Advertisement
World News
ചൈനയില്‍ നിന്നുള്ള ഇലക്ട്രിക്കല്‍ ഉത്പന്നങ്ങള്‍ക്ക് ആന്റി-ഡമ്പിങ് തീരുവ ചുമത്താന്‍ ജി.സി.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 24, 08:47 am
Monday, 24th March 2025, 2:17 pm

മസ്‌കത്ത്: ചൈനയിലെ ഏതാനും ഇലക്ട്രിക്കല്‍ ഉത്പന്നങ്ങളുടെ ഇറക്കുമതികള്‍ക്ക് ആന്റി-ഡമ്പിങ് തീരുവ ചുമത്താന്‍ ജി.സി.സി (ഗള്‍ഫ് സഹകരണ കൗണ്‍സില്‍). ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക്കല്‍ കണക്ഷനുകള്‍ക്കും സ്വിച്ചുകള്‍ക്കുമാണ് ജി.സി.സി തീരുവ ഏര്‍പ്പെടുത്തുക.

ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രലയമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. 2025 ജൂണ്‍ എട്ട് മുതല്‍ തീരുവ പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം.

1000 വോള്‍ട്ടില്‍ കൂടാത്ത ഇലക്ട്രിക്കല്‍ വോള്‍ട്ടേജുള്ള ഉത്പന്നങ്ങളെയാണ് ഈ തീരുവ ബാധിക്കുക.അടുത്ത അഞ്ച് വര്‍ഷത്തേക്കായിരിക്കും തീരുവ പ്രാബല്യത്തില്‍ ഉണ്ടാകുക.

ഗള്‍ഫ് ഉത്പന്നങ്ങളെ വിപണയില്‍ കൂടുതല്‍ സുരക്ഷിതമാക്കാനാണ് പ്രസ്തുത തീരുമാനത്തിലൂടെ ജി.സി.സി ലക്ഷ്യമിടുന്നത്.

തീരുമാനം ഗള്‍ഫ് രാജ്യങ്ങളില്‍ നല്ല മാറ്റങ്ങള്‍ക്ക് തുടക്കമിടുമെന്ന് ഒമാന്‍ മന്ത്രാലയത്തിലെ കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് മോണിറ്ററിങ് വകുപ്പ് ഡയറക്ടര്‍ ഖാലിദ് ബിന്‍ ഖാമിസ് അല്‍ മസ്രൂരി പ്രതികരിച്ചു.

റോയല്‍ ഡിക്രി നമ്പര്‍ 20/2015 ല്‍ പറയുന്നത് പ്രകാരമുള്ള ആന്റി-ഡമ്പിങ്, കൗണ്ടര്‍വെയ്ലിങ്, സേഫ്ഗാര്‍ഡ് എന്നീ നടപടികളുടെ അടിസ്ഥാനത്തിലാണ് ജി.സി.സിയുടെ തീരുമാനം.

ഗള്‍ഫ് അറബ് രാജ്യങ്ങള്‍ക്കായുള്ള സഹകരണ കൗണ്‍സിലിന്റെ ജനറല്‍ സെക്രട്ടേറിയറ്റില്‍ അന്താരാഷ്ട്ര വ്യാപാരത്തിലെ ദോഷകരമായ നടപടികളെ ചെറുക്കണമെന്ന് ആവശ്യപ്പെട്ട് സാങ്കേതിക സെക്രട്ടേറിയറ്റ് ഓഫീസ് സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് ഈ തീരുമാനമുണ്ടായത്.

നേരത്തെ ഇന്ത്യയും ചൈനയുടെ ഉത്പന്നങ്ങള്‍ക്ക് ആന്റി-ഡംബിങ് തീരുവ ചുമത്തിയിരുന്നു. പ്രാദേശിക നിര്‍മാതാക്കളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ചൈനക്കെതിരെ ഇന്ത്യ നടപടിയെടുത്തത്.

ചൈനയില്‍ നിന്നുള്ള ഏതാനും അലുമിനിയം ഉത്പന്നങ്ങള്‍ക്കും രാസവസ്തുക്കള്‍ക്കും ഉള്‍പ്പെടെ അഞ്ച് ഉത്പന്നങ്ങള്‍ക്കാണ് ഇന്ത്യ തീരുവ ചുമത്തിയിരുന്നത്.

വില കുറഞ്ഞ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് തടയാന്‍ ഏര്‍പ്പെടുത്തുന്ന തീരുവയാണ് ആന്റി ഡമ്പിങ് തീരുവ. ഒരു രാജ്യത്തെ വിപണിയില്‍ സാധാരണ മൂല്യത്തേക്കാള്‍ താഴെയുള്ള വിലയ്ക്കാണ് ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതെങ്കില്‍ അത് ഈ രാജ്യത്തിന്റെ ആഭ്യന്തരവിപണിയെ സാരമായി ബാധിക്കും.

Content Highlight: GCC to impose anti-dumping duties on electrical products from China