national news
ശബ്ദ, ജല മലിനീകരണം ചൂണ്ടിക്കാട്ടിയുള്ള ഹരജി തള്ളി; ഇഷ ഫൗണ്ടേഷന് ശിവരാത്രി ആഘോഷങ്ങള്‍ നടത്താന്‍ അനുമതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 25, 03:12 am
Tuesday, 25th February 2025, 8:42 am

കോയമ്പത്തൂര്‍: ജഗ്ഗി വാസുദേവിന്റെ ഉടമസ്ഥതതിയുള്ള കോയമ്പൂത്തൂരിലെ ഇഷ ഫൗണ്ടേഷന് ഫെബ്രുവരി 26,27 തിയ്യതികളില്‍ ശിവരാത്രി ആഘോഷങ്ങള്‍ നടത്താന്‍ അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി. ശബ്ദമലിനീകരണവും, സമീപത്തെ കൃഷിയിടങ്ങളിലേക്ക് മലിന ജലം ഒഴുക്കുന്നു എന്നും ചൂണ്ടിക്കാട്ടി ഇഷ ഫൗണ്ടേഷന് സമീപത്ത് ഭൂമിയുളള എസ്.ടി. ശിവജ്ഞാനന്‍ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ അനുമതി.

പരിപാടിക്ക് അനുമതി നല്‍കുന്നതിന് മുമ്പായി ശബ്ദമലിനീകരണം ഒഴിവാക്കുന്നതിനും സമീപത്തെ കൃഷി ഭൂമികളിലേക്ക് മലിന ജലം ഒഴുക്കിവിടുന്നത് തടയാനും നടപടിയെടുക്കാന്‍ അധികൃതരോട് ആവശ്യപ്പെടണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ജസ്റ്റിസുമാരായ എസ്.എം. സുബ്രഹ്‌മണ്യം, കെ. രാജശേഖരന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിക്കൊണ്ട് പരിപാടിക്ക് അനുമതി നല്‍കിയത്.

ക്യാംപസിനകത്ത് പരിപാടികള്‍ നടക്കാറുണ്ടെന്നും ഇത് ക്യാംപസിന് പുറത്തുള്ളവര്‍ക്ക് ശബ്ദമലിനീകരണമുണ്ടാക്കുന്നില്ലെന്നും ഇഷ ഫൗണ്ടേഷന്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിപാടികള്‍ നടത്തുന്നത് എന്നും തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചതായി കോടതി പറഞ്ഞു.

ഹരജിക്കാരന്‍ തന്റെ ആശങ്കകള്‍ ഉന്നയിക്കുക മാത്രമാണ് ചെയ്തതെന്നും പരിപാടി വിലക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല എന്നും പറഞ്ഞ കോടതി ഹരജിക്കാരന്റെ ആശങ്കക്ക് കാരണമായ ഒരു ഇടപെടലും ഇഷ ഫൗണ്ടേഷന്റെ ഭാഗത്ത് നിന്നും ഉണ്ടായതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പറഞ്ഞു.

രാത്രി മുഴുവന്‍ ഉച്ഛഭാഷിണികള്‍ ഉപയോഗിക്കുന്നത് സമീപത്തുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും സമീപത്തെ കൃഷിഭൂമിയിലേക്ക് ഇഷഫൗണ്ടേഷന്‍ മലിന ജലം ഒഴുക്കിവിടുന്നുണ്ട് എന്നുമായിരുന്നു ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയത്. മലിനീകരണ നിയന്ത്രണത്തിന്റെ മാനദണ്ഡങ്ങള്‍ ഫൗണ്ടേഷന്‍ ലംഘിക്കുന്നുണ്ടെന്നും ഹരജിക്കാരന്‍ ആരോപിച്ചിരുന്നു.

തമിഴ്‌നാട് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡിന് വേണ്ടി അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ജെ. രവീന്ദ്രനാണ് കോടതിയില്‍ ഹാജരായത്. അദ്ദേഹം തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡിന് വേണ്ടി എതിര്‍ സത്യവാങ്മൂലം നല്‍കിയതോടെയാണ് കോടതി ഹരജിക്കാരന്റെ ആവശ്യം തള്ളിയത്.

ഇഷ ഫൗണ്ടേഷന് 1725 കിലോ ലിറ്റര്‍ മലിനജലം സംസ്‌കരിക്കാനുള്ള ശേഷിയുണ്ടെന്നും ഇത് സെന്ററില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ആറായിരത്തിലധികം ആളുകളില്‍ നിന്നുണ്ടാകുന്ന മലിനജലം സംസ്‌കരിക്കാന്‍ പ്രാപ്തമാണെന്നും ടി.എന്‍.പി.സി.ബി അറിയിച്ചു.

മാത്രവുമല്ല, ദൈനംദിനം സെന്റര്‍ സന്ദര്‍ശിക്കുന്ന 5000 മുതല്‍ 10000 വരെയുള്ള സന്ദര്‍ശകരില്‍ നിന്നുണ്ടാകുന്ന മലിനജലവും ഇവിടെ സംസ്‌കരിക്കാനുള്ള സൗകര്യമുണ്ടെന്നും ടി.എന്‍.പി.സി.ബി പറയുന്നു. സംസ്‌കരിക്കുന്ന മലിനജലം ഇവിടെ പൂന്തോട്ടപരിപാലനത്തിനും അവരുടെ സ്വന്തം ഭൂമിയിലെ ജലസേചനത്തിനുമാണ് ഉപയോഗിക്കുന്നത് എന്നും തമിഴ്‌നാട് മലിനീകരണ നിയന്ത്രണബോര്‍ഡ് കോടതിയില്‍ വ്യക്തമാക്കി.

ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി കൂടുതല്‍ താത്കാലിക ടോയ്‌ലറ്റുകള്‍ ഇഷഫൗണ്ടേഷന്‍ ഒരുക്കിയിട്ടുണ്ടെന്നും ഈ ദിവസങ്ങളില്‍ ഇവിടെയുണ്ടാകുന്ന മലിനജലം കോയമ്പത്തൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്റെ ശുചീകരണ പ്ലാന്റിലേക്ക് കൊണ്ടുപോകുമെന്നും ടി.എന്‍.പി.സി.ബി പറഞ്ഞു.

അതേസമയം ശബ്ദമലിനീകരണത്തിന്റെ കാര്യത്തില്‍ ബോര്‍ഡ് നിഷ്‌കര്‍ഷിച്ചിട്ടുള്ള 75 ഡെസിബലില്‍ കൂടരുതെന്ന് കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ഇത് 75 ഡെസിബലില്‍ കൂടുതലായിരുന്നു എന്നാണ് ടി.എന്‍.പി.സി.ബിയുടെ കണ്ടെത്തല്‍.

ഇഷ ഫൗണ്ടേഷന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സതീശ് പരാശരനും ഹരജിക്കാരന് വേണ്ടി അഡ്വ. യോഗേശ്വരരനും കോടതിയില്‍ ഹാജരായി.

ഫെബ്രുവരി 26 ന് നടക്കുന്ന ഇഷ ഫൗണ്ടേഷനിലെ ശിവരാത്രി ആഘോഷത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് മുഖ്യാഥിതി.

content highlights: Dismissed petition citing noise and water pollution; Isha Foundation allowed to conduct Shivaratri celebrations