ഡോക്ടേഴ്‌സ് ഓണ്‍ റോഡ്; വൈദ്യ സഹായവുമായി ഡോ. കഫീല്‍ ഖാനും സംഘവും ഉള്‍നാടുകളിലേക്ക്
national news
ഡോക്ടേഴ്‌സ് ഓണ്‍ റോഡ്; വൈദ്യ സഹായവുമായി ഡോ. കഫീല്‍ ഖാനും സംഘവും ഉള്‍നാടുകളിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th April 2021, 12:02 pm

ലഖ്‌നൗ: രാജ്യത്ത് കൊവിഡ് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ വൈദ്യ സഹായവുമായി ഡോ. കഫീല്‍ഖാന്‍. വൈദ്യ സഹായം എത്താത്ത ഉള്‍പ്രദേശങ്ങളിലേക്കാണ് സൗജന്യ വൈദ്യ സഹായവുമായി ഡോ. കഫീല്‍ ഖാനും സംഘവും ഇറങ്ങിയിരിക്കുന്നത്.

തങ്ങള്‍ക്ക് സാധ്യമായ വൈദ്യ സഹായവും മരുന്നുകളും എത്തിച്ചു നല്‍കുകയാണ് ലക്ഷ്യമെന്ന് ഡോ. കഫീല്‍ ഖാന്‍ പറഞ്ഞു.

ഡോക്ടേഴ്‌സ് ഓണ്‍ റോഡ് എന്ന ക്യാംപെയ്‌നിലൂടെയാണ് പ്രവര്‍ത്തനം. കഫീല്‍ ഖാനും സംഘവും മാസ്‌കുകളും സോപ്പുകളും വിതരണം ചെയ്യുന്നതിന്റെ വീഡിയോ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. രാജ്യത്ത് കൊവിഡ് സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്.

രാജ്യത്ത് ഇന്നലെയും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. ഇന്നലെ മാത്രം 2,73,810പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1619 പേരാണ് മരണപ്പെട്ടത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,78,769 ആയി.

ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 1,50,61,919 പേര്‍ക്കാണ്. പ്രതിദിനകേസുകളില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിന് മുകളിലായത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

ഇതോടെ, രാജ്യത്ത് ആകെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം പത്തൊമ്പത് ലക്ഷം പിന്നിട്ടു. ആകെ 19,29,329 പേരാണ് ചികിത്സയിലുള്ളത്.

രാജ്യത്തെ രോഗികളുടെ പ്രതിദിനരോഗമുക്തിനിരക്കും കുത്തനെ കുറയുകയാണ്. രോഗമുക്തി നിരക്ക് 86 ശതമാനത്തിലേക്ക് ഇടിഞ്ഞിട്ടുണ്ട്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തുന്ന മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ മെഡിക്കല്‍ ഓക്സിജന്റെ ലഭ്യതയില്‍ കുത്തനെ കുറവ് രേഖപ്പെടുത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: DoctorsOnRoad, Dr. Kafeel Khan  with medical help to help  patients