മുട്ടത്ത് വര്‍ക്കിയുടെ നോവലിനെ ആസ്പദമാക്കി ഡെന്നിസ് ജോസഫ് എഴുതിയ തിരക്കഥയില്‍ ടി.എസ്. സുരേഷ്ബാബു സംവിധാനം ചെയ്ത ചിത്രമാണ് കോട്ടയം കുഞ്ഞച്ചന്‍. മമ്മൂട്ടി കോട്ടയം കുഞ്ഞച്ചനായി എത്തിയ ചിത്രത്തില്‍ രഞ്ജിനി, ഇന്നസെന്റ്, കെ.പി.എ.സി. ലളിത എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 1990ല്‍ പുറത്തിറങ്ങിയ ചിത്രം വലിയ വിജയമായിരുന്നു.
കുഞ്ഞച്ചനായി വീണ്ടും അഭിനയിക്കാന്‍ മമ്മൂട്ടിക്ക് താത്പര്യമുണ്ടെന്നും ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും പലപ്പോഴും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എങ്കിലും പിന്നീട് കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തേക്ക് വരാന്‍ തനിക്ക് താത്പര്യമില്ലെന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകനായ ടി.എസ്. സുരേഷ്ബാബു.
കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ചെയ്യണമായിരുന്നെങ്കില്‍ പത്ത് വര്‍ഷം മുന്നേ വേണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. താനും എഴുത്തുകാരന്‍ ഡെന്നീസും രണ്‍ജി പണിക്കരും സിനിമക്ക് വേണ്ടി ഇരുന്നിട്ടുണ്ടെങ്കിലും ഒന്നും വര്‍ക്ക് ഔട്ട് ആയില്ലെന്നും അതുകൊണ്ടാണ് ചിത്രം പെന്‍ഡിങ്ങില്‍ ആയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മമ്മൂട്ടി വിളിച്ച് മറ്റൊരു പാര്‍ട്ടിക്ക് ആ ചിത്രത്തിന്റെ രണ്ടാം ഭാഗം ചെയ്യാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചെന്നും അപ്പോള്‍ മമ്മൂട്ടിക്ക് ഇഷ്ടമുള്ളത് ചെയ്തുകൊള്ളാന്‍ താന്‍ പറഞ്ഞെന്നും സുരേഷ്ബാബു വ്യക്തമാക്കി. ചിത്രത്തിന്റെ റൈറ്റ്‌സ് തനിക്കും മുട്ടത്ത് വര്‍ക്കിക്കും ഡെന്നീസിനുമാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൂക്കേഴ്‌സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ എന്തായാലും കോട്ടയം കുഞ്ഞച്ചന്‍ 2ലേക്ക് ഇല്ല. അത് ഞാന്‍ അന്നും പറഞ്ഞു, ഇന്നും പറയുന്നു. കാരണം കുഞ്ഞച്ചന്‍ ചെയ്യണമെങ്കില്‍ ഒരു പത്ത് വര്‍ഷം മുമ്പേ ചെയ്യണമായിരുന്നു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. കോട്ടയം കുഞ്ഞച്ചന്‍ 2 ഓടുമെന്ന് മമ്മൂക്ക അപ്പോഴും പറഞ്ഞിരുന്നു.
ഞാനും ഡെന്നിസും ഒരിക്കല്‍ ഒന്ന് ഇരുന്ന് നോക്കിയായിരുന്നു. പിന്നെ അതങ്ങോട്ട് വര്‍ക്ക് ആയില്ല. പിന്നെ ഡെന്നീസും രഞ്ജി പണിക്കരും കൂടെ ഒരു മാസം ഇരുന്ന് നോക്കി. ഡെന്നിസ് കഥയുണ്ടാക്കി രണ്‍ജി പണിക്കര്‍ ഡയലോഗ് എഴുതാം എന്ന രീതിയില്‍. പക്ഷെ അതും വിചാരിച്ച രീതിയില്‍ വര്‍ക്ക് ഔട്ട് ആയില്ല. അതുകൊണ്ടാണ് ആ സിനിമയുടെ രണ്ടാം ഭാഗം പെന്‍ഡിങ് ആയത്.
അതിന് ശേഷം മമ്മൂക്ക എന്നെ വിളിച്ച് പറഞ്ഞു രണ്ടാം ഭാഗം ചെയ്യാന്‍ താത്പര്യം കാണിച്ച് ഇതുപോലെ ഒരു പാര്‍ട്ടി വന്നിട്ടുണ്ട് എന്താ ചെയ്യേണ്ടതെന്ന്. ഞാന്‍ പറഞ്ഞു മമ്മൂക്ക ഇത് എടുത്തോ എനിക്ക് ഒരു പ്രശ്‌നവും ഇല്ലെന്ന്. സത്യത്തില്‍ ആ സിനിമയുടെ റൈറ്റ്‌സ് എനിക്കും മുട്ടത്ത് വര്‍ക്കിക്കും പിന്നെ ഡെന്നീസിനും ഉണ്ട്. ഇത്രയും പേര്‍ക്കാണ് അതിന്റെ റൈറ്റ്. അല്ലാതെ വേറെ ആര്‍ക്കും അതിന്റെ യാതൊരു റൈറ്റും ഇല്ല.
പക്ഷെ അവര്‍ അതിന്റെ സ്‌ക്രിപ്റ്റ് എന്തോ വര്‍ക്ക് ചെയ്യുന്നുണ്ടെന്ന് പറഞ്ഞു. അതെന്തായെന്ന് എനിക്കറിയില്ല. കോട്ടയം കുഞ്ഞച്ചന്‍ 2 നടക്കുന്നെങ്കില്‍ നടക്കട്ടേയെന്ന് ഞാന്‍ പറഞ്ഞു. അതില്‍ എനിക്ക് ഒരു ഒബ്‌ജെക്ഷനും ഇല്ലായിരുന്നു. അങ്ങനെ ഒരു സംഭവം എടുത്താല്‍ സന്തോഷം,’ ടി. എസ് സുരേഷ്ബാബു പറയുന്നു.
Content Highlight: Director T.S. Suresh Babu Says He Is Not Interested To Do Second Part Of Kottayam Kunjachan Movie