Entertainment
എമ്പുരാന്‍ വലിയ സിനിമ; രാജുവിനെ പോലൊരു സംവിധായകന് മാത്രമേ ഇതുപോലൊരു ചിത്രത്തെ പുള്ളോഫ് ചെയ്യാന്‍ കഴിയുകയുള്ളു: ഡോണ്‍മാക്‌സ്

മലയാളക്കര ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. ഇന്‍ഡസ്ട്രിയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങുന്ന എമ്പുരാന്റെ ഓരോ അപ്ഡേറ്റും സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായി മാറിയിരുന്നു. ചിത്രത്തിന്റെ ടീസറും ക്യാരക്ടര്‍ പോസ്റ്ററുകളും ഹൈപ്പ് വാനോളമുയര്‍ത്തുകയും ചെയ്തു.

ചിത്രത്തിന്റെ ട്രെയ്ലര്‍ ഇന്നലെ അര്‍ദ്ധരാത്രി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ട്രെയ്ലര്‍ വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന് വ്യൂസാണ് നേടുന്നത്. ഇപ്പോള്‍ എമ്പുരാന്‍ സിനിമയുടെ ട്രെയ്ലറിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസില്‍ സംസാരിക്കുകയാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ കട്ട് ചെയ്ത എഡിറ്ററും സംവിധായകനുമായ ഡോണ്‍മാക്‌സ്.

‘രാജുവിന്റെ കൂടെ ഞാന്‍ ഒരുപാട് വര്‍ക്ക് ചെയ്തിട്ടുണ്ട്. ലൂസിഫറിന്റെ ട്രെയ്ലര്‍ കട്ട് ചെയ്തപ്പോഴും ആദ്യം അദ്ദേഹം നമുക്ക് ഒരുപാട് ഫ്രീഡം തരും. ഞങ്ങള്‍ തമ്മിലുള്ള വേവ് ലെങ്ത്ത് ഒരുപോലയാണ്. തനിക്ക് ഇതാണ് വേണ്ടത്, ഇങ്ങനെയാണ് വേണ്ടത് എന്ന കാര്യങ്ങളെ കുറിച്ച് പൃഥ്വിരാജ് വളരെ സ്‌പെസിഫിക്കാണ്.

ആദ്യം ഒന്ന് നമ്മള്‍ ചെയ്യും അപ്പോള്‍ രാജു അത് കണ്ടിട്ട് വേണ്ട നിര്‍ദ്ദേശങ്ങളൊക്കെ തന്ന് അങ്ങനെയാണ് നമ്മള്‍ കൂടുതല്‍ ചര്‍ച്ചകളിലേക്ക് പോകുന്നത്. ഇതൊരു വലിയ സിനിമയാണ്. അതുകൊണ്ടുതന്നെ ട്രെയ്ലര്‍ കട്ട് ചെയ്യാന്‍ എനിക്ക് ഒരുപാട് സമയമെടുത്തു. ഓരോ കണ്ടന്റും നമ്മള്‍ എത്രമാത്രം പുറത്ത് വിടണം ഏതൊക്കെ കണ്ടന്റ് പുറത്ത് വിടണ്ട എന്നുള്ളതിനെ കുറിച്ചെല്ലാം രാജു വളരെ സ്‌പെസിഫിക്കാണ്.

സിനിമകള്‍ക്കായി രാജു തമിഴിലും ഹിന്ദിയിലും എല്ലാം പോകുന്നതാണ്. അപ്പോള്‍ ലൂസിഫറിന്റെ ട്രെയിലറിന് അദ്ദേഹത്തിന് ഒരുപാട് അഭിനന്ദങ്ങള്‍ കിട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ലൂസിഫറിന്റെ ട്രെയ്ലറിലും മുകളില്‍ കിട്ടണം എന്നുള്ളതായിരുന്നു രാജുവിന്റെ നിര്‍ബന്ധം.

അതിന് കഴിഞ്ഞു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. രാജുവിനെ പോലൊരു സംവിധായകന് മാത്രമേ ഇങ്ങനെ, ഇത്രയും വലിയ ക്യാന്‍വാസിലുള്ള ചിത്രത്തെ പുള്ളോഫ് ചെയ്യാന്‍ കഴിയുകയുള്ളു. അത് അദ്ദേഹം അതിമനോഹരമായി ചെയ്തിട്ടുണ്ട്,’ ഡോണ്‍മാക്‌സ് പറയുന്നു.

Content highlight: Don Max talks about Trailer Of Empuraan Movie