Entertainment
ടൊവിനോയുടെ നിലവിലെ സ്റ്റാര്‍ സ്റ്റാറ്റസ് എമ്പുരാനെ ബാധിക്കില്ല, അതിന് കാരണമുണ്ട്: മുരളി ഗോപി

മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തുന്ന എമ്പുരാന്‍ എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്ത് മുരളി ഗോപി.

എമ്പുരാനില്‍ അഭിനയിക്കുന്ന ആരുടേയും സ്റ്റാര്‍ സ്റ്റാറ്റസ് ആ ചിത്രത്തെ ബാധിക്കില്ലെന്ന് മുരളി ഗോപി പറയുന്നു. കണ്ടന്റിന് തന്നെയാണ് പ്രാധാന്യമെന്നും കണ്ടന്റാണ് കിങ്ങ് എന്നും മുരളി ഗോപി പറയുന്നു.

ചിത്രത്തില്‍ ജതിന്‍ രാംദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ടോവിനോ തോമസിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മുരളി ഗോപിയുടെ മറുപടി.

ലൂസിഫര്‍ ചെയ്യുന്ന സമയത്തെ സ്റ്റാര്‍ സ്റ്റാറ്റസല്ല നിലവില്‍ ടൊവിനോയുടേത്. ടൊവിനോയുടെ നിലവിലെ സ്റ്റാര്‍ സ്റ്റാറ്റസ് ജതിന്‍ രാംദാസ് എന്ന കഥാപാത്രത്തെ ഡെവലപ് ചെയ്യുന്നതില്‍ തടസമായി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് മുരളി ഗോപി മറുപടി നല്‍കുന്നത്.

‘ ഒരിക്കലുമില്ല. ഒരു കണ്ടിന്യുറ്റി ഉള്ളൊരു വര്‍ക്കാണ് ലൂസിഫര്‍. അത് മൂന്ന് പാര്‍ട്ടുള്ള ഒരു സീരീസാണ്. അതുകൊണ്ട് തന്നെ ഒരു ക്യാരക്ടറിന്റെ ഡവലപ്‌മെന്റ് ഓള്‍റെഡി ഫിക്‌സ് ചെയ്തിട്ടുണ്ട്.

അതിന്റെ കണ്ടിന്വേഷന്‍ തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും മൂന്നാം ഭാഗത്തിലും. ടൊവിനോയുടെത് മാത്രമല്ല, ആരുടേയും സ്റ്റാര്‍ സ്റ്റാറ്റസ് വെച്ചിട്ടില്ല ഇതിലെ ഒരു ക്യാരക്ടേഴ്‌സിനെ ഡിവൈസ് ചെയ്തിരിക്കുന്നത്.

ഇത് കണ്ടന്റ് ഹെവിയായിട്ടുള്ള ഫ്രാഞ്ചൈസ് ആണ്. എന്റര്‍ടൈന്‍മെന്റ് അതിന്റെ ഒരു പാര്‍ട്ടാണ് എന്നേയുള്ളൂ. കണ്ടന്റ് തന്നെയാണ് ഇതിന്റ കിങ്,’ മുരളി ഗോപി പറയുന്നു.

നാര്‍ക്കോട്ടിക്‌സ് എന്ന വിഷയത്തെ എമ്പുരാനിലും വളരെ ശക്തമായി തന്നെ പ്രസന്റ് ചെയ്തിട്ടുണ്ടെന്നും മുരളി ഗോപി പറഞ്ഞു.

ലൂസിഫറില്‍ താരതമ്യേന ചെറിയ റോളായിരുന്നു ടൊവിനോയുടേതെങ്കില്‍ എമ്പുരാനിലെത്തുമ്പോള്‍ മുഴുനീള വേഷമാണെന്നാണ് സൂചന.

ലൂസിഫറില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി ജതിന്‍ രാംദാസ് അധികാരമേറ്റിടത്താണ് ചിത്രം അവസാനിപ്പിച്ചത്. എന്നാല്‍ ട്രെയിലര്‍ നല്‍കുന്ന സൂചന പ്രകാരം ടൊവിനോയുടെ ചില മലക്കംമറികള്‍ കഥാഗതിയില്‍ പ്രതീക്ഷിക്കാം.

Content Highlight: Script writer Murali Gopi about Tovino Thomas Star Status and empuraan