തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതക കേസിലേക്ക് നയിച്ചത് തന്റെ മകനുമായുണ്ടായ തര്‍ക്കമാണെന്ന അടൂര്‍ പ്രകാശ് എം.പിയുടെ ആരോപണത്തിനെതിരെ പ്രതികരിച്ച് വാമനപൂരം എം.എല്‍.എ ഡി.കെ മുരളി.
തന്റെ കുടുംബത്തിന് എതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ അടൂര്‍ പ്രകാശിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എം.പിയുടേയും പ്രതികളുടേയും ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും ഡി.കെ മുരളി പറഞ്ഞു.
അടൂര്‍ പ്രകാശിനെതിരായ ആരോപണങ്ങളില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഡി.കെ മുരളി എം.എല്‍.എ പ്രതികരിച്ചു. ഒരു മഹാ നുണയാണ് അദ്ദേഹം പറഞ്ഞത്. എം.പി അദ്ദേഹത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി യാതൊരു വസ്തുതയുമില്ലാത്ത ഒരു ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. എന്റെ മകനുമായി ബന്ധപ്പെടുത്തി ഒരു സംഘര്‍ഷമുണ്ടായെന്നാണ് പറയുന്നത്.
എന്റെ മകന്‍ 2019 ല്‍ എന്നല്ല വേങ്ങമല ക്ഷേത്രത്തിലെ ഒരു ഉത്സവത്തിലും ഇതുവരെ പങ്കെടുക്കാന്‍ പോയിട്ടില്ല. എനിക്ക് രണ്ട് ആണ്‍ മക്കളാണ് ഉള്ളത്. ഏത് മകനേയാണ് ഉദ്ദേശിച്ചത് എന്ന് അദ്ദേഹം ഇതുവരെ പറഞ്ഞിട്ടില്ല. ആരുമായാണ് സംഘര്‍ഷമുണ്ടായതെന്ന് പറഞ്ഞിട്ടില്ല.
അന്തം വിട്ട പ്രതി എന്തും ചെയ്യും എന്ന് പറയുന്നപോലെയാണ് ഇത്.
എന്റെ മകനുമായി ബന്ധപ്പെട്ട് ഒരു സംഘര്‍ഷം ഉണ്ടായാല്‍ സ്വാഭാവികമായും അന്ന് അത് വാര്‍ത്തയാകില്ലേ, അല്ലെങ്കില്‍ പൊലീസ് കേസാകില്ലേ, എന്തെങ്കിലും ഒന്ന് സംഭവിക്കില്ലേ, ഇതൊന്നും ഉണ്ടായില്ലല്ലോ.
ആ ക്ഷേത്രവുമായി ബന്ധപ്പെടുന്ന ആളാണ് ഞാന്‍. നിങ്ങള്‍ ക്ഷേത്രഭാരവാഹികളോട് അന്വേഷിക്കൂ. അപ്പോള്‍ മനസിലാകുമല്ലോ യുക്തിരഹിതമായ ആരോപണം ഉന്നയിച്ചാല്‍ പോര. അദ്ദേഹം ഗൂഢാലോചന നടത്തി ചെയ്ത രാഷ്ട്രീയ കൊലപാതകം, എം.പി പ്രതിക്കൂട്ടില്‍ നില്‍ക്കുന്നു, ഈയൊരു അവസ്ഥയില്‍ പുകമുറ സൃഷ്ടിക്കാന്‍ വേണ്ടി പടച്ചുണ്ടാക്കുന്ന ആരോപണമാണ് ഇത്.
വേങ്ങമല ക്ഷേത്ര പരിസരത്ത് എന്തെങ്കിലും സംഘര്‍ഷമുണ്ടായെങ്കില്‍ അത് നിങ്ങള്‍ക്ക് അന്വേഷിക്കാം. കൊലപാതകത്തില്‍ ഗൂഢാലോചന നടത്തുകയും വ്യക്തമായ ആരോപണങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്യുമ്പോള്‍ അതില്‍ നിന്നും രക്ഷപ്പെടാന്‍ പൊതുപ്രവര്‍ത്തകരായ തങ്ങളുടെ കുടുംബാംഗങ്ങളെ അതിലേക്ക് വലിച്ചിഴക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഡി.കെ മുരളി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക