പട്‌ന: നരേന്ദ്ര മോദി സര്‍ക്കാര്‍ ദരിദ്ര സംസ്ഥാനങ്ങളില്‍ പ്രചാരണത്തില്‍ മാത്രമാണ് ശ്രദ്ധയൂന്നുന്നതെന്നും വാഗ്ദാനങ്ങളൊന്നും പാലിക്കുന്നില്ലെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.
എല്ലാ ദരിദ്ര സംസ്ഥാനങ്ങള്‍ക്കും കിട്ടേണ്ട പ്രത്യേക പദവി ദീര്‍ഘകാലം ആവശ്യപ്പെട്ടിട്ടും ബിഹാറിന് ലഭ്യമായില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു. പ്രചാരണം മാത്രമല്ലാതെ, ദരിദ്ര സംസ്ഥാനങ്ങള്‍ക്ക് ഗുണകരമായ എന്തെങ്കിലും സംഭവിക്കുന്നുണ്ടോ എന്നും നിതീഷ് ചോദിച്ചു.
സെക്രട്ടറിയേറ്റില്‍ നടന്ന ചടങ്ങില്‍ 200 ഉര്‍ദു തര്‍ജമക്കാര്‍ക്കും സ്റ്റെനോഗ്രാഫര്‍മാര്‍ക്കും ജോലിക്കുള്ള അപ്പോയിന്‍മെന്റ് ലെറ്റര്‍ നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷങ്ങളും ദളിതുകളും ഉള്‍പ്പെടെ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സര്‍ക്കാര്‍ നടത്തുന്ന പ്രയത്‌നങ്ങളും അദ്ദേഹം പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംസ്ഥാന ബി.ജെ.പി നേതൃത്വം ഉര്‍ദു തര്‍ജമക്കാര്‍ക്കും സ്റ്റെനോഗ്രാഫര്‍മാര്‍ക്കും ജോലി നല്‍കിയ നിതീഷ് കുമാറിന്റെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തി.
എല്ലാ സ്‌കൂളിലും ഉര്‍ദു ടീച്ചര്‍മാരെ നിയമിക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. ബിഹാര്‍ നിയമസഭയില്‍ ഉര്‍ദു അറിയുന്നവര്‍ വേണമെന്ന ആവശ്യം എന്തുകൊണ്ടാണ്? ഇനി ഉര്‍ദു പരിഭാഷകരെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും നിയമിക്കുമെന്നും സംസ്ഥാന ബി.ജെ.പി വക്താവ് നിഖില്‍ ആനന്ദ് പറഞ്ഞു.
‘ബിഹാറിലെ മുസ്‌ലിം ഭൂരിപക്ഷ ജില്ലകളില്‍ ദളിതുകളുടെയും മറ്റ് പിന്നാക്ക വിഭാഗക്കാരുടെയും ജീവിതം ദുരിതത്തിലാണ്. സഹോദരാ, ബിഹാറില്‍ പാകിസ്ഥാന്‍ ഉണ്ടാക്കരുത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ പാകിസ്ഥാനിലേക്ക് പൊയ്‌ക്കോളൂ,’ നിഖില്‍ ആനന്ദ് പറഞ്ഞു.