കൊൽക്കത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം മുര്‍ഷിദാബാദിന് പിന്നാലെ പശ്ചിമബംഗാളിലെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചതിന് പിന്നാലെ സമാധാന ആഹ്വാനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. മതത്തിന്റെ പേരിൽ ‘മതവിരുദ്ധത’ നടത്തരുതെന്നും പ്രതിഷേധിക്കാനുള്ള അവകാശം ഉയർത്തിപ്പിടിക്കണം എന്നാൽ അതേസമയം നിയമം കൈയിലെടുക്കരുതെന്നും മമത പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ദക്ഷിണ കൊൽക്കത്തയിലെ കാളിഘട്ടിലെ പ്രശസ്തമായ കാളി ക്ഷേത്രത്തിന് സമീപം സ്‌കൈ വാക്ക് ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു മമതയുടെ അഭ്യർത്ഥന.
‘മതത്തിന്റെ പേരിൽ മതവിരുദ്ധത നടത്തരുത്. ഭക്തി, വാത്സല്യം, മനുഷ്യത്വം, സമാധാനം, സൗഹൃദം, സംസ്‌കാരം, ഐക്യം എന്നിവയെയാണ് ധര്‍മ്മം അര്‍ത്ഥമാക്കുന്നത്. എല്ലാ മതങ്ങളും മനുഷ്യരെ സ്‌നേഹിക്കാനാണ് ആഹ്വാനം ചെയ്യുന്നത്. നമ്മള്‍ ജനിക്കുന്നതും മരിക്കുന്നതും ഒറ്റയ്ക്കാണ്. പിന്നെ എന്തിനുവേണ്ടിയാണ് യുദ്ധം ചെയ്യുന്നത്? എന്തിനാണ് കലാപങ്ങള്‍? എന്തിനാണ് അശാന്തി? മനുഷ്യരോടുളള സ്‌നേഹം നമ്മെ വിജയിപ്പിക്കും.
അവരുടെ പശ്ചാത്തലമോ മതമോ പരിഗണിക്കാതെ ആക്രമിക്കപ്പെടുന്നവര്‍ക്കും അടിച്ചമര്‍ത്തപ്പെടുത്തുന്നവര്‍ക്കുമൊപ്പം നില്‍ക്കണം. സമാധാനപരമായ പ്രതിഷേധങ്ങളുയര്‍ത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ ആരും നിയമം കയ്യിലെടുക്കരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമുക്ക് നിയമത്തിന് അതീതമായി പ്രവര്‍ത്തിക്കുന്നവരെ ആവശ്യമില്ല. അതുകൊണ്ട് ആരെങ്കിലും നിങ്ങളെ നിയമം കയ്യിലെടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെങ്കില്‍ അവരുടെ കെണിയില്‍ വീഴരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,’ മമത ബാനര്‍ജി പറഞ്ഞു.
എല്ലാ പ്രകോപനങ്ങൾക്കിടയിലും മനസ് ശാന്തമായി സൂക്ഷിക്കുന്നവരാണ് യഥാർത്ഥ വിജയികൾ. അതാണ് യഥാർത്ഥ വിജയമെന്നും മമത കൂട്ടിച്ചേർത്തു
വഖഫ് ബില്ലിനെതിരായ പ്രതിഷേധം ഇപ്പോൾ മുർഷിദാബാദിൽ നിന്ന് മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. പ്രതിഷേധത്തിൽ വ്യാപകമായ ആക്രമണ സംഭവങ്ങളും നടക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മുർഷിദാബാദ് ജില്ലയിലെ ധുലിയൻ പ്രദേശത്ത് വഖഫ് ബില്ലിനെതിരായ പ്രതിഷേധത്തിനിടെ വൻ അക്രമം പൊട്ടിപ്പുറപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇതേ വിഷയത്തിൽ തിങ്കളാഴ്ച സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഭംഗറിൽ ഒരു കൂട്ടം പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടിയിരുന്നു. ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും നിരവധി പൊലീസ് വാഹനങ്ങൾ കത്തിക്കുകയും ചെയ്തിരുന്നു.
മുർഷിദാബാദിലെ അക്രമത്തിന് പിന്നാലെ സംസ്ഥാനത്ത് വഖഫ് നിയമം നടപ്പാക്കില്ലെന്ന് മമത ബാനർജി ഉറപ്പിച്ചു പറയുകയും സമാധാനത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ അതേസമയം വഖഫ് ബില്ലിനെതിരായ നടക്കുന്ന പ്രതിഷേധങ്ങളുടെ മറവിൽ വർഗീയത വളർത്താനാണ് ബംഗാളിൽ ബി.ജെ.പിയും ആർ.എസ്.എസും ശ്രമിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾ വിമർശിച്ചു.
പശ്ചിമ ബംഗാളിലെ സാമുദായിക ഐക്യം തകർക്കാൻ വേണ്ടി അസം, ഉത്തർപ്രദേശ്, പഞ്ചാബ്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള അക്രമാസക്തമായ പ്രതിഷേധങ്ങളുടെ വ്യാജ ചിത്രങ്ങൾ ബി.ജെ.പി നേതാക്കൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതായി തൃണമൂൽ കോൺഗ്രസ് വിമർശിച്ചു.
അതേസമയം പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ധുലിയാനിൽ 400ലധികം ഹിന്ദുക്കൾ വീടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായെന്ന് ബി.ജെ.പി നേതാവ് സുവേന്ദു അധികാരി ഞായറാഴ്ച അവകാശപ്പെട്ടിരുന്നു. കശ്മീരിൽ, കശ്മീരി പണ്ഡിറ്റുകൾക്കുണ്ടായ അനുഭവമാണ് ബംഗാളിലെ ഹിന്ദുക്കൾക്ക് നേരിടേണ്ടി വരുന്നതെന്ന് ബി.ജെ.പി എം. പി ജ്യോതിർമയ് മഹാതോ ആരോപിച്ചിരുന്നു.
Content Highlight: Don’t fall into trap: Mamata Banerjee’s peace appeal amid violence in Bengal