World News
'ഞാന്‍ നിങ്ങള്‍ക്ക് മുമ്പാകെ പ്രതിജ്ഞ ചെയ്യുന്നു, ഞാന്‍ ഒരിക്കലും സൈക്കിള്‍ ഓടിക്കില്ല': ബൈഡനിട്ട് 'കൊട്ടി' ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jun 21, 08:49 am
Tuesday, 21st June 2022, 2:19 pm

വാഷിങ്ടണ്‍: കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ സൈക്കിള്‍ ഓടിക്കുന്നതിനിടെ വീണുപോയത് വാര്‍ത്തകളും ട്രോളുകളുമായി മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ ബൈഡനിട്ട് മറ്റൊരു ട്രോള്‍ കൂടെ കൊടുത്തിരിക്കുകയാണ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

”അദ്ദേഹം (ബൈഡന്‍) സുഖം പ്രാപിച്ചിട്ടുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കാരണം, നിങ്ങള്‍ക്കറിയാവുന്നത് പോലെ, അദ്ദേഹം സൈക്കിളില്‍ നിന്നും വീണിരുന്നു. ഞാന്‍ സീരിയസായി പറയുന്നതാണ്.

അദ്ദേഹം ഓക്കെയാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞാന്‍ നിങ്ങള്‍ക്ക് മുമ്പാകെ ഇന്ന് ഈ പ്രതിജ്ഞ ചെയ്യുകയാണ്, ഞാന്‍ ഒരിക്കലും സൈക്കിള്‍ ഓടിക്കില്ല,” അമേരിക്ക ഫ്രീഡം ടൂറിന്റെ ഭാഗമായി റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു.

ശനിയാഴ്ച തന്റെ വെക്കേഷന്‍ ഹോമിന് സമീപം സൈക്കിള്‍ സവാരിക്കിടെയായിരുന്നു 79കാരനായ ബൈഡന്‍ വീണത്. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അദ്ദേഹത്തെ രക്ഷിച്ചിരുന്നു.

”ഐ ആം ഗുഡ്,” എന്ന് ബൈഡന്‍ തൊട്ടുപിന്നാലെ പ്രതികരിച്ചിരുന്നു.

അതേസമയം, 2024ല്‍ നടക്കാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നതിന്റെ സൂചനകളും ട്രംപ് നല്‍കിയിട്ടുണ്ട്. ‘മറ്റൊരു ക്യാംപെയിന്‍ കൂടി നടത്തണമോ എന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനോട് അടുത്ത് നില്‍ക്കുകയാണ്,’ എന്നും ഈയടുത്ത് ഒരു അഭിമുഖത്തില്‍ ട്രംപ് പ്രതികരിച്ചിരുന്നു.

Content Highlight: Donald Trump takes dig at Joe Biden, says I will never, ever ride a bicycle