ഇങ്ങനെ അപമാനിക്കരുത്, മികച്ച ഭൂരിപക്ഷം നേടി ഞങ്ങള്‍ വിജയിച്ചതാണോ നിങ്ങളുടെ പ്രശ്‌നം; പ്രധാനമന്ത്രിയുടെ അവലോകന യോഗത്തില്‍ നിന്ന് വിട്ടു നിന്നെന്ന പ്രചരണത്തില്‍ മമത
കൊല്‍ക്കത്ത: യാസ് ചുഴലിക്കാറ്റ് നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അവലോകന യോഗത്തില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇങ്ങനെ തന്നെ അപമാനിക്കാനാണോ അവലോകന യോഗം വിളിച്ചുകൂട്ടിയതെന്ന് മമത പറഞ്ഞു.
‘ഇങ്ങനെ എന്നെ അപമാനിക്കരുത്? ഞങ്ങള്‍ മികച്ച ഭൂരിപക്ഷം നേടി വിജയിച്ചതാണോ നിങ്ങളുടെ പ്രശ്‌നം? എല്ലാം ശ്രമിച്ച് നിങ്ങള്‍ പരാജയപ്പെട്ടത് ഞങ്ങളുടെ കുഴപ്പമല്ല. എന്തിനാണ് എന്നും ഞങ്ങളോട് ഇങ്ങനെ വഴക്കുണ്ടാക്കിക്കൊണ്ടിരിക്കുന്നത്?,’ മമത പറഞ്ഞു.
യാസ് ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനാണ് മോദി കഴിഞ്ഞ ദിവസം ബംഗാള്‍ സന്ദര്‍ശിച്ചത്. ഇതേത്തുടര്‍ന്ന് സംഘടിപ്പിച്ച അവലോകന യോഗം മമത ബാനര്‍ജി ബഹിഷ്‌കരിച്ചുവെന്ന രീതിയില്‍ ബി.ജെ.പി വൃത്തങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു.
എന്നാല്‍ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിലയിരുത്താനായിട്ടാണ് പ്രധാനമന്ത്രിയുടെ അവലോകന യോഗത്തില്‍ നിന്ന് വിട്ടുനിന്നതെന്ന് മമത പറഞ്ഞു.
യോഗത്തിന് മുമ്പ് വെസ്റ്റ് മിഡ്നാപൂരിലെ എയര്‍ ബേസില്‍ വെച്ച് മോദിയെക്കണ്ട് ഇക്കാര്യം പറഞ്ഞുവെന്ന് നിവേദനം നല്‍കിയെന്നും മമത പറയുന്നു.
അതേസമയം അവലോകന യോഗത്തില്‍ നിന്ന് വിട്ടുനിന്ന സംസ്ഥാന ചീഫ് സെക്രട്ടറിയെ കേന്ദ്രസര്‍ക്കാര്‍ തിരിച്ചുവിളിച്ചതും ചര്‍ച്ചയായിരുന്നു. ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപധ്യായയെയാണ് കേന്ദ്രസര്‍ക്കാര്‍ തിരിച്ചുവിളിച്ചത്.
എന്നാല്‍ അവലോകന യോഗത്തിലെ മമതയുടെ അസാന്നിദ്ധ്യം ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ബി.ജെ.പി പ്രസിഡന്റ് ജെ.പി നദ്ദ, ബംഗാള്‍ ഗവര്‍ണര്‍ ധാങ്കര്‍ തുടങ്ങിയവര്‍ മമതയെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.