ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം സീസൺ പുരോഗമിക്കവെ ആവേശത്തിന്റെ പരകോടിയിലെത്തിയിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ സീസണിൽ മോശം പ്രകടനം കാഴ്ചവെച്ച് പോയിന്റ് ടേബിളിൽ ഏറ്റവും അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മുംബൈ ഇന്ത്യൻസ് ഈ സീസണിൽ മെച്ചപ്പെട്ട പ്രകടനം ലക്ഷ്യമിട്ടാണ് രംഗത്തെത്തിയിരിക്കുന്നത്.
എന്നാൽ ഈ സീസണിൽ കളിച്ച ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട മുംബൈക്ക് സീസണിൽ കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്ത് മുന്നോട്ട് പോയില്ലെങ്കിൽ പോയിന്റ് ടേബിളിൽ മെച്ചപ്പെട്ട ഒരു സ്ഥാനത്തേക്ക് എത്തിച്ചേരാൻ സാധിക്കില്ല.
എന്നാൽ ഓസീസിനെതിരെയുള്ള ഏകദിന പരമ്പരയിൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ റൺസ് ഒന്നുമെടുക്കാതെ പുറത്തായ സൂര്യകുമാർ യാദവിന് ഐ.പി. എല്ലിലും താളം വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല.
രണ്ട് മത്സരങ്ങളിൽ നിന്നും വെറും 16 റൺസ് മാത്രം സ്വന്തമാക്കിയ സൂര്യകുമാർ സമ്മർദത്തിനടിപ്പെട്ടിരിക്കുകയാണെന്നാണ് മുംബൈയുടെ പരിശീലകനായ മാർക്ക് ബൗച്ചർ അഭിപ്രായപ്പെട്ടിരിക്കുന്നത്.
ചെന്നൈക്കെതിരെയുള്ള മത്സര ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് സൂര്യകുമാർ യാദവ് നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് മാർക്ക് ബൗച്ചർ അഭിപ്രായപ്പെട്ടിരിക്കുന്നത്.
‘സൂര്യ കുമാർ വളരെ ടാലന്റഡായ ഒരു ക്രിക്കറ്ററാണ്. ടി-20 യിൽ ലോകത്തെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് അദ്ദേഹം. അടുത്തിടെയായി അദ്ദേഹം ധാരാളം റൺസ് നേടുന്നില്ല എന്നത് സത്യമാണ്. അത്കൊണ്ട് അദ്ദേഹം മികച്ച പ്ലെയർ ആവാതിരിക്കുന്നില്ല.
ഉടൻ തന്നെ അദ്ദേഹം തന്റെ മികവിലേക്ക് തിരിച്ചെത്തുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അദ്ദേഹത്തിന് മേൽ വലിയ തരത്തിലുള്ള സമ്മർദം ചെലുത്താൻ എനിക്ക് താത്പര്യമില്ല. എന്നാൽ പുറത്ത് നിന്നും അദ്ദേഹത്തിന് മേൽ സമ്മർദ്ദം വരുന്നുണ്ട്. അത് തീർച്ചയായും ഒഴിവാക്കേണ്ടതാണ്,’ ബൗച്ചർ പറഞ്ഞു.
“സൂര്യകുമാറിനെ കൊണ്ട് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് നമുക്ക് അറിയാം. ചില സമയങ്ങളിൽ നമ്മൾക്ക് കളിക്കളത്തിൽ നിരാശയിലാണ്ടുപോകേണ്ടി വന്നേക്കാം. അതൊക്കെ സാധാരണമാണ്,’ ബൗച്ചർ കൂട്ടിച്ചേർത്തു.
അതേസമയം ഏപ്രിൽ ഒമ്പതിന് സൺ റൈസേഴ്സ് ഹൈദരാബാദും പഞ്ചാബ് കിങ്‌സും തമ്മിലാണ് ഐ.പി.എല്ലിൽ മത്സരിക്കുന്നത്.