പുതിയ തലമുറയില്‍ പെട്ടവര്‍ക്ക് നല്ല ബുദ്ധിയാണെന്ന് സംവിധായകന്‍ സിബി മലയില്‍. അവര്‍ക്ക് ആരുടെയും കീഴില്‍ പോയി പഠിക്കേണ്ട ആവശ്യമില്ലെന്നും പല സാങ്കേതിക വിദ്യയും അവര്‍ക്കാറിയാമെന്നും അതിനാല്‍ സിനിമ പഠിക്കാന്‍ പുതിയ തലമുറക്ക് എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
വളരെ ഫ്രഷായി സിനിമയില്‍ വരുന്ന ആളുകള്‍ ഉണ്ടെന്നും അവരൊക്കെ സ്വന്തമായിട്ടാണ് സിനിമയെ കുറിച്ച് പഠിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ കുട്ടികള്‍ പല വഴികള്‍ ഉപയോഗിച്ചിട്ടാണ് കാര്യങ്ങള്‍ പഠിക്കുന്നതെന്നും റീല്‍സ് കണ്ടിട്ട് വരെ സിനിമ ചെയ്യുന്നവരുണ്ടെന്നും സിബി മലയില്‍ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്.
‘എന്റെ ശിക്ഷ്യന്‍മാരൊന്നും അധികം പേര്‍ ഇപ്പോള്‍ സിനിമയിലില്ല. എന്റെ കൂടെ വര്‍ക്ക് ചെയ്തവരില്‍ മൂന്നോ നാലോ പേര് മാത്രമാണ് സ്വതന്ത്ര സംവിധായകരായിട്ടുള്ളു. എന്നാല്‍ ഇന്ന് സിനിമയിലെ രീതികളൊക്കെ മാറി. എവിടെയെങ്കിലും ചെയ്ത് പരിശീലിച്ച രീതിയിലല്ല അവര്‍ സിനിമകള്‍ ചെയ്യുന്നത്. ആരുടെയും കീഴില്‍ നിന്നും പഠിച്ചിട്ടല്ല ഇപ്പോഴത്തെ പിള്ളാരൊന്നും സിനിമയിലേക്ക് വരുന്നത്.
വളരെ ഫ്രഷായി വന്ന് സിനിമ ചെയ്യുന്നവരും സിനിമയിലുണ്ട്. കാരണം അവര്‍ക്കൊക്കെ സിനിമയെ കുറിച്ച് പഠിക്കാന്‍ ഒരുപാട് സാഹചര്യങ്ങളുണ്ടല്ലോ ഇപ്പോള്‍. അക്കൂട്ടത്തില്‍ ഫോര്‍ട്ട് ഫിലിമൊക്കെ ചെയ്യുന്നവരുമുണ്ട്. അല്ലെങ്കില്‍ ഇപ്പോള്‍ കാണുന്നില്ലേ, റീല്‍സ് പോലും കണ്ടിട്ട് സിനിമ ചെയ്യുന്നവരുമുണ്ട്. അതിന്റെ അര്‍ത്ഥമെന്താണ്, ഇപ്പോഴത്തെ കുട്ടികള്‍ പല വഴികളിലൂടെ കാര്യങ്ങള്‍ പഠിക്കുന്നുണ്ട്.
പിന്നെ അത്ര വലിയ പരിശീലനമോ കാര്യങ്ങളോ ഒന്നും തന്നെയില്ലെങ്കിലും ഇപ്പോഴത്തെ ചെറുപ്പകാര്‍ക്ക് നല്ല ബുദ്ധിയുണ്ട്. ഈ ലോകത്ത് അവര്‍ കാണാത്ത അവര്‍ക്ക് അറിയാത്ത സാങ്കേതികതയില്ലല്ലോ. അങ്ങനെ ആ സാങ്കേതിക വിദ്യയൊക്കെ ഉപയോഗിച്ച് അവര്‍ കാര്യങ്ങളൊക്കെ മനസിലാക്കുന്നുണ്ട്,’ സിബി മലയില്‍.
ആസിഫ് അലിയെ നായകനാക്കി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കൊത്താണ് സിബി മലയിലിന്റെ ഏറ്റവും പുതിയ സിനിമ. നിഖില വിമല്‍, റോഷന്‍ മാത്യു, രഞ്ജിത് തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാതലത്തിലാണ് ആ സിനിമ ചെയ്തത്. തിയേറ്ററില്‍ മികച്ച അഭിപ്രായങ്ങള്‍ നേടാന്‍ സിനിമക്ക് കഴിഞ്ഞു.
content highlight: director sibi malayil talks about new film makers