Advertisement
Entertainment
ബിജു മേനോന്‍ ചെയ്ത ആ കഥാപാത്രത്തിലേക്ക് ഞാന്‍ ആഗ്രഹിച്ചത് മമ്മൂട്ടിയെയായിരുന്നു: സോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 11, 04:45 pm
Wednesday, 11th December 2024, 10:15 pm

വൈക്കം മുഹമ്മദ് ബഷീര്‍, മാധവിക്കുട്ടി, എം.ടി. വാസുദേവന്‍ നായര്‍ എന്നിവര്‍ എഴുതിയ മൂന്ന് കഥകളെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ ആന്തോളജി ചിത്രമാണ് കഥവീട്. സോഹന്‍ലാല്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം 2013ലായിരുന്നു പുറത്തിറങ്ങിയത്.

കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, ഋതുപര്‍ണ സെന്‍ഗുപ്ത, ഭാമ, മനോജ് കെ. ജയന്‍, ലാല്‍, മല്ലിക, കലാഭവന്‍ ഷാജോണ്‍ എന്നിവരായിരുന്നു ഈ ആന്തോളജി ചിത്രത്തില്‍ എത്തിയത്.

എന്നാല്‍ ഇതില്‍ ബിജു മേനോന്‍ ചെയ്ത ബാലചന്ദ്രന്‍ എന്ന കഥാപാത്രത്തിലേക്ക് താന്‍ ആദ്യം ആഗ്രഹിച്ചത് മമ്മൂട്ടിയെ ആയിരുന്നെന്ന് പറയുകയാണ് സംവിധായകന്‍ സോഹന്‍ലാല്‍. മാസ്റ്റര്‍ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ കഥവീട് എന്ന സിനിമയുടെ സമയത്ത് ഒരു തവണ മമ്മൂക്കയെ കണ്ടിരുന്നു. അതില്‍ ബിജു മേനോന്‍ ചെയ്ത കഥാപാത്രത്തിനായി ഞാന്‍ ആദ്യം ആഗ്രഹിച്ചിരുന്നത് അദ്ദേഹത്തിനെയായിരുന്നു. മാധവികുട്ടിയുടെ നെയ്പായസത്തിലെ ആ കഥാപാത്രത്തിലേക്ക് മമ്മൂക്ക വേണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു.

അദ്ദേഹം അന്ന് ഷാജി കൈലാസിന്റെ ഏതോ ഒരു സിനിമയുടെ ഷൂട്ടിങ്ങിലായിരുന്നു. അതിന്റെ ഭാഗമായിട്ട് ടെക്‌നോപാര്‍ക്കിലെ ലൊക്കേഷനിലായിരുന്നു ഉണ്ടായിരുന്നത്. അന്ന് കഥവീടിന്റെ കാര്യം പറയാനായി ഞാന്‍ നേരെ അവിടേക്ക് പോയി. അന്ന് വളരെ നന്നായിട്ടാണ് മമ്മൂക്ക എന്നോട് പെരുമാറിയത്.

കഥ കേട്ട് കഴിഞ്ഞതും അദ്ദേഹം ആ കഥാപാത്രം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞു. ഇപ്പോള്‍ കേരള കഫേ എന്ന ഒരു ആന്തോളജി സിനിമ ചെയ്തിട്ടേയുള്ളുവെന്നും അതുകൊണ്ട് മറ്റൊരു പടം പ്ലാന്‍ ചെയ്തിട്ട് വരൂവെന്നും പറഞ്ഞു. മമ്മൂക്ക അന്ന് പറഞ്ഞത് ഇപ്പോഴും എന്റെ മനസിലുണ്ട്. പക്ഷെ ഇന്നുവരെ അങ്ങനെയൊരു സിനിമക്കുള്ള കഥ കിട്ടിയിട്ടില്ല,’ സോഹന്‍ലാല്‍ പറയുന്നു.

Content Highlight: Director Sohanlal Talks About Kadhaveedu Movie