ഏറ്റുമുട്ടല്‍ക്കൊലയുടെ നാടായി കേരളം മാറിയിരിക്കുന്നു. വേട്ടയാടി വെടിവെച്ചു കൊല്ലുന്ന പൊലീസ് നടപടിക്ക് ന്യായമെന്തുണ്ട്? രാജ്യത്തെ നിയമവ്യവസ്ഥക്ക് വിചാരണചെയ്ത് ശിക്ഷിക്കാന്‍ കഴിയാത്ത ഏതു കുറ്റത്തിനാണ് തണ്ടര്‍ബോള്‍ട്ട് വിധി കല്‍പ്പിക്കുന്നത്? രണ്ടോ മൂന്നോ വനചാരികളെ ജീവനോടെ പിടിച്ച് നിയമത്തിനു മുന്നില്‍ എത്തിക്കാനാവാത്ത തണ്ടര്‍ബോള്‍ട്ട് ഒരു സേനാവിഭാഗമാണോ? അഥവാ ഇതെല്ലാം സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ രക്തദാഹമോ?
എന്താണ് കേരളത്തില്‍ മാവോയിസ്റ്റുകള്‍ നടത്തിയ കൊടിയ അക്രമം? ആദിവാസി ഊരുകളില്‍ കടന്നു ചെന്നതോ? പുറംചുമരുകളില്‍ പോസ്റ്റര്‍ പതിച്ചതോ? വെടിവെച്ചുകൊല്ലാന്‍മാത്രം അവര്‍ നടത്തിയ കുറ്റകൃത്യം ജനം അറിയട്ടെ. കോടതിയിലേക്കുപോലും നീട്ടാതെ അവരുടെ ജീവനൊടുക്കാന്‍ എന്തുണ്ട് കാരണം?
ഇന്ത്യയിലെ വ്യാജ ഏറ്റുമുട്ടല്‍ കൊലയുടെ തലസ്ഥാനമായി കേരളം മാറുകയാണ്. 2016 നവംബറില്‍ നിലമ്പൂരില്‍ അതാരംഭിച്ചു. ഈ വര്‍ഷമാദ്യം മാര്‍ച്ചില്‍ വയനാട്ടിലും കണ്ടു. ഇപ്പോഴിതാ പാലക്കാട്ട് കാട്ടില്‍ കയറി മൂന്നുപേരെ വെടിവെച്ചു വീഴ്ത്തിയിരിക്കുന്നു! പൗരാവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണത്. ഒരു നിയമ പുസ്തകവും ബാധകമല്ലെന്ന, ഒരു രാഷ്ട്രീയ ധാര്‍മ്മികതയും പിന്തുടരില്ലെന്ന സര്‍ക്കാറിന്റെ കര്‍ക്കശശാഠ്യം!
മാവോയിസം ഒരു രാഷ്ട്രീയ കാഴ്ച്ചപ്പാടാണ്. മാവോ ഭീകരനായിരുന്നില്ല. വലിയൊരു രാഷ്ട്രത്തിന്റെ പിതൃസ്ഥാനീയനാണ്. ഇന്ത്യക്കു ഗാന്ധിജിയെന്നപോലെ. ചൈനീസ് വിപ്ലവത്തിന്റെ കാലാന്തര ആഖ്യാനമോ ആവര്‍ത്തനമോ ലക്ഷ്യം വെച്ചു കഴിയുന്നവരുണ്ടാവാം. അവര്‍ രാജ്യവിരുദ്ധരോ ജനദ്രോഹികളോ ആകുന്നുവെന്ന് ഭരണകൂടത്തിന് തോന്നുന്നുവെങ്കില്‍ നിരോധിക്കാം, നിയമപരമായ വിചാരണയും ശിക്ഷയുമാവാം. വധശിക്ഷ നിര്‍ത്തലാക്കണമെന്നു പറയുന്ന ഒരു പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് കണ്‍മുന്നില്‍പെട്ടാല്‍ വെടിവെച്ചു കൊല്ലുമെന്ന അവസ്ഥ ദയനീയമാണ്.