നിര്‍മാണം അശാസ്ത്രീയം: പി.വി അന്‍വറിന്റെ പാര്‍ക്കിലെ അനധികൃത നിര്‍മാണം നിര്‍ത്താന്‍ കലക്ടറുടെ ഉത്തരവ്
Kerala
നിര്‍മാണം അശാസ്ത്രീയം: പി.വി അന്‍വറിന്റെ പാര്‍ക്കിലെ അനധികൃത നിര്‍മാണം നിര്‍ത്താന്‍ കലക്ടറുടെ ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th September 2018, 7:26 pm

കോഴിക്കോട്: ഉരുള്‍പൊട്ടല്‍ ഭീഷണിയെത്തുടര്‍ന്ന് താല്‍ക്കാലികമായി പൂട്ടിയ പി.വി അന്‍വര്‍ എം.എല്‍.എയുടെ കൂടരഞ്ഞിയിലെ വിവാദ പാര്‍ക്കിലെ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്താന്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് ഉത്തരവിട്ടു . സ്ഥലത്ത് മണ്ണിടിച്ചില്‍ ഉണ്ടായതായി ബോധ്യപ്പെട്ടു. പാര്‍ക്കില്‍ അനധികൃത നിര്‍മാണം നടത്തിയെന്നും നിര്‍മാണം അശാസ്ത്രീയമാണെന്നും ജില്ലാ കലക്ടര്‍ യു.വി ജോസ് വ്യക്തമാക്കി. ജില്ലാ കലക്ടര്‍ നേരിട്ടെത്തി നടത്തിയ പരിശോധനയില്‍ ആണ് അനധികൃത നിര്‍മാണം ബോധ്യപെട്ടത്. പാര്‍ക്കിലെ ഉരുള്‍പൊട്ടല്‍ മറച്ചുവച്ച് വീണ്ടും അനുമതി നേടിയെടുക്കാന്‍ ആയിരുന്നു എം.എല്‍.എയുടെയും കൂട്ടരുടെയും ശ്രമം.


ALSO READ: പരാതിയെപ്പറ്റി അറിയില്ലെന്ന പി.കെ ശശിയുടെ വാദം പൊളിയുന്നു; എ.കെ.ജി സെന്ററില്‍ വിളിച്ച് വരുത്തി വിശദീകരണം കേട്ടെന്ന് സി.പി.ഐ.എം ഔദ്യോഗിക പ്രസ്താവന


മണ്ണ് മാന്തി ഉപയോഗിച്ച് കല്ലും മണ്ണും നീക്കിയശേഷം കോണ്ക്രീറ്റ് ഉപയോഗിച്ച് സംരക്ഷണ ഭിത്തി ബലപ്പെടുത്താനുമായിരുന്നു ശ്രമം. പാര്‍ക്കില്‍ എട്ടിടങ്ങളില്‍ ഉരുള്‍പൊട്ടിയതാണ് കണക്ക് കൂട്ടുന്നത്. വ്യാപകമായ മണ്ണിടിച്ചിലും ഉണ്ടായി. ഇതു മറച്ചു വയ്ക്കാനായിരുന്നു രഹസ്യ നിര്‍മാണം. ജില്ലാ കലക്ടര്‍ നേരിട്ടെത്തി നടത്തിയ പരിശോധനയില്‍ അനധികൃത നിര്‍മാണത്തെക്കുറിച്ച് ബോധ്യപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ് നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടത്.

പാര്‍ക്കിലെ ഉരുള്‍പൊട്ടല്‍ മറച്ചുവയ്ക്കാന്‍ ചില രഹസ്യനിര്‍മാണങ്ങള്‍ നടക്കുന്നെന്ന വിവരത്തെത്തുടര്‍ന്നാണ് ജില്ലാഭരണകൂടത്തിന്റെ ഇടപെടല്‍ ഉണ്ടായത്. കനത്ത കാവലില്‍ രാപകല്‍ വ്യത്യാസമില്ലാതെ പണികള്‍ നടക്കുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. മഴ മാറിയതോടെ വീണ്ടും പാര്‍ക്ക് തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള അനുമതി നേടിയെടുക്കുന്നതിന്റെ ഭാഗമായാണ് ചട്ടം ലംഘിച്ചുള്ള നിര്‍മാണമെന്നാണ് പരാതി.


ALSO READ: തിങ്കളാഴ്ച നടത്തുന്ന ഹര്‍ത്താലിനു മാറ്റമില്ല,പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല; എം.എം. ഹസന്‍


മഴകനത്താല്‍ കൂടുതല്‍ മണ്ണിടിയാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ക്ക് താല്‍ക്കാലികമായി പൂട്ടാന്‍ കലക്ടര്‍ മുമ്പ് ഉത്തരവിട്ടത്. ഒരുതരത്തിലുമുള്ള നിര്‍മാണം പാടില്ലെന്നും നിര്‍ദേശിച്ചിരുന്നു.

നിര്‍മാണത്തിന് യാതൊരു അനുമതിയും നല്‍കിയിട്ടില്ലെന്നാണ് കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റിന്റെ വാദം. നിയമലംഘനമുണ്ടായോ എന്ന് പരിശോധിക്കാന്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടതായും ഇവര്‍ അറിയിച്ചു.