ഇന്ത്യന്‍ സിനിമയിലെ മാസ്റ്റര്‍ സംവിധായകരിലൊരാളാണ് ഷങ്കര്‍. ജെന്റില്‍മാന്‍ എന്ന ആദ്യചിത്രത്തിലൂടെ തന്നെ തന്റെ റേഞ്ച് എന്താണെന്ന് ഷങ്കര്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് ബ്രഹ്‌മാണ്ഡ ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമയുടെ നെറുകയില്‍ ഷങ്കര്‍ സ്ഥാനമുറപ്പിച്ചു. അന്യന്‍, എന്തിരന്‍, മുതല്‍വന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഇന്‍ഡസ്ട്രിയല്‍ ഹിറ്റുകളായി മാറ്റാന്‍ ഷങ്കറിന് സാധിച്ചു.
കഴിഞ്ഞവര്‍ഷം ഏറ്റവും വലിയ പണംവാരിചിത്രമായി മാറിയ പുഷ്പയെക്കുറിച്ച് സംസാരിക്കുകയാണ് ഷങ്കര്‍. താന്‍ ആ ചിത്രം കണ്ടെന്നും തനിക്ക് അത് ഇഷ്ടമായെന്നും ഷങ്കര്‍ പറഞ്ഞു. പുഷ്പ എന്ന കഥാപാത്രത്തിന്റെ ഓരോ ഘട്ടത്തിലുമുള്ള വളര്‍ച്ച സംവിധായകന്‍ സുകുമാര്‍ വളരെ വ്യക്തമായി എഴുതിവെച്ചിട്ടുണ്ടെന്നും ഷങ്കര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലുള്ളവരും ആദ്യഭാഗം കണ്ടെന്നും അവര്‍ക്കെല്ലാം ആ കഥാപാത്രത്തെ വളരെയധികം ഇഷ്ടമായെന്നും ഷങ്കര്‍ പറഞ്ഞു. പ്രതീക്ഷിച്ചതിലും അപ്പുറം പുഷ്പ 1 കളക്ട് ചെയ്‌തെന്നും ആ കാരണം കൊണ്ട് രണ്ടാം ഭാഗത്തിന് മേലെ പ്രേക്ഷകര്‍ വലിയ പ്രതീക്ഷ വെച്ചുപുലര്‍ത്തിയെന്നും ഷങ്കര്‍ കൂട്ടിച്ചേര്‍ത്തു.
ആ പ്രതീക്ഷകളെ കാക്കാന്‍ രണ്ടാം ഭാഗത്തിന് സാധിച്ചെന്നും പുഷ്പ എന്ന കഥാപാത്രത്തിന്റെ റീച്ച് ഇരട്ടിയാക്കാന്‍ രണ്ടാം ഭാഗത്തിന് കഴിഞ്ഞെന്നും ഷങ്കര്‍ പറഞ്ഞു. ആദ്യഭാഗത്തെക്കാള്‍ മികച്ച രീതിയിലാണ് പുഷ്പ 2 അണിയിച്ചൊരുക്കിയതെന്നും കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയമായി പുഷ്പ 2 മാറിയെന്നും ഷങ്കര്‍ കൂട്ടിച്ചേര്‍ത്തു. ആദ്യഭാഗത്തോട് നീതിപുലര്‍ത്തിയ സീക്വലാണ് പുഷ്പ 2വെന്നും ഷങ്കര്‍ പറഞ്ഞു. സിനിമാവികടനോട് സംസാരിക്കുകയായിരുന്നു ഷങ്കര്‍.
‘പുഷ്പ 2 ഞാന്‍ കണ്ടു. എനിക്ക് ആ സിനിമ ഇഷ്ടപ്പെട്ടു. എനിക്ക് മാത്രമല്ല, സിനിമ കണ്ട പലര്‍ക്കും അത് വളരെയധികം ഇഷ്ടമായി. ആ സിനിമയുടെ ആദ്യഭാഗം വലിയ ഹിറ്റായിരുന്നല്ലോ. വലിയ റീച്ചും ആ സിനിമക്ക് കിട്ടിയിരുന്നു. അതിന്റെ അണിയറപ്രവര്‍ത്തകര്‍ പോലും അത്രയും വലിയ റീച്ച് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് തോന്നുന്നു.
രണ്ടാം ഭാഗം അതിലും വലുതായി ചെയ്യാന്‍ അവരെ തീരുമാനിപ്പിച്ചത് ആ ഒരു കാരണം കൊണ്ടാണ്. പുഷ്പ എന്ന ക്യാരക്ടറിന്റെ എഴുത്ത് വളരെ ശ്രദ്ധാപൂര്‍വമാണ് സംവിധായകന്‍ ചെയ്തുവെച്ചത്. ആ ക്യാരക്ടറിന്റെ ഇമോഷനുകളും വളര്‍ച്ചയും എല്ലാം സുകുമാര്‍ വളരെ ബ്രില്യന്റായി ഒരുക്കിയിട്ടുണ്ട്. രണ്ടാം ഭാഗം കഴിഞ്ഞവര്‍ഷത്തെ വലിയ ഹിറ്റായി മാറിയല്ലോ. പ്രേക്ഷകരുടെ പ്രതീക്ഷകളോട് നീതി പുലര്‍ത്താന്‍ ആ സിനിമക്ക് സാധിച്ചിട്ടുണ്ട്. നല്ല കാര്യമാണ് അതൊക്കെ,’ ഷങ്കര്‍ പറയുന്നു.
Content Highlight: Director Shankar saying Pushpa 2 justifies the expectations of audience