World
യു.എസില്‍ തടവുകാരെ പീഡിപ്പിക്കാന്‍ മന:ശാസ്ത്രജ്ഞരും നഴ്‌സുമാരും!
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Nov 05, 02:02 am
Tuesday, 5th November 2013, 7:32 am

[]വാഷിങ്ടണ്‍: അമേരിക്കയില്‍ തടവുകാര്‍ നേരിടുന്ന പീഡനത്തിന്റെ കൂടുതല്‍ കഥകള്‍ പുറത്ത്. ##ഗ്വാണ്ടനാമോ ജയിലുകളിലടക്കമുള്ള തടവുകാരെ ഡോക്ടര്‍മാരും മനഃശാസ്ത്രജ്ഞരും നഴ്‌സുമാരും പീഡിപ്പിക്കുന്നതിന്റെ വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിസിന്‍ ആന്‍ഡ് ജോര്‍ജ് സോറോസ് ഫണ്ടഡ് ഓപണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.

രണ്ട് വര്‍ഷത്തെ പഠനത്തിന് ശേഷമാണ് ഫൗണ്ടേഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അഫ്ഗാനിസ്താനിലെ യു.എസ് ജയില്‍, ഗ്വാണ്ടാനമോ, 2001 സെപ്റ്റംബര്‍ 11ലെ ആക്രമണവുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ടവരെ പാര്‍പ്പിച്ച രഹസ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായാണ് പഠനം നടത്തിയത്.

തടവുകാരെ പീഡിപ്പിക്കുമ്പോള്‍ അവര്‍ക്ക് അപകടമുണ്ടാകാത്തതും എന്നാല്‍ വളരെ വേദനിപ്പിക്കുന്നതുമായ പീഡനമുറകള്‍ ഉദ്യോഗസ്ഥര്‍ ഡോക്ടര്‍മാരില്‍ നിന്നാണ് തേടിയിരുന്നത്.

തടവുകാരെ പീഡിപ്പിക്കുമ്പോള്‍ ഡോക്ടര്‍മാരും നഴ്‌സുമാരും അത് നോക്കിയിരിക്കുകയാണ് ചെയ്യുന്നത്. പ്രതിരോധ വകുപ്പില്‍നിന്നും സി.ഐ.എയില്‍ നിന്നുമുള്ള നിര്‍ദേശങ്ങള്‍ പ്രകാരമാണ് ഈ പീഡനമുറ എന്നാണ് റിപ്പോര്‍ട്ട്.

വെള്ളം ശക്തിയില്‍ മുഖത്തേക്ക് ചീറ്റി ശ്വാസംമുട്ടിക്കല്‍, പരുക്കന്‍ കസേരകളില്‍ തുടര്‍ച്ചയായി ഇരുത്തല്‍, നിര്‍ബന്ധിപ്പിച്ച് ഭക്ഷണം തീറ്റിക്കല്‍ തുടങ്ങിയ പീഡനങ്ങളും തടവുകാര്‍ അനുഭവിക്കേണ്ടി വരുന്നുണ്ട്.

എന്നാല്‍ പെന്റഗണും സി.ഐ.എയും റിപ്പോര്‍ട്ട് തള്ളിയിരിക്കുകയാണ്.