Entertainment
കര്‍ണാടകയിലെ ചെറിയ നഗരങ്ങളില്‍ പോലും എമ്പുരാന് റിലീസുള്ളത് അപകടകരമായ മുന്നറിയിപ്പ്, ബോയ്‌ക്കോട്ട് വാദവുമായി കന്നഡ പേജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 22, 09:30 am
Saturday, 22nd March 2025, 3:00 pm

രാജ്യം ഭരിക്കുന്നവര്‍ക്ക് ഗുജറാത്ത് കലാപത്തിലുള്ള പങ്കിനെക്കുറിച്ച് പറഞ്ഞു, എമ്പുരാനെതിരെ വ്യാപക സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകള്‍

 

മലയാളസിനിമ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസിന് തയാറെടുക്കുകയാണ് മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍. ബുക്കിങ് ആരംഭിച്ചതിന് ശേഷം വന്‍ ഡിമാന്‍ഡാണ് പല തിയേറ്ററകളിലും കാണാന്‍ സാധിക്കുന്നത്. കേരളത്തിന് പുറത്തും ചിത്രത്തിന് മികച്ച ബുക്കിങ്ങാണ് ലഭിക്കുന്നത്. മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങി വന്‍ നഗരങ്ങളില്‍ ഇതിനോടകം ആദ്യദിവസത്തെ പല ഷോസും ഫുള്ളായിക്കഴിഞ്ഞു.

എന്നാല്‍ ഇപ്പോള്‍ ചിത്രത്തിനെതിരെ ബോയ്‌ക്കോട്ട് ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുകയാണ് കര്‍ണാടകയിലെ എക്‌സ് പേജ്. കന്നഡ ഡൈനാസ്റ്റി എന്ന പേജാണ് ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുന്നത്. മലയാളസിനിമ മലയാളത്തില്‍ റിലീസ് ചെയ്യുന്നത് ഭാഷയെ അടിച്ചേല്പിക്കുന്നതുപോലെയാണെന്നും ഇത് അനുവദിക്കാനാകില്ലെന്നും പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്.

മലയാളസിനിമക്ക് കര്‍ണാടകയിലെ ചെറിയ നഗരങ്ങളില്‍ പോലും റിലീസുള്ളത് അപകടസൂചനയാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. കര്‍ണാടകയില്‍ സിനിമ പുറത്തിറക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കന്നഡയില്‍ ഡബ്ബ് ചെയ്ത് ഇറക്കുന്നതാകും നല്ലതെന്നും പോസ്റ്റില്‍ പറയുന്നു. ചിത്രത്തിന്റെ വിതരണക്കാരെയും മാര്‍ക്കറ്റിങ് ടീമിനെയും പേജ് വിമര്‍ശിക്കുന്നുണ്ട്.

പോസ്റ്റ് വിവാദമായതോടെ അഡ്മിന്‍ ഇത് ഡിലീറ്റ് ചെയ്‌തെങ്കിലും സ്‌ക്രീന്‍ഷോട്ട് ഇതിനോടകം വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നിരുന്നാലും എമ്പുരാന്‍ ബഹിഷ്‌കരിക്കണമെന്ന ആവശ്യത്തില്‍ നിന്ന് ഈ പേജ് പിന്നോട്ട് പോകുന്നില്ല. എമ്പുരാനെതിരെയുള്ള പോസ്റ്റുകള്‍ ഇപ്പോഴും കന്നഡ ഡൈനാസ്റ്റിയുടെ പേജുകളിലുണ്ട്.

കന്നഡയിലെ മുന്‍നിര നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസാണ് കര്‍ണാടകയില്‍ എമ്പുരാന്‍ വിതരണം ചെയ്യുന്നത്. കഴിഞ്ഞദിവസം ബുക്കിങ് ആരംഭിച്ചതിന് ശേഷം ഒരുകോടിയോളം ആദ്യദിനം കര്‍ണാടകയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ ഒരു കോളേജ് എമ്പുരാന്‍ റിലീസിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ലീവ് നല്‍കിയതും വലിയ വാര്‍ത്തയായിരുന്നു.

അതേസമയം വേള്‍ഡ്‌വൈഡ് ബുക്കിങ്ങിലൂടെ മാത്രം ഇതിനോടകം 20 കോടിയോളം എമ്പുരാന്‍ സ്വന്തമാക്കിക്കഴിഞ്ഞു. മരക്കാര്‍ നേടിയ 20.3 കോടിയെ തകര്‍ത്ത് ഒന്നാം സ്ഥാനം നേടാനും എമ്പുരാന് സാധിച്ചു. ബുക്കിങ് ആരംഭിച്ച് ആദ്യദിനം ഇന്ത്യയില്‍ മാത്രം ആറ് ലക്ഷത്തിന് മുകളില്‍ ടിക്കറ്റുകളാണ് എമ്പുരാന്റേതായി വിറ്റുപോയത്. ഇന്ത്യന്‍ സിനിമാചരിത്രത്തിലെ ഏറ്റവും വലിയ റെക്കോഡാണിത്.

Content Highlight: A Kannada page in X posted to Boycott Empuraan in Karnataka