ടില്ല. ഈ ഹെഡ്മാസ്റ്ററും ടീച്ചറും ഒന്നിച്ച് വന്നാല്‍ ഒരു സ്വപ്ന ടീം പോലെയാണ്. അതുകൊണ്ടാണ് ആര് എന്തു പറഞ്ഞാലും ഇവരുടെ പത്ര സമ്മേളനങ്ങള്‍ (പ്രത്യേകിച്ച് ദുരന്ത നാളുകളില്‍ ) ജനങ്ങള്‍ക്ക് പ്രിയങ്കരമാകുന്നതും. പ്രളയകാലത്തെ മുഖ്യ മന്ത്രിയുടെ പത്ര സമ്മേളനങ്ങള്‍ ആ രംഗത്തെ പാീ പുസ്തങ്ങളായിരുന്നു. കൊറോണ കാലത്തെ മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും പത്ര സമ്മേളനങ്ങളും ജനങ്ങളില്‍ ഒരേ സമയം ജാഗ്രതയും പ്രതീക്ഷയും ഉണ്ടാക്കുന്നു.
ഞങ്ങളുടെ പത്തനംതിട്ട കളക്റ്റര്‍ ഡോ. പി.ബി. നൂഹ് സാറിനെ കുറിച്ച് ഒരു വാക്ക് പറയാതെ വയ്യ. ഞാന്‍ നേരിട്ട് പല പ്രാവശ്യം അദ്ദേഹവുമായി ഇടപ്പെട്ടിട്ടുണ്ട് . ഒരു മികച്ച ഭരണാധികാരി ആയിരിക്കുമ്പോള്‍ തന്നെ ഒരു തികഞ്ഞ മനുഷ്യ സ്‌നേഹി കൂടെ ആവുക എന്നത് എല്ലാവരിലും കാണാന്‍ കഴിയില്ല. ഇത്ര സമര്‍പ്പണത്തോടെ തന്റെ ദൗദ്യത്തെ സമീപിക്കുന്ന ഒരു കളക്റ്ററെ പത്തനംതിട്ടക്ക് കിട്ടിയതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. പത്തനംതിട്ടയില്‍ കൊറോണ വ്യാപനം നിയന്ത്രിക്കുന്നതിലും പ്രതിരോധിക്കുന്നതിലും നൂഹ് സാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അത്യന്തം ശ്ലാഘനീയമാണ്.
നമ്മളെ കരുതുന്ന ഒരു സര്‍ക്കാര്‍ നമുക്കുണ്ട്. ആത്മാര്‍ത്ഥമായി നമ്മുടെ ആരോഗ്യത്തിനും ജീവനുമായി ഒരു സര്‍ക്കാര്‍, പ്രത്യേകിച്ച്, ആരോഗ്യ വകുപ്പ് പ്രവര്‍ത്തിക്കുമ്പോള്‍ നാം സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം . ഒന്ന് കൈവിട്ട് പോയാല്‍ പിടിച്ചാല്‍ കിട്ടാതെ വണ്ണം അതീവ ഗുരുതരാവസ്ഥ ഉണ്ടാകാതെ നമുക്ക് സൂക്ഷിക്കാം. വികസിത രാജ്യങ്ങള്‍ പോലും അത്തരം ദുരന്ത സാഹചര്യങ്ങളെ നേരിടുന്നു. നമ്മുടെയും മറ്റുള്ളവരുടെയും നാടിന്റെയും ആരോഗ്യത്തെയും നന്മയെയും കരുതി നാം ഉത്തരവാദത്വ ബോധത്തോടെ സര്‍ക്കാരിനോട് സഹകരിക്കണം. നാം ഒന്നിച്ച് നിന്നാല്‍ ലോകത്തിന് മാതൃകയായി ശിരസ്സുയര്‍ത്തി ഒരു പുതിയ കേരള മാതൃക സൃഷ്ടിക്കാന്‍ നമുക്കാവും. അതിന് നേതൃത്വം നല്‍കുന്ന ഒരു ജനകീയ സര്‍ക്കാര്‍ നമുക്ക് ഒപ്പമുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ