ജനത പോരാടി നേടിയതിനെയെല്ലാം തകര്‍ക്കുകയാണ് നീറ്റ്; ഒരുനാള്‍ തമിഴ് മക്കള്‍ ഇതിനെ മാറ്റും
details
ജനത പോരാടി നേടിയതിനെയെല്ലാം തകര്‍ക്കുകയാണ് നീറ്റ്; ഒരുനാള്‍ തമിഴ് മക്കള്‍ ഇതിനെ മാറ്റും
രാഗേന്ദു. പി.ആര്‍
Saturday, 20th July 2024, 2:59 pm

നീറ്റ് പരീക്ഷ രാജ്യത്തെ ഫെഡറലിസത്തിന് എതിരാണ്. നീറ്റ് യഥാര്‍ത്ഥ്യത്തില്‍ പണമുള്ളവന് മാത്രം അവസരം നല്‍കുകയും വിജയിപ്പിക്കുകയും ചെയ്യുന്ന ബിസിനസാണ്. മാനദണ്ഡങ്ങള്‍ അനുസരിച്ച് ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്നതും വിഷയത്തില്‍ അറിവുമുള്ളവരുമായ വിദ്യാര്‍ത്ഥികളെ കേന്ദ്ര സര്‍ക്കാര്‍ പുച്ഛിക്കുകയാണ്. സംവരണം ഉണ്ടെങ്കിലും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അത് കൃത്യമായി ലഭിക്കുന്നില്ല.

സി.വി.എം.പി. ഏഴിലരശൻ

ഒരുപാട് കഷ്ടതകള്‍ നേരിട്ടുകൊണ്ടാണ് നമ്മുടെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത്. സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ കോളേജുകളില്‍ പ്രവേശനം നേടാനും പഠിക്കാനും കഴിയണം. തുല്യമായ അവസരങ്ങള്‍ ലഭിക്കാത്ത പക്ഷം എന്തിന് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ എല്ലാവര്‍ക്കും പൊതുവായ പരീക്ഷ നടത്തുന്നത്? സംസ്ഥാന സിലബസുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരു രീതിയിലും പരിഗണന നല്‍കുന്നില്ല. നമ്മളെല്ലാവരും പഠിക്കുന്ന ഫിസിക്സ്, ബോട്ടണി, സുവോളജി, കെമിസ്ട്രി എന്നീ വിഷയങ്ങളിലെ വിവരങ്ങളില്‍ എന്ത് മാറ്റങ്ങളാണ് പ്രാദേശികമായി ഉണ്ടാകുക?

മൃഗങ്ങള്‍, ചെടികള്‍, മൂലകങ്ങള്‍ തുടങ്ങിയവയെ കുറിച്ചുള്ള ഈ വിഷയങ്ങളിലെ പഠനങ്ങളില്‍ മാറ്റങ്ങള്‍ ഒന്നുമുണ്ടാവില്ല. ഒരുപക്ഷെ പരീക്ഷ എഴുതുന്ന നമ്മുടെയെല്ലാം ഉത്തരങ്ങളായിരിക്കാം മാറിപോകുന്നത്. അല്ലെങ്കില്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ ഉണ്ടാവുകയും അത് അംഗീകരിക്കപ്പെടുകയും വേണം. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരും എന്‍.ടി.എയും പ്രാദേശിക സിലബസുകള്‍ ശരിയല്ലെന്നാണ് വാദിക്കുന്നത്. ഇതുപ്രകാരം എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങള്‍ വരെ കീറിമുറിച്ചു.

തമിഴ്‌നാട്ടില്‍ ഗ്രാമത്തിലെയും നഗരത്തിലെയും വിദ്യാര്‍ത്ഥികള്‍ ഒരേപോലെ വിദ്യാഭ്യാസ മേഖലയില്‍ അവരുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍ നഗരത്തിലെ വിദ്യാര്‍ത്ഥികള്‍ ഭൂരിഭാഗവും പഠിക്കുന്നത് സി.ബി.എസ്.ഇ, ഐ.സി.എസ്.സി സ്‌കൂളുകളിലാണ്. അതേസമയം സ്റ്റേറ്റ് സിലബസ് പഠിക്കുന്ന വിദ്യാര്‍ത്ഥികളും നഗരത്തിലുണ്ട്. പക്ഷെ നഗരമെന്നും ഗ്രാമമെന്നും വ്യത്യാസമില്ലാതെ സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്നതിനായി ദുരിതമനുഭവിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തൊഴിലാളികളുടെ മക്കള്‍ക്ക് സര്‍ക്കാര്‍ കോളേജുകളില്‍ അഡ്മിഷന്‍ ലഭിക്കേണ്ടതിന്റെ പ്രാധാന്യം പ്രസക്തമാകുന്നത്. നീറ്റ് പരീക്ഷയിലെ ക്രമക്കേടിലൂടെ സാധാരണക്കാരന്റെ മക്കള്‍ക്ക് ലഭിക്കേണ്ട ഈ അവസരമാണ് കേന്ദ്രം നഷ്ടപ്പെടുത്തുന്നത്.

സി.ബി.എസ്.സി, ഐ.സി.എസ്.സി, സ്റ്റേറ്റ് ഏതുമാകട്ടെ വിദ്യാര്‍ത്ഥികള്‍ക്ക് തുല്യ പരിഗണനയാണ് ലഭിക്കേണ്ടത്. അത് നടക്കാത്തപക്ഷം നീറ്റ് പരീക്ഷ നടത്തുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം.

കോച്ചിങ് സെന്ററുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒരുപക്ഷെ മൂന്നും നാലും ഘട്ടങ്ങളിലായിരിക്കും നീറ്റ് പരീക്ഷയില്‍ വിജയിക്കുന്നത്. ഓരോ ഘട്ടവും പിന്നിടാന്‍ എത്രമാത്രം പണം ഈ വിദ്യാര്‍ത്ഥികള്‍ ചെലവാക്കേണ്ടി വരുമെന്ന് നമുക്ക് ചിന്തക്കാവുന്നതേയുള്ളു. ഈ സാഹചര്യം കൂലിപ്പണി ചെയ്യുന്ന ഒരാളുടെ കുഞ്ഞിനാണ് വരുന്നതെങ്കിലോ? പക്ഷെ പാവപ്പെട്ടവന്റെ മക്കള്‍ പട്ടിണി കിടന്നിട്ടാണെങ്കിലും ആദ്യ ഘട്ടത്തില്‍ തന്നെ മത്സര പരീക്ഷകളില്‍ വിജയിക്കുന്നുണ്ട്. ഇനി അതിന് കഴിഞ്ഞില്ലെങ്കില്‍ ആ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചിന്തിക്കുന്നത് ആത്മഹത്യയെ കുറിച്ചായിക്കും. അത്തരം അവസ്ഥകള്‍ ഒരുപാട് കണ്ടിട്ടുള്ളതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരെ ഡി.എം.കെ ശക്തമായി പോരാടുന്നത്.

പഠിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിയും നമ്മുടെ രാജ്യത്ത് ആത്മഹത്യ ചെയ്യരുത്. ചെലവാക്കിയ പണത്തിന്റെ ഭാരമോര്‍ത്ത് ഒരു രക്ഷിതാവും വേദനിക്കരുത്. ചെലവാക്കിയ പണത്തിന്റെ ഭാരം കൊണ്ടായിരിക്കില്ല, അംഗീകരിക്കപ്പെടാതെയും വിവേചനം നേരിടുമ്പോഴുമായിരിക്കും ആ മനുഷ്യര്‍ ജീവിക്കണ്ടായെന്ന് തീരുമാനിക്കുന്നത്. ഇവിടെയാണ് നീറ്റ് പരീക്ഷയും ക്രമക്കേടും സമൂഹത്തിന് ഭീഷണിയാണെന്ന് നമ്മള്‍ മനസിലാക്കേണ്ടത്.

സെക്കന്ററി തലത്തിലെ പരീക്ഷകളില്‍ മാര്‍ക്ക് കുറഞ്ഞാല്‍ ഇംപ്രൂവ്‌മെന്റ് ചെയ്യാനുള്ള അവസരം ഓരോ വിദ്യാര്‍ത്ഥിക്കുമുണ്ട്. അതിന് പ്രത്യേകിച്ച് പണച്ചെലവില്ലായെന്ന് തന്നെ പറയാം. പരീക്ഷ ഫലം വന്നാല്‍ അതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഭാവി എങ്ങനെ വേണമെന്ന് തീരുമാനിക്കുകയും ചെയ്യാം. അഗ്രികള്‍ച്ചര്‍, വെറ്റിനറി കോഴ്സുകളും അല്ലാത്തപക്ഷം മറ്റു ബിരുദ കോഴ്സുകളും വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാവുന്നതാണ്. ഇക്കാര്യത്തിലും നീറ്റ് പരീക്ഷ തടസമുണ്ടാക്കുകയാണ്. നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് ആദ്യമായി വാര്‍ത്തകള്‍ പുറത്തുവരുന്നത് 2024ല്‍ അല്ല. 2021 മുതല്‍ ദേശീയ പരീക്ഷയില്‍ ക്രമക്കേട് നടക്കുന്നുണ്ട്. എന്നാല്‍ അതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നില്ല എന്ന് മാത്രം.

സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ ലക്ഷക്കണക്കിന് രൂപയായിരിക്കും പഠനത്തിനായി ചെലവാക്കേണ്ടി വരിക. ക്രമക്കേടിലൂടെ സാധാരണക്കാരുടെ മക്കള്‍ക്ക് മാര്‍ക്ക് കുറയുമ്പോള്‍ അവര്‍ എത്തിപ്പെടുന്നത് സ്വകാര്യ കോളേജുകളില്‍ ആയിരിക്കും. അതോടെ അവര്‍ പഠിക്കാനുള്ള ആഗ്രഹം പാതിവഴിയില്‍ ഉപേക്ഷിക്കും. ഇക്കാരണങ്ങള്‍ കൊണ്ടാണ് എന്‍.ടി.എയും കേന്ദ്ര സര്‍ക്കാരും ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ഡി.എം.കെ പറയുന്നത്.

തമിഴ്‌നാട്ടിലെ ഗ്രാമങ്ങളില്‍ ആരോഗ്യ മേഖല വികസിച്ചുകൊണ്ടിരിക്കുകയാണ്. മുന്‍ വര്‍ഷങ്ങളേക്കാള്‍ വലിയ മാറ്റങ്ങളാണ് സംസ്ഥാനത്തെ ആരോഗ്യ രംഗത്ത് സംഭവിച്ചിരിക്കുന്നത്. ഗ്രാമങ്ങളില്‍ ഇടവിട്ട് ഓരോ പ്രദേശങ്ങളിലും ചെറിയ ഹെല്‍ത്ത് സെന്ററുകള്‍ വീതം തമിഴ്നാട്ടിലുണ്ട്. ഇവിടെയെല്ലാം ആര് ജോലി ചെയ്യുമെന്നാണ് ഞങ്ങള്‍ കേന്ദ്രത്തോട് ചോദിക്കുന്നത്.

ഒരു ഉദാഹരണം പറയുകയാണെങ്കില്‍, ഗ്രാമത്തില്‍ നിന്നുള്ള ഒരു ചെറുപ്പക്കാരന്‍ കഷ്ടപ്പെട്ട് പഠിച്ച് ഡോക്ടറാകുന്നു. അദ്ദേഹം ഒരുപക്ഷേ തന്റെ സേവനത്തിനായി തെരഞ്ഞെടുക്കുക സ്വന്തം ഗ്രാമത്തെ ആയിരിക്കും, അല്ലെങ്കില്‍ മറ്റൊരു ഗ്രാമം. കാരണം അദേഹത്തിന്റെ കുടുംബവും സാധാരണക്കാരായ മനുഷ്യരും എങ്ങനെയാണ് ജീവിച്ചുപോകുന്നത് ആ ഡോക്ടറിന് അറിയാന്‍ സാധിക്കും. അതുകൊണ്ടാണ് ഗ്രാമത്തിലുള്ളവരും പാവപ്പെട്ടവരും വഞ്ചിക്കപ്പെടരുതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.

തമിഴ്‌നാട്ടിലെ ഓരോ ജില്ലയിലും മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കാനുള്ള നടപടിക്രമങ്ങളിലാണ് സംസ്ഥാന സര്‍ക്കാര്‍. അത് സംസ്ഥാനത്തെ ജനങ്ങളുടെ പണം കൊണ്ടാണ് സര്‍ക്കാര്‍ നടപ്പിലാക്കുക. അങ്ങനെയുള്ള മെഡിക്കല്‍ കോളേജുകളില്‍ ആര് പണിയെടുക്കണമെന്ന് തീരുമാനിക്കേണ്ടത് ആരാണ്? മെഡിക്കല്‍ കോളേജുകള്‍ നിര്‍മിക്കുക എന്നത് സംസ്ഥാനത്തിന്റെ പോളിസിയാണ്. എന്നാല്‍ ഇവിടെയെല്ലാം ആര് പണിയെടുക്കുമെന്ന ചോദ്യമാണ് കേന്ദ്ര സര്‍ക്കാരിന്റെ മുമ്പിലേക്ക് ഡി.എം.കെ വെക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ നടപടികളില്‍ ഭയവും കോപവുമുണ്ട്. സാമൂഹിക നീതിക്കായി തമിഴ്‌നാട്ടിലെ ജനത നൂറ്റാണ്ടുകളായി പോരാട്ടം നടത്തിവരികയാണ്. പല രീതിയിലും തങ്ങള്‍ അധിക്ഷേപിക്കപ്പെട്ടു. തമിഴ് സംസാരിക്കുന്നതിന്റെ പേരില്‍, നിറത്തിന്റെ പേരില്‍, ജാതിയുടെ പേരില്‍ എല്ലാം. എന്നാല്‍ ഈ അധിക്ഷേപങ്ങളെയെല്ലാം തമിഴ് മക്കള്‍ തകര്‍ത്തുക്കളഞ്ഞു. ഈ പോരാട്ടം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. ഇതിനേക്കാള്‍ ശക്തമായി ഞങ്ങള്‍ ഈ പോരാട്ടം തുടരും.

ബി.ജെ.പി സര്‍ക്കാര്‍ നിയന്ത്രിക്കുന്ന നീറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ ഉയര്‍ന്ന ജാതിക്കാര്‍ക്കും പണമുള്ളവര്‍ക്കും വേണ്ടിയുള്ളതാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം നീക്കങ്ങളെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കായിക-യുവജന ക്ഷേമമന്ത്രി ഉദയനിധി സ്റ്റാലിനും ശക്തമായി പ്രതിരോധിക്കുന്നുണ്ട്. യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ബാധിക്കുന്ന നീറ്റ് ക്രമക്കേട് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഉദയനിധി നടത്തുന്ന പോരാട്ടം വളരെ ശക്തമാണ്. ഡി.എം.കെ ഇപ്പോള്‍, ബി.ജെ.പി സര്‍ക്കാര്‍ നിലവില്‍ വന്നതിനുശേഷം രാജ്യത്തെ പല മേഖലകളിലായി നടന്ന അഴിമതികളെയും അട്ടിമറികളെയും കുറിച്ച് അന്വേഷിക്കാനുള്ള നടപടിക്രമങ്ങളിലാണ്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നിവേദനം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

Content Highlight: DMK MLA CVMP Ezhilarasan reacts to Neet irregularities

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.