മോഹന്‍ലാല്‍ നായകനായി 2019ല്‍ പുറത്തിറങ്ങിയ പൊളിറ്റിക്കല്‍ – ആക്ഷന്‍ – ത്രില്ലര്‍ ചിത്രമായിരുന്നു ലൂസിഫര്‍. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോക നായകനായുമാണ് മോഹന്‍ലാല്‍ എത്തിയത്.
ഇപ്പോള്‍ തനിക്ക് മലയാളത്തില്‍ ഏറെ ഇഷ്ടപ്പെട്ട പൊളിറ്റിക്കല്‍ മൂവി ഏതാണെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മോഹന്‍ലാല്‍. ലൂസിഫറിനെ കുറിച്ച് പറയാതിരിക്കാന്‍ ആവില്ലെന്ന് പറഞ്ഞ അദ്ദേഹം രണ്ടാമതായി പറഞ്ഞത് ലൂസിഫറിന്റെ അടുത്ത ഭാഗമായി എത്തുന്ന എമ്പുരാനെ കുറിച്ചാണ്.
മൂന്നാമതായി 1982ല്‍ ഐ.വി. ശശി സംവിധാനം ചെയ്ത് എത്തിയ ഈ നാട് എന്ന സിനിമയാണ് മോഹന്‍ലാല്‍ പറഞ്ഞത്. ബാലന്‍ കെ. നായര്‍, രതീഷ്, മമ്മൂട്ടി, ടി.ജി. രവി, കുതിരവട്ടം പപ്പു തുടങ്ങി മികച്ച താരനിര ഒന്നിച്ച ചിത്രമായിരുന്നു ഈ നാട്.
ഒപ്പം താന്‍ തന്നെ നായകനായ രാജാവിന്റെ മകന്‍, ഭൂമിയിലെ രാജാക്കന്മാര്‍, വാര്‍ത്ത എന്നീ സിനിമകളെ കുറിച്ചും മോഹന്‍ലാല്‍ പറയുന്നു. അങ്ങനെ തനിക്ക് ഇഷ്ടപ്പെട്ട ഒരുപാട് പൊളിറ്റിക്കല്‍ സിനിമകളുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
‘ഏറ്റവും ഇഷ്ടമുള്ള പൊളിറ്റിക്കല്‍ മൂവി ഏതാണെന്ന് ചോദിച്ചാല്‍ എനിക്ക് ലൂസിഫറിനെ കുറിച്ച് പറയാതിരിക്കാന്‍ ആവില്ല. പിന്നെ എമ്പുരാന്‍. ഈ നാട് എന്നൊരു സിനിമയുമുണ്ട്.
ഞാന്‍ അഭിനയിച്ച രാജാവിന്റെ മകന്‍, ഭൂമിയിലെ രാജാക്കന്മാര്‍ എന്നീ സിനിമകളും അത്തരത്തില്‍ എനിക്ക് ഇഷ്ടപ്പെട്ട പൊളിറ്റിക്കല്‍ മൂവിയാണ്. പിന്നെ വാര്‍ത്ത എന്ന സിനിമയുണ്ട്. അങ്ങനെ ഒരുപാട് സിനിമകളുണ്ട്,’ മോഹന്‍ലാല്‍ പറഞ്ഞു.
ഇപ്പോള്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടിയാണ്. മാര്‍ച്ച് 27നാണ് ചിത്രം തിയേറ്റില്‍ എത്തുന്നത്. മുരളി ഗോപി തിരക്കഥയെഴുതിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, പൃഥ്വിരാജ് സുകുമാരന്‍ തുടങ്ങി മികച്ച താരനിരയാണ് ഒന്നിക്കുന്നത്.
Content Highlight: Mohanlal Talks About His Favorite Political Movies Like Empuraan And Lucifer