കോഴിക്കോട്: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആർ.പി.എഫ്. ജവാന്‍ വസന്തകുമാറിന്റെ മൃതദേഹത്തിന് മുന്നില്‍ നിന്നും അല്‍ഫോണ്‍സ് കണ്ണന്താനം സെല്‍ഫി പകര്‍ത്തിയിട്ടില്ലന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. മറ്റാരോ എടുത്ത ഫോട്ടോയാണ് കണ്ണന്താനം ഫേസ്ബുക്ക് വഴി പങ്ക് വെച്ചതെന്നും എം.ടി. രമേശ് പറഞ്ഞു.
കണ്ണന്താനം സൈനികന്റെ മൃതശരീരത്തില്‍ റീത്ത് വയ്ക്കുന്ന ചിത്രമായിരുന്നു ഫേസ്ബുക്കിൽ വരേണ്ടിയിരുന്നത്. പക്ഷെ, അതിനുപകരം മടങ്ങുമ്പോഴുള്ള ചിത്രമാണ് അദ്ദേഹം ഫേസ്ബുക്ക് വഴി പങ്കിട്ടത്.ഈ കാര്യത്തിൽ വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്നും ബി.ജെ.പിക്കാർ എന്ത് ചെയ്താലും വിവാദമുണ്ടാക്കാൻ പഴുത് കണ്ടെത്തുന്നവരാണ് ഇതിനു പിന്നിലെന്നും രമേശ് പറയുന്നു.
ഇന്നലെയാണ് സൈനികന്റെ മൃതശരീരത്തിന് മുന്നില്‍ നില്‍ക്കുന്ന ചിത്രം അല്‍ഫോണ്‍സ് കണ്ണന്താനം ഫേസ്ബുക്കിലിട്ടത്. കണ്ണന്താനത്തിന്റെ പ്രവൃത്തി സാമൂഹിക മാധ്യമങ്ങളിൽ വൻ വിവാദത്തിന് വഴി തെളിച്ചിരുന്നു. ഫോട്ടോ ഡിലീറ്റ് ചെയ്ത ശേഷം വിശദീകരണവുമായി കണ്ണന്താനം രംഗത്ത് വന്നിരുന്നു. മൃതശരീരത്തിന്റെ മുന്നിൽ നിന്നും എടുത്തത് സെൽഫിയല്ല എന്നായിരുന്നു കണ്ണന്താനം നൽകിയ വിശദീകരണം.
Also Read “എൻ.എസ്.എസിൽ വിഭാഗീയത ഉണ്ടാക്കാൻ കോടിയേരി ശ്രമിക്കേണ്ട”: പി.കെ. കുഞ്ഞാലികുട്ടി
“ഞാൻ ജവാന്റെ വസതിയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു മുന്നോട്ടു നടക്കുമ്പോൾ ആരോ പകർത്തിയ ചിത്രമാണത്. ഈ ചിത്രം അവർ തന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയുന്ന ഓഫീസിലേക്ക് അയച്ചു കൊടുത്തു. ആ ചിത്രം സെല്‍ഫിയല്ലെന്നു വിശദമായി നോക്കിയാല്‍ മനസ്സിലാകും.” അൽഫോൺസ് കണ്ണന്താനം പറഞ്ഞു. താന്‍ സെല്‍ഫി എടുക്കാറില്ലെന്നും ഇതുവരെ സെല്‍ഫി എടുത്തിട്ടില്ലന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു.