മല്ലു സിങ്ങായി മനസില്‍ കണ്ടത് മോഹന്‍ലാലിനെ, വര്‍ക്കാകില്ലെന്ന് അയാള്‍ പറഞ്ഞതോടെ ഉപേക്ഷിച്ചു: സേതു
Entertainment
മല്ലു സിങ്ങായി മനസില്‍ കണ്ടത് മോഹന്‍ലാലിനെ, വര്‍ക്കാകില്ലെന്ന് അയാള്‍ പറഞ്ഞതോടെ ഉപേക്ഷിച്ചു: സേതു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 9th September 2024, 4:22 pm

ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റിലൂടെ സിനിമയിലേക്ക് വരവറിയിച്ചവരായിരുന്നു സച്ചി- സേതു കോമ്പോ. പിന്നീട് ഇരുവരും തിരക്കഥയൊരുക്കിയ മിക്ക സിനിമകളും സൂപ്പര്‍ഹിറ്റായി മാറി. 2011ല്‍ റിലീസായ ഡബിള്‍സിന് ശേഷം ഇരുവരും പിരിഞ്ഞു. പിരിഞ്ഞതിന് ശേഷം സേതു സ്വന്തമായി തിരക്കഥയൊരുക്കിയ ചിത്രമായിരുന്നു മല്ലു സിങ്.

വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഉണ്ണിമുകുന്ദന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരായിരുന്നു പ്രധാന താരങ്ങള്‍. കുഞ്ചാക്കോ ബോബന്റെ 50ാമത് ചിത്രമായി പുറത്തിറങ്ങിയ മല്ലു സിങ് വന്‍ വിജയമായി മാറി. ബിജു മേനോന്‍, മനോജ് കെ. ജയന്‍ എന്നിവരും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിനെക്കുറിച്ചും സച്ചിയുമായി പിരിഞ്ഞതിനെക്കുറിച്ചും സംസാരിക്കുകയാണ് സേതു. താനും സച്ചിയും ചേര്‍ന്ന് അഞ്ച് സിനിമകള്‍ ചെയ്‌തെന്നും നാലും സൂപ്പര്‍ഹിറ്റായിരുന്നെന്നും സേതു പറഞ്ഞു.

എന്നാല്‍ പിന്നീട് കഥകള്‍ പരസ്പരം അംഗീകരിക്കാന്‍ പറ്റാത്തതുകൊണ്ട് തങ്ങള്‍ പിരിയുകയായിരുന്നുവെന്ന് സേതു കൂട്ടിച്ചേര്‍ത്തു. മല്ലു സിങ്ങിന്റെ കഥ താന്‍ ആദ്യം സച്ചിയോട് പറഞ്ഞിരുന്നെന്നും അന്ന് തന്റെ മനസില്‍ മോഹന്‍ലാലായിരുന്നു നായകനെന്നും സേതു പറഞ്ഞു. എന്നാല്‍ സച്ചിക്ക് ആ കഥ സ്വീകാര്യമാകാത്തത് കൊണ്ട് ആ സമയത്ത് ഉപേക്ഷിച്ചുവെന്നും സേതു കൂട്ടിച്ചേര്‍ത്തു. മാസ്റ്റര്‍ ബിന്നിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചോക്ലേറ്റ് അടക്കം അഞ്ച് സിനിമകള്‍ ഞാനും സേതുവും ഒരുമിച്ചിട്ടുണ്ട്. അതില്‍ നാലും സൂപ്പര്‍ഹിറ്റായിരുന്നു. നാല് സിനിമ ഹിറ്റായപ്പോള്‍ ഇനി ഒറ്റക്കൊറ്റക്ക് എഴുതാം എന്ന് തീരുമാനിച്ചതല്ല. ഞങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്യുന്ന കഥകള്‍ പരസ്പരം അക്‌സപ്റ്റ് ചെയ്യാന്‍ പറ്റാത്ത അവസ്ഥ വന്നതുകൊണ്ട് വെവ്വേറെ എഴുതാമെന്ന് തീരുമാനിച്ചതാണ്. ഞാന്‍ പറഞ്ഞ പല കഥകളും സച്ചിക്കും, അയാള്‍ പറഞ്ഞ കഥകള്‍ എനിക്കും വര്‍ക്കാകാതിരുന്നിട്ടുണ്ട്.

അതിലൊന്നാണ് മല്ലു സിങ്ങിന്റെ കഥ. ആ കഥ രണ്ട് ദിവസം ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇന്ന് കാണുന്ന രീതിയിലല്ലായിരുന്നു ആ കഥ അന്ന്. കേരളത്തിലും പഞ്ചാബിലുമായി നടക്കുന്ന കഥ. മോഹന്‍ലാലിനെയായിരുന്നു മനസില്‍ കണ്ടത്. പക്ഷേ അതിന് വേണ്ടി മോഹന്‍ലാല്‍ താടി വളര്‍ത്തണമെന്നും കുറേ ബജറ്റ് വേണ്ടി വരുമെന്നൊക്കെ പറഞ്ഞ് സച്ചി എന്നെ പിന്തിരിപ്പിച്ചു. ആ കഥ വര്‍ക്കാകില്ലെന്നും അയാള്‍ പറഞ്ഞു. അതുപോലെ സച്ചി എന്നോട് പറഞ്ഞ റണ്‍ ബേബി റണ്ണിന്റെ കഥ എനിക്കും വര്‍ക്കായില്ല,’ സേതു പറഞ്ഞു.

Content Highlight: Director Sethu saying that Mallu Singh was initially planned for Mohanlal